വി. യൗസേപ്പിതാവ് തന്റെ അമ്മ മരിക്കുന്നതിനു മുമ്പ് അമ്മയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് എന്തിനുവേണ്ടിയാണ്

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 21/100

ജോസഫിന് പതിനെട്ടു വയസ്സുള്ളപ്പോൾ ദൈവികപദ്ധതിയാൽ അവന്റെ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞു. വളരെ ഗുരുതരമായ കഠിനവേദനയുളവാക്കുന്ന ഒരു രോഗത്തിന് കുറെക്കാലം അവന്റെ അമ്മ ഇരയായിത്തീർന്നു. എല്ലാ വീഴ്ചകളിൽനിന്നും വിശുദ്ധീകരിച്ച് നീതിമാന്മാരോടൊത്തു നിത്യസൗഭാഗ്യത്തിന് അവളെ അർഹയാക്കുവാൻ ദൈവം തിരുമനസ്സായി. അബ്രാഹത്തിന്റെ മടിയിൽ നിത്യവിശ്രമം കൊള്ളുവാൻ തന്റെ മാതാപിതാക്കന്മാരെ അർഹരാകണമേയെന്നുള്ള ജോസഫിന്റെ നിരന്തരമായ പ്രാർത്ഥനയുടെ ഫലമായിട്ടാണ് പ്രധാനമായും അവൾക്ക് ഈ കൃപ ലഭിച്ചത്. തന്റെ മാതാവിന് ഏറ്റവും നല്ല ശുശ്രൂഷ ജോസഫ് നല്കി. അവളുടെ വേദനയിൽ അവളെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അവളുടെ ദുരിതപൂർണ്ണമായ ഈ രോഗാവസ്ഥ സഹിക്കാനുള്ള ക്ഷമ നല്കണമേയെന്ന് അവൻ നിരന്തരം ദൈവത്തോട് യാചിച്ചിരുന്നു.

ഈ യുവ വിശുദ്ധൻ അനേകം രാത്രികൾ തന്റെ അമ്മയുടെ അടുത്ത് അവളെ ശുശ്രൂഷിച്ചും അവൾക്കായി പ്രാർത്ഥിച്ചും ചെലവഴിച്ചു. മുൻകാലങ്ങളിൽ അവനോട് പ്രദർശിപ്പിക്കുന്ന കരുതലിന് അവൻ നന്ദിയർപ്പിച്ചിരുന്നു; എന്നാൽ അവളുടെ ഈ അവസാനനാളുകളിൽ അവന്റെ പെരുമാറ്റം വളരെ സ്തുത്യർഹമായിരുന്നു. അവളെ പിരിഞ്ഞിരിക്കാൻ അവൻ ആഗ്രഹിച്ചില്ല. ശുശ്രൂഷകളിൽ അവന് ഒരു മടുപ്പും അനുഭവപ്പെട്ടതുമില്ല. നിഷ്കളങ്കവും ശിശുതുല്യവുമായ അവന്റെ സ്നേഹത്താൽ അവളെ ആശ്വസിപ്പിച്ചിരുന്നു. ഈ ഉന്നതമായ സാമാശ്വാസം അനുഭവിച്ച് അവൾ തന്റെ മകനെ പിന്നെയും പിന്നെയും അനുഗ്രഹിച്ചിരുന്നു. ഒപ്പം തന്റെ ഈ അനുഗ്രഹാശിസ്സുകളെ അവിടുത്തെ അനുഗ്രഹങ്ങൾ ചേർത്ത് പൂർണ്ണമാക്കണമേയെന്ന് ദൈവത്തോടു യാചിച്ചിരുന്നു.

അവളുടെ മരണത്തിന് ഒരു ദിവസം മുമ്പ് ജോസഫ് അവളുടെ അരികിൽ മുട്ടുകുത്തി. ഏതെങ്കിലും വിധത്തിൽ അവളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു ക്ഷമചോദിക്കുകയും അമ്മയുടെ അനുഗ്രഹം യാചിക്കുകയും ചെയ്തു. നല്ലവളായ ആ അമ്മ അവനെ അനുഗ്രഹിക്കുകയും ദൈവസ്നേഹത്തിലും അവിടുത്തേക്കുള്ള ശുശ്രൂഷയിലും ഇപ്പോൾ എന്നതുപോലെ തുടർന്നും വളർന്നുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവൾക്കു നല്കിയ എല്ലാ ശുശ്രൂഷകൾക്കും ആശ്വാസങ്ങൾക്കും അവൾ അവനോടു നന്ദി പറഞ്ഞു. പൂർവ്വപിതാക്കൻമാരോടൊപ്പം അവളുടെ ആത്മാവും നിത്യാനന്ദത്തിലേക്കു പ്രവേശിക്കുമെന്നുള്ള തന്റെ ഉറപ്പും പ്രതീക്ഷയും ജോസഫ് പ്രകടിപ്പിച്ചു. തൽഫലമായി അവൾ മരണത്തെ സ്വാഗതം ചെയ്യുവാൻ പ്രാപ്തയായി.

ജോസഫിന്റെ ഈ വാക്കുകൾ അവൾക്ക് വളരെയധികം ആശ്വാസജനകമായിത്തീർന്നു! വീണ്ടും വീണ്ടും അവൾ അവനെ അനുഗ്രഹിച്ചു. ദൈവത്തോട് അവിടുത്തെ അനുഗ്രഹത്താൽ തന്റെ ഈ അനുഗ്രഹത്തെ പരിപൂർണ്ണമാക്കണമെയെന്നു യാചിച്ചുകൊണ്ടിരുന്നു. ദൈവം അവളുടെ യാചന ശ്രവിച്ചു എന്നതിന്റെ അടയാളമായി ജോസഫിന്റെമേൽ ഒരു മിന്നലൊളി അല്പനേരത്തേക്ക് പ്രകാശിച്ചു. പരസ്പരം ആശ്വസിപ്പിക്കപ്പെട്ട് അവരൊന്നിച്ച് ദൈവത്തിന്റെ അനന്തമായ കൃപാതിരേകത്തിന് നന്ദിയർപ്പിച്ചു. അവളുടെ നില പെട്ടെന്നു വഷളായിത്തീർന്നു, മരണത്തിന്റെ സമയം ആഗതമായി.  അവളുടെ മകൻ അവളുടെ അടുത്തുനിന്ന് മാറിയില്ല. മരണംവരെയും അവൻ അവളോടു ചേർന്നുനിന്നു. അമ്മയ്ക്കു മാത്രമല്ല, തന്റെ സുകൃതസമ്പന്നയായ ജീവിതസഖിയുടെ വേർപാടിൽ അതീവദുഃഖിതനായിരുന്ന പിതാവിനും അവന്റെ വലിയൊരാശ്വാസമായിരുന്നു.

അമ്മയുടെ മരണാനന്തര ശുശ്രൂഷകൾ കഴിഞ്ഞപ്പോൾ മുറിയിലെത്തി തന്റെ ദുഖവും കണ്ണുനീരുമെല്ലാം ദൈവത്തിന്റെ മുമ്പിൽ തുറന്നുവച്ച് ആശ്വാസം പ്രാപിച്ചു. അമ്മയ്ക്കുവേണ്ടി താനർപ്പിച്ച പ്രാർത്ഥനകളും അപേക്ഷകളും ദൈവസന്നിധിയിൽ സ്വീകാര്യമായി എന്ന് അവൻ ശ്രവിച്ചിരുന്ന ആന്തരികശബ്ദം വീണ്ടും അവന് ഉറപ്പുനൽകി. ഇത് അവനെ പൂർണ്ണമായും അമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽനിന്നു മോചിപ്പിച്ചു. ദൈവത്തിന് നന്ദിയർപ്പിച്ചശേഷം അവൻ തന്റെ പിതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ജോസഫിന്റെ സാന്ത്വനവചസ്സുകൾ ശക്തിയും ധൈര്യവും വീണ്ടെടുക്കാൻ പിതാവിനെ സഹായിച്ചു. 

അടുത്ത രാത്രിയിൽ മാലാഖ ജോസഫിനോട് സംസാരിച്ചു. അവന്റെ അമ്മ ലിബോയിലാണെന്നും ഏറെത്താമസിയാതെ തന്റെ പിതാവിനെയും ദൈവം എടുക്കാൻ പോകുകയാണെന്നും അറിയിച്ചു. അതിനാൽ ഭയപ്പെടാതെ, ദൈവതിരുമനസ്സിനോട് തന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കണമെന്നും എല്ലാ സംഭവങ്ങളിലും ദൈവം തന്നെ അവനെ എപ്പോഴും കാത്തു സംരക്ഷിച്ചുകൊള്ളുമെന്നും മുന്നറിയിപ്പു നല്കി.

അമ്മയുടെ വേർപാടിന്റെ ദുഃഖത്തിൽ ആന്തരികമായ ആശ്വാസം കണ്ടെത്തിയെങ്കിലും പിതാവിന്റെ ആസന്നമായ വേർപാടിനെക്കുറിച്ചുള്ള മുന്നറിയിപ്പിനാൽ ജോസഫ് ആകുകനായിത്തീർന്നു. ദൈവതിരുമനസ്സിനു അവൻ പൂർണ്ണമായും തന്നെത്തന്നെ ഭരമേല്പിച്ചു. വേർപാടമൂലം ഉണ്ടാകുന്ന വിഷമതകൾ സഹിക്കുവാൻ അവൻ തന്നെത്തന്നെ ശക്തിപ്പെടുത്തി. മാനുഷികമായി അവൻ വളരെയധികം വേദനിച്ചിരുന്നെങ്കിലും മാലാഖ ഉറപ്പു നല്കിയ ദൈവപരിപാലനയിൽ അവൻ വിശ്വാസമർപ്പിച്ചു. ദൈവതൃക്കരങ്ങളിൽനിന്ന് വരുന്നതുപോലെ ഓരോന്നും ഹൃദയവിശാലതയോടും ക്ഷമയോടുകൂടി സ്വീകരിക്കുവാൻ അവൻ ആത്മാവിൽ ദൃഢചിത്തനായി.

താമസംവിനാ ജോസഫിന്റെ പിതാവ് മാരകമാവിധം രോഗാതുരനായിത്തീർന്നു. അമ്മയുടെ രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ജോസഫും വളരെ ക്ഷീണിതനായിത്തീർന്നിരുന്നു. ഇവിടെ പിതാവിന്റെ ഗുരുതരമായ ഈ രോഗാവസ്ഥയുംകുടി വന്നപ്പോൾ അവൻ ഒന്നുകൂടി തളർന്നു. അവൻ ദൈവകൃപയ്ക്കായും പിതാവിനെ ഈ രോഗാവസ്ഥയിൽ ശുശ്രൂഷിക്കുന്നതിനാവശ്യമായ ശക്തിയും ബലവും ലഭിക്കാനായും ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിച്ചു.ദൈവം അവന്റെ പ്രാർത്ഥന സ്വീകരിച്ചു. പിതാവിന്റെ രോഗാവസ്ഥയിൽ അവനെ ശുശ്രൂഷിക്കാനാവശ്യമായ ശക്തിയും ആരോഗ്യവും അവനു പ്രദാനം ചെയ്തു. രോഗത്തിന്റെ എല്ലാ വിഷമതകളും ബുദ്ധിമുട്ടുകളും ക്ഷമയോടെ സഹിക്കുവാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടും വാത്സല്യത്തോടെ ശുശ്രൂഷിച്ചുകൊണ്ടും രാവും പകലും അവൻ പിതാവിനോടൊത്തായിരുന്നു. കഷ്ടപ്പാടുകളുടെയും പരീക്ഷണങ്ങളുടെയും നടുവിൽ ജോസഫിനെ തനിച്ചാക്കി താൻ കടന്നുപോകേണ്ടിവരുമെന്ന ചിന്ത പിതാവിനെയും കൂടുതൽ ദുഃഖാർത്തനാക്കി.

എല്ലാ ആവശ്യങ്ങളിലും അവൻ ദൈവത്തിലാണ് ആശ്രയം വച്ചത്. അതിനാൽ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ അദ്ദേഹത്തിന് മരിക്കുവാൻ കഴിയുമെന്ന് ജോസഫ് ഉറപ്പുനൽകി. ഇത് രോഗഗ്രസ്തന്റെ ഭയത്തെ ദുരീകരിച്ച് ദൈവാശയത്തിൽ പ്രത്യാശ ജനിപ്പിച്ചു. ജോസഫിനെ ഇത്രമാത്രം സ്നേഹിക്കുന്ന ദൈവം അവനെ കാത്തുപരിപാലിച്ചുകൊള്ളുമെന്ന് അദ്ദേഹത്തിന് നല്ല അടിയുറച്ച ബോദ്ധ്യമുണ്ടായി. 

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles