വി. യൗസേപ്പിതാവ് തന്നെ വേദനിപ്പിച്ചവരോട് എങ്ങനെയാണ് ക്ഷമിച്ചതെന്നും, പെരുമാറിയതെന്നും അറിയാമോ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 19/100

സത്യത്തില്‍, ജോസഫ് എല്ലാറ്റില്‍ നിന്നും അല്പം അകലം പാലിച്ചുള്ള ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഏതെങ്കിലും വിധത്തില്‍ താന്‍ ദൈവത്തിന് അപ്രീതി ജനിപ്പിച്ചേക്കുമോ എന്നുള്ള ചിന്തയാല്‍ നിസ്സാരങ്ങളായ സുഖഭോഗങ്ങള്‍പോലും അവന്‍ ത്യജിച്ചിരുന്നു. പ്രാര്‍ത്ഥനയില്‍ ദൈവം നല്കിയ ദൈവികവെളിപാടനുസരിച്ചാണ് ജോസഫ് അപ്രകാരമുള്ള താപസികജീവിതം നയിച്ചത്. ദൈവത്തിന് ഏറ്റം പ്രിയങ്കരനായിത്തീരുവാന്‍ അവന്‍ ആഗ്രഹിക്കുമ്പോള്‍ അതിന് എന്തു ചെയ്യണമെന്ന് ദൈവം അവന് വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ദൈവത്തിന് ഇഷ്ടമാണെന്ന് അവനറിയാവുന്ന എല്ലാ കാര്യങ്ങളും എപ്പോഴും അവന്‍ അനുവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പുറമെ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ പ്രത്യേക താല്പര്യവും കഴിവും ജോസഫ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയുള്ള മനുഷ്യരുമായ ഇടപഴകുമ്പോള്‍ അവന്റെ വാക്കുകളും പ്രവൃത്തികളും വേദന ശമിക്കുവാന്‍ കാരണമായിത്തീരുമായിരുന്നു. തീര്‍ച്ചയായും അവന്‍ എപ്പോഴും ദൈവത്തോട് ആലോചന ചോദിച്ചിരുന്നു. ഒപ്പം അവന്‍ ആരുമായിട്ടാണോ ബന്ധപ്പെടുന്നത് അവരെ ആശ്വസിപ്പിക്കണമേയെന്നും തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്നു. ക്ലേശിതരുടെ ഭാരം കുറയ്ക്കുവാനുള്ള അവന്റെ കഴിവിനെപ്പറ്റി ആ പ്രദേശങ്ങളിലെല്ലാം അറിയപ്പെട്ടിരുന്നു. അതിനാല്‍ വളരെയധികം പേര്‍ അവന്റെ ഭവനത്തില്‍ വന്ന് അവനെ ശ്രവിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ദുഃഖങ്ങള്‍ സഹിക്കുവാന്‍ അവന്‍ എല്ലാവരെയും പ്രോത്സാഹിപ്പിച്ചിരുന്നു. നല്ലതും ആശ്വാസജനകവുമായ കാര്യങ്ങള്‍ ആരില്‍നിന്നാണോ നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്, ആരാണോ തന്റെ ശക്തിയാല്‍ യഥേഷ്ടം കൃപകള്‍ വാരിച്ചൊരിയുന്നത്, ആ ദൈവത്തിന് തങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ അവന്‍ അവരെ ഉദ്‌ബോധിപ്പിച്ചിരുന്നു. ദൈവം തന്റെ കരുണയാല്‍ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ അയയ്ക്കുന്നതിന് തിരുമനസ്സാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അവന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. കാരണം അവര്‍ തങ്ങളുടെ എല്ലാ പ്രതീക്ഷകളും വരാനിരിക്കുന്ന രക്ഷകനിലാണ് അര്‍പ്പിച്ച് കാത്തിരുന്നത്.

ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍പോലും നിറവേറ്റാരന്‍ സാധിക്കാത്തവിധം ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന പലരും ജോസഫിന്റെ അടുക്കല്‍ സഹായമഭ്യര്‍ത്ഥിച്ചു വന്നിരുന്നു. അവന്‍ അവരെ സഹായിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായത് നല്കുവാന്‍ വളരെ എളിമയോടെ അവന്‍ തന്റെ മാതാപിതാക്കന്മാരോട് അപേക്ഷിച്ചിരുന്നു. തങ്ങളുടെ മകന്റെ ആഗ്രഹങ്ങള്‍ അവര്‍ എപ്പോഴും സാധിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

സാധുക്കള്‍ക്ക് ദാനം നല്കുമ്പോള്‍ അവന്‍ അവരോട് പറയുമായിരുന്നു: ‘കണ്ടാലും, നല്ലവനായ ദൈവത്തില്‍നിന്ന് നിങ്ങള്‍ക്ക് എത്രയോ അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്. നിങ്ങളെ സഹായിക്കാന്‍വേണ്ടി ഇവയെല്ലാം ദൈവം എന്റെ പിതാവിന്റെ കരങ്ങളില്‍ ഏല്പിച്ചതാണ്. നിങ്ങള്‍ അതിനെല്ലാം ദൈവത്തിന് നന്ദിയര്‍പ്പിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.’ ഇങ്ങനെയുള്ള ഉപവിപ്രവൃത്തികള്‍ വഴി ദൈവത്തെ മഹത്വപ്പെടുത്താനും തനിക്ക് വന്നേക്കാവുന്ന സ്തുതി ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്ന ഏകലക്ഷ്യത്തോടെ സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ വളരെയധികം ലഭിച്ച ഒരു പാവപ്പെട്ടവന്‍ മാത്രമാണ് താനെന്നാണ് ജോസഫ് തന്നെക്കുറിച്ചു തന്നെ ചിന്തിക്കുന്നത്.

അതിനാല്‍ ഇതില്‍ അത്ഭുതപ്പെടാനില്ല. ദൈവത്തിന്റെ സര്‍വ്വസമ്പന്നതയില്‍നിന്നാണ് സകല നന്മകളും വരുന്നത് എന്ന് ചിന്തിക്കാനും തന്നെ വെറും ഒരു ഉപകരണമായി കണക്കാക്കി ദൈവത്തിന് മാത്രം എല്ലാ സ്തുതിയും മഹത്വവും നല്കുവാനുമാണ് അവന്‍ ആ്ഗ്രഹിച്ചിരുന്നത്. അവന്റെ അടുക്കല്‍ സഹായത്തിനു വരുന്നവര്‍ തന്മൂലം അവനെ ബഹുമാനിക്കുകയും ഗ്രാമം മുഴുവന്‍ അവനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചില ദുഷ്ടമനുഷ്യരുടെ അസൂയയ്ക്കും പീഡനങ്ങള്‍ക്കും ഇതു കാരണമായിത്തീര്‍ന്നു. സ്തുതിയും ബഹുമാനവും തനിക്ക് ലഭിക്കാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ജോസഫിനെക്കുറിച് അവര്‍ ദുഷ്പ്രചരണം നടത്തി. ഈ യുവവിശുദ്ധന്റെ സുകൃതങ്ങള്‍ക്ക് എതിരായി അപവാദങ്ങള്‍ പരത്തുവാന്‍ തിന്മനിറഞ്ഞ ചില മനുഷ്യരെ സാത്താനന്‍ ശരിക്കും ഉപയോഗപ്പെടുത്തി. ജോസഫ് അത് അറിഞ്ഞപ്പോള്‍ അതില്‍ സന്തോഷിക്കുകയാണ് ചെയ്തത്. തരംതാഴ്ത്തപ്പെട്ടതിലും തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതിലും അവന്‍ ആനന്ദിച്ചു. അവരുടെ ഈ പ്രവൃത്തിവഴി അവര്‍ ദൈവത്തെ വേദനിപ്പിക്കുന്നു എന്ന ഏക കാര്യത്തില്‍ മാത്രമേ അവന് വിഷമം തോന്നിയുള്ളു. അവര്‍ക്ക് ശരിയായ ആത്മീയപ്രകാശം ലഭിക്കുന്നതിനുവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ ദൈവികനന്മന പുകഴ്ത്തപ്പെടുകയും ചെയ്തു.

തന്നെ ദ്രോഹിച്ചവരെയെല്ലാം അവന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ഈ വിമര്‍ശകരെ കണ്ടുമുട്ടിയപ്പോഴെല്ലാം അവന്‍ വളരെ സൗഹൃദത്തോടും സൗമനസ്യത്തോടും കൂടിയാണ് അവരോടു പെരുമാറിയിരുന്നത്. അവരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്നോട് എന്തുചെയ്തു എന്നുള്ളത് വലിയ കാര്യമല്ല. എന്നാല്‍ ദൈവത്തെ വേദനിപ്പിക്കാതിരിക്കാനര്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.’ അവരില്‍ ചിലര്‍ ജോസഫിന്റെ മാന്യതയും സ്‌നേഹവുമുള്ള മനോഭാവം കണ്ടിട്ട് സാവകാശം അവനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങി. മറ്റുള്ളവര്‍ തന്നേക്കാള്‍ കൂടുതല്‍ നന്മയും സുകൃതവും ഉള്ളവരാണ് എന്നതായിരുന്നു ജോസഫിന്റെ മനോഭാവം. അതിനാല്‍ അവന്‍ എല്ലാവരോടും വളരെ എളിമയോടും വിനയത്തോടുംകൂടിയാണ് വര്‍ത്തിച്ചിരുന്നത്. അവന്റെ കരുണാമസൃണവും സ്‌നേഹനിര്‍ഭരവുമായ വാക്കുകള്‍ കഠിനഹൃദയങ്ങളെപ്പോലും സ്പര്‍ശിച്ചിരുന്നു. പ്രാര്‍ത്ഥനവഴി എപ്പോഴും ദൈവഐക്യത്തിലാണ് വിശുദ്ധന്‍ ചരിച്ചിരുന്നത്. അവന്റെ ആത്മാവ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles