തുടര്‍ച്ചയായ പൈശാചികപീഢകളെ വി. യൗസേപ്പിതാവ് നിഷ്പ്രഭമാക്കിയത് എങ്ങിനെയെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 15/100

സാത്താൻ വീണ്ടും പരാജിതനായി. എങ്കിലും അവന്റെ പീഡനങ്ങളിൽനിന്ന് അവൻ പിൻതിരിഞ്ഞില്ല. ജോസഫിനെ അസ്വസ്ഥനാക്കാനും ബുദ്ധിമുട്ടിപ്പിക്കാനും അവൻ പിന്നെയും തന്ത്രങ്ങൾ മെനഞ്ഞു. അത് തുടരുന്നതിന് ദൈവം അവനെ അനുവദിച്ചു. വ്യർത്ഥാഭിമാനത്തിന് കീഴ്പ്പെടുത്തി ജോസഫിനെ പ്രലോഭിപ്പിക്കാൻ സാത്താൻ പരിശ്രമം തുടങ്ങി. കളങ്കമറ്റ ഒരു ജീവിതമാണ് താൻ നയിക്കുന്നത് എന്നും അത് ദൈവത്തിനല്ലാതെ മനുഷ്യർക്കു സാദ്ധ്യമല്ലെന്നും മറ്റുമുള്ള ഒരു സാരോപദേശം ജോസഫിന്റെ മനസ്സിൽ പ്രയോഗിച്ചുനോക്കി. വിശുദ്ധൻ സാത്താന്റെ ഈ ജല്പനങ്ങളെ ആരംഭത്തിൽത്തന്നെ തള്ളിക്കളഞ്ഞു. ദൈവസന്നിധിയിൽ തന്നെത്തന്നെ താഴ്ത്തി അവിടുത്തെ കരങ്ങളിൽ ഭരമേല്പിച്ചു. പാപിയും ബലഹീനനുമാണ് താനെന്ന് ജോസഫ് ഏറ്റുപറഞ്ഞു. 

ജോസഫിന്റെ സുകൃതങ്ങളെ പുകഴ്ത്തുവാൻ സാത്താൻ ചില വ്യക്തികളെ കരുവാക്കി. ഇത് ജോസഫിനെ കൂടുതൽ വിനീതനാക്കി. അങ്ങനെയുള്ള അവസരങ്ങളിൽ അവൻ പറഞ്ഞു: “ഞാനൊരു ദുർബലനായ മനുഷ്യനാണ്. ദൈവത്തെ നമുക്ക് സ്തുതിക്കാം. അവിടുന്ന് മാത്രമാണ് അതിനു യോഗ്യൻ. എല്ലാ കാര്യങ്ങളിലും അവിടുന്ന് പരിപൂർണ്ണനാണ്. സ്തുതിക്കും പുകഴ്ചയ്ക്കും അവിടുന്ന് മാത്രമാണ്അർഹനായവൻ.” പല മാർഗ്ഗങ്ങളിലും വിവിധ രൂപത്തിലും ജോസഫിനെ ശല്യപ്പെടുത്താൻ സാത്താൻ പരിശ്രമിച്ചു. വിശുദ്ധിക്കെതിരായി മാത്രം പ്രലോഭിപ്പിക്കാൻ ദൈവം അവനെ അനുവദിച്ചില്ല. അങ്ങനെയുള്ള ഒരവസരവും ഉണ്ടാക്കുവാൻ അവൻ തുനിഞ്ഞില്ല. എങ്കിലും ശ്രേഷ്ഠമായ ഈ സുകൃതത്തിനെതിരായ ചില വഷളത്തരങ്ങൾ നിർബന്ധപൂർവ്വം കേൾപ്പിക്കുവാൻ അവൻ ഉദ്യമിച്ചു.

വിശുദ്ധനായ ആ യുവാവിന്റെ കറയറ്റ നിഷ്കളങ്കതയും ജീവിതനൈർമല്യവും അവർ പറയുന്ന അസഭ്യഭാഷണത്തിന്റെ അർത്ഥം ഗ്രഹിക്കാൻ കഴിവില്ലാത്തവനാക്കി സംരക്ഷിച്ചു. മുകളിൽപ്പറഞ്ഞ രീതിയിലുള്ള സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ തീക്ഷ്ണമായ പ്രാർത്ഥനയോടെ അവൻ ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ചു. പ്രാർത്ഥനയോടൊപ്പം ഉപവസിക്കുകകൂടി ചെയ്യാൻ അവന്റെ മാലാഖ ഉപദേശം നൽകി. അത് അങ്ങനെതന്നെ അനുഷ്ഠിക്കുകയും ചെയ്തു.

അത് അവന്റെ അരൂപിക്ക് ഒരിക്കലും അതീതമല്ലായിരുന്നു. എങ്കിലും തന്റെ ശരീരത്തെ തപശ്ചര്യകളാൽ പീഡിപ്പിച്ചിരുന്നു. അങ്ങനെ സാത്താന്റെ ആയുധങ്ങളെ നിഷ്ഫലമാക്കുകയും അവനെ നിഷ്പ്രഭമാക്കി ജോസഫ് വിജയം വരിക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ജോസഫിനെ പ്രലോഭിപ്പിക്കുന്നതിൽനിന്നു സാത്താൻ വിട്ടുനിന്നുവെങ്കിലും മിക്കവാറും അടുത്ത നിമിഷംതന്നെ തന്റെ ആയുധങ്ങളുമായി ജോസഫിനെ ശല്യപ്പെടുത്താൻ അവൻ ശ്രമിച്ചിരുന്നു. പക്ഷേ വിജയം എപ്പോഴും ജോസഫിന്റെ ഭാഗത്തായിരുന്നു.

ജോസഫിന്റെ ഉൾവലിഞ്ഞ ഏകാന്തമായ ജീവിതത്തെ പലരും കുറ്റപ്പെടുത്തി. സമപ്രായക്കാരായ യുവാക്കൾ അവന്റെ ഭവനം സന്ദർശിച്ച് ജോസഫിനെ കളിവിനോദങ്ങളിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നു.  എന്നാൽ ജോസഫ് അവയിൽനിന്നെല്ലാം വളരെ ഉപചാരപൂർവ്വം ഒഴിഞ്ഞുമാറി നിന്നു. തിരുലിഖിതങ്ങൾ വായിച്ചു പഠിക്കുന്നതിലും പ്രവാചകരുടെയും പൂർവ്വപിതാക്കന്മാരുടെയും ജീവിതങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കി അവരുടെ സുകൃതങ്ങൾ അനുകരിക്കുന്നതിലുമാണ് ജോസഫ് സന്തോഷം കണ്ടെത്തിയിരുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ദൈവത്തിന് കൂടുതൽ സ്വീകാര്യവും പ്രീതികരവുമാണെന്ന് അവൻ പലപ്പോഴും പറഞ്ഞിരുന്നു.

ഈ കാര്യത്തിൽ തന്റെകൂടെ പങ്കാളികളാകുവാൻ ജോസഫ് മറ്റ് യുവാക്കളെ പ്രേരിപ്പിച്ചിരുന്നു. അവരിൽ ചിലരെല്ലാം ഇത് ശ്രവിച്ച് അവന്റെ മാതൃക അനുകരിച്ചിരുന്നു. പ്രത്യേകിച്ചും വളരെ ഹൃദയസ്പർശിയായിട്ടാണ് അവൻ നിർദ്ദേശങ്ങൾ നല്കിയിരുന്നത്. നല്ല ഉപദേശങ്ങളും ഉന്നതമായ നിർദ്ദേശങ്ങളും നല്കിയതിനുശേഷം അവർ ഇതിൽ നിലനിൽക്കുവാനും അത് പാലിക്കാനുമുള്ള പ്രത്യേക ദൈവകൃപയും സഹായവും ലഭിക്കുന്നതിന് അത്യുന്നതനോടുള്ള പ്രാർത്ഥനയിൽ ജോസഫ് ലയിക്കുമായിരുന്നു. ദൈവം അവന്റെ പ്രാർത്ഥന ശ്രവിച്ചിരുന്നു. ആർക്കുവേണ്ടി താൻ പ്രാർത്ഥിച്ചുവോ അവർ താൻ നല്കിയ നിർദ്ദേശങ്ങൾ പാലിക്കുന്നതു കാണുമ്പോൾ ആനന്ദത്താൽ നിറഞ്ഞ് ദൈവത്തിന് നന്ദി പറഞ്ഞിരുന്നു.

എങ്കിൽപോലും ബഹുഭൂരിപക്ഷവും അവന്റെ ആശയങ്ങളെ തെറ്റായി വ്യഖ്യാനിച്ച് അവയിൽ തെറ്റു കണ്ടെത്തുന്നതിന് ശ്രമിച്ചിരുന്നു. അവൻ അതിൽ ദുഃഖിതനായി സ്വയം കുറ്റപ്പെടുത്തി. മറ്റുള്ളവർ തന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന ആഗ്രഹത്തിന്റെ ആധിക്യം എന്ന തന്റെതന്നെ പാപമായിരിക്കാം ഇതിനു കാരണം എന്ന് അവൻചിന്തിച്ചു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തന്റെ കുറ്റങ്ങളെ കണക്കിലെടുക്കാതെ തന്റെ നിർദ്ദേശങ്ങളെ നിന്ദിച്ചവരുടെമേൽ കരുണയായിരിക്കണമെന്നും തനിക്ക് വെളിപ്പെടുത്തിക്കിട്ടിയ സത്യങ്ങൾ ഗ്രഹിക്കുന്നതിന് ആവശ്യമായ ആത്മീയപ്രകാശം അവർക്കു നല്കണമെന്നുംജോസഫ് തനിച്ചിരുന്ന് ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിരുന്നു. അതിൽ ദൈവം വളരെ സംപ്രീതനായി ജോസഫിന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തു. അങ്ങനെയുള്ള അവർ പാപബോധമുള്ളവരാകുകയും അവർ മടങ്ങിവന്ന് ജോസഫിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുകയും അവ പാലിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles