വി. യൗസേപ്പിതാവിന് മരിക്കാറായ വ്യക്തികളെ മാലാഖ വെളിപ്പെടുത്തി കൊടുക്കുമ്പോള്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തതെന്ന് അറിയാമോ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 17/100

ഒരവസരത്തിൽ ഇങ്ങനെയുള്ള പീഡനങ്ങൾ മൂലം നമ്മുടെ യുവവിശുദ്ധന് മനസ്സിടിവുണ്ടായി. ഉടൻതന്നെ അവന്റെ മാലാഖ അവനോടു സംസാരിച്ചു. ഉന്മേഷവാനായിരിക്കുവാൻ ഉപദേശിച്ചു. അവന്റെതന്നെ മരണസമയത്തേക്ക് വളരെ ഉന്നതമായ ഒരു കൃപ ദൈവം കരുതിവച്ചിട്ടുണ്ട്. അതിനാൽ ഈ ഉപവിപ്രവൃത്തികൾ ഒരു കാരണവശാലും ഉപേക്ഷിക്കരുത് എന്ന് കൂട്ടിച്ചേർത്തു. എന്നാൽ, ഈശോയുടെയും മാതാവിന്റെയും സംരക്ഷണയിൽ ജോസഫിന് ലഭിക്കാനിരുന്ന സൗഭാഗ്യകരമായ മരണമാകുന്ന ഉന്നതകൃപയെക്കുറിച്ച് പക്ഷേ, മാലാഖ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.

മാലാഖയുടെ സന്ദേശത്താൽ ഉന്മേഷവാനായി തന്റെ ഉപവിപ്രവൃത്തികൾ മുമ്പെന്നപോലെ ജോസഫ് തുടർന്നുപോന്നു. ദൈവത്തിന് പ്രീതികരമായ കാര്യമാണ് എന്ന് ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ ജോസഫ് അതിനായി തന്നെത്തന്നെ പൂർണ്ണമായും സമർപ്പിച്ചിരുന്നു. ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി താൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ ആർക്കും സാധിച്ചതുമില്ല. ഇടയ്ക്കിടയ്ക്ക് നിശാസ്വപ്നത്തിലൂടെ മരണാസന്നർക്ക് തന്റെ പ്രാർത്ഥന ആവശ്യമുണ്ടെന്ന് ജോസഫിന് അറിവ് ലഭിച്ചിരുന്നു. ഉടൻതന്നെ ഉറക്കമുണർന്ന് തീക്ഷണമായി പ്രാർത്ഥിച്ചിരുന്നു. മരണവേദനയിൽ കഴിഞ്ഞിരുന്ന ആത്മാവിനെ അവന്റെ അവസാന പരീക്ഷണങ്ങളിൽ ദൈവകൃപയാൽ നിറയ്ക്കണമേയെന്ന് ദൈവത്തോട് യാചിച്ചിരുന്നു. ദൈവസഹായം ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ ഒന്നിനും അവനെ പ്രാർത്ഥനയിൽനിന്ന് തടയുവാൻ സാധിച്ചിരുന്നില്ല. നഷ്ടപ്പെടുന്ന ആത്മാക്കളുടെ എണ്ണം വളരെയധികമാണെന്ന് മാലാഖ ഇടയ്ക്കിടെ അവനെ അറിയിച്ചിരുന്നു.

ഇതറിഞ്ഞ യുവവിശുദ്ധൻ തീക്ഷണമായി ദിവസം മുഴുവൻ ആത്മാക്കളുടെ രക്ഷയ്ക്കായി വിലപിച്ചിരുന്നു. ആത്മാക്കൾക്ക് നല്ലമരണം ലഭിക്കാനായി എല്ലാ മരണാസന്നരുടെയും കിടക്കയ്ക്ക് സമീപം തനിക്ക് സന്നിഹിതനാകുവാൻ സാധിക്കാത്തതോർത്ത് അവൻ ദുഃഖിച്ചിരുന്നു. ദൈവികരക്ഷാകർമ്മത്തിന്റെ ഫലമായി സാത്താന്റെ അടിമത്തത്തിൽനിന്ന് ആത്മാക്കളെ രക്ഷിക്കാനായി വാഗ്ദാനംചെയ്യപ്പെട്ട രക്ഷകനെ എത്രയും വേഗം അയയ്ക്കണമേയെന്നുള്ള പ്രാർതനയുടെ നെടുവീർപ്പുകൾ നിരന്തരം അവൻ ദൈവസന്നിധിയിലേക്ക് ഉയർത്തിയിരുന്നു.

കണ്ണുനീരിൽ കുതിർന്ന് ആശ്വാസരഹിതനായി അവനെ കാണുമ്പോൾ മാതാപിതാക്കന്മാർ അതിന്റെ കാരണം അന്വേഷിക്കുമായിരുന്നു. വളരെ എളിമയോടും ഭവ്യതയോടുംകൂടി അവൻ വിശദീകരിച്ചിരുന്നു: “നിത്യതയ്ക്കുവേണ്ടി ദൈവം സൃഷ്ടിച്ച വളരെയധികം ആത്മാക്കളുടെ നിത്യനാശം കണ്ടിട്ടാണ് ഞാൻ വിലപിക്കുന്നത്. അവർ അവരുടെ സ്വന്തം കുറ്റങ്ങൾകൊണ്ടാണ് നഷ്ടപ്പെട്ടുപോയത്.”

“സാത്താൻ മനുഷ്യരെ അടക്കി ഭരിക്കുന്നു. അതിനാൽ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പെട്ടെന്ന് അയയ്ക്കുവാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. അവൻവഴി സാത്താന്റെ ശക്തിയും സാമ്രാജ്യവും തകർന്നിടിഞ്ഞ് ആത്മാക്കൾ ഭീകരസർപ്പത്തിന്റെ കെണിയിൽനിന്ന് വിമുക്തരാകും.”  വളരെയധികം ദുഃഖത്തോടും ആർദ്രതയോടുംകൂടിയാണ് അവൻ ഇതു പറഞ്ഞത്. ഇതു ശ്രവിച്ച മാതാപിതാക്കന്മാരും കണ്ണുനീർ ചിന്തിക്കൊണ്ട് അത്യുന്നതനായ ദൈവത്തോട് രക്ഷകനെ എത്രയും പെട്ടെന്ന് അയയ്ക്കുവാൻ തിരുമനസ്സാകണമെന്ന് തീക്ഷണമായി പ്രാർത്ഥിച്ചിരുന്നു.

നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന കഠിനപാപികൾക്ക് ആരോഗ്യം വീണ്ടും നല്കണമെന്നാണ് അവൻ മിക്കവാറും പ്രാർത്ഥിച്ചിരുന്നത്. അവർക്ക് വീണ്ടും ആരോഗ്യം നല്കണമെന്ന് പ്രാർത്ഥിച്ചത് തങ്ങളുടെ തെറ്റുകളെക്കുറിച്ച് അനുതപിക്കാൻ അവർക്ക് അവസരം ലഭിക്കാനും അതുവഴി അവർ രക്ഷിക്കപ്പെടുവാനും വേണ്ടിയാണ്. അവരുടെമേൽ കൃപ വർഷിക്കാനായി അവൻ ദിവസം മുഴുവൻ ഉപവസിച്ച് പ്രാർത്ഥനയിൽ ചെലവഴിക്കുമായിരുന്നു.

വിശുദ്ധന്റെ പ്രാർത്ഥന നിഷ്ഫലമായ അവസരം വളരെ വിരളമാണ്. മനുഷ്യരെ പ്രീതിപ്പെടുത്താൻ വേണ്ടി അവൻ ഒന്നും ചെയ്തില്ല. ദൈവഹിതം നിറവേറ്റുകയും അവിടുത്തെ പ്രീതിപ്പെടുത്തുകയുമായിരുന്നു അവന്റെ ലക്ഷ്യം. അവന്റെ പ്രാർത്ഥനയും മരണാസന്നരോടുള്ള സ്നേഹവും ദൈവത്തിന്റെ പ്രീതിക്ക് ഇടയാക്കിയെന്ന് അവൻ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അവന്റെ പ്രാർത്ഥനകൾ കേൾക്കപ്പെട്ടിരുന്നതുകൊണ്ട് അവിടുത്തെ സമാശ്വാസത്താൽ അവൻ വലിയ ഉണർവ് അനുഭവിച്ചിരുന്നു.

അത്യുന്നതൻ ജോസഫിന്റെ ആത്മാവിന് സ്വർഗീയാനന്ദത്തിന്റെയും ദൈവികമാധ്യമത്തിന്റെയും മുന്നാസ്വാദനം അല്പമായി നല്കിയിരുന്നു. കുറച്ചു നിമിഷങ്ങളിലേക്ക് അവൻ പൂർണ്ണമായും ദൈവത്തിൽ ആമഗ്നനായി പോകുമായിരുന്നു. അപ്പോൾ ദാവീദുരാജാവിനെപ്പോലെ അവനും പറയാൻ സാധിച്ചിരുന്നു: “എന്റെ ആത്മാവും ശരീരവും ജീവിക്കുന്ന ദൈവത്തിൽ ആനന്ദിക്കുന്നു. അങ്ങാണ് എന്റെ നിത്യമായ അവകാശം” (സങ്കീ. 72:26). ഇങ്ങനെയുള്ള സമാശ്വാസത്താലും ദൈവസ്നേഹത്താലും നിറഞ്ഞ ജോസഫിന് ദിവസം മുഴുവനും ഭക്ഷണമൊന്നും ആവശ്യമില്ലായിരുന്നു. എന്നാൽ എന്തെന്നില്ലാത്ത വലിയൊരു ആത്മീയനിറവ് അവന് ഇതുവഴി അനുഭവപ്പെട്ടിരുന്നു. തന്റെ നിത്യസ്നേഹമായ ദൈവത്തെക്കുറിച്ചല്ലാതെ ചിന്തിക്കുവാനോ സംസാരിക്കുവാനോ അവന് താല്പര്യമില്ലായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles