ഉണ്ണീശോയുടെ തുടര്‍ന്നുള്ള ജീവിതം എവിടെയായിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 95/200

ദൈവാലയത്തില്‍ നടത്തേണ്ടതായ എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചു കഴിഞ്ഞു എങ്കിലും ജോസഫും മറിയവും ഈശോയോടൊത്തു കുറച്ചു സമയംകൂടി ജറുസലേമില്‍ ചെലവഴിച്ചു. അവര്‍ ഒരിക്കല്‍ക്കൂടി ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.ഈശോയുടെ തുടര്‍ന്നുള്ള ജീവിതം ബെത്‌ലെഹെമിലോ നസ്രത്തിലോ എവിടെ ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തി കിട്ടുന്നതിന് വേണ്ടിയാണു അവര്‍ പ്രാര്‍ഥിച്ചത്. അപ്പോള്‍ നസ്രത്തിലേക്കു തിരിച്ചു പോകാന്‍ അവര്‍ക്കു നിര്‍ദ്ദേശം ലഭിച്ചു. ഇത് രാത്രിയിലെ ഒരു സ്വപ്നത്തില്‍ മാലാഖ ജോസഫിനു വെളിപ്പെടുത്തികൊടുക്കുകയായിരുന്നു അതിനാല്‍, വിശുദ്ധ ദമ്പതികള്‍ മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ ചെയ്തു.

നസ്രത്തിലേക്കു മടങ്ങുവാന്‍ നിര്‍ദ്ദേശം ലഭിച്ചതില്‍ ജോസഫ് സന്തോഷിച്ചു. കാരണം അവിടെ താമസിക്കുക വളരെ സൗകര്യപ്രദമായിരിക്കുമെന്നു അവന്‍ വിചാരിക്കുകയും അത് മറിയവുമായി പങ്കുവയ്ക്കുകയും ചെയ്തു. ഹേറോദേസിന്റെ ഗൂഢാലോചനയില്‍ നിന്നും രക്ഷപെടേണ്ട മാര്‍ഗത്തെക്കുറിച്ചും മറിയത്തിനു വ്യക്തമായി അറിയാമായിരുന്നു. എങ്കിലും അവള്‍ ജോസഫിനോട് ഒന്നും പറഞ്ഞിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെ സന്തോഷത്തോടെ തടസ്സപ്പെടുത്തേണ്ട എന്ന് അവള്‍ ചിന്തിച്ചു.

വലിയ സങ്കടത്തോടും കണ്ണീരോടുംകൂടി ജോസഫ് തനിക്കു ദൈവാലയത്തില്‍ വച്ചുണ്ടായ അനുഭവങ്ങള്‍ മറിയത്തെ വിവരിച്ചു കേള്‍പ്പിച്ചു. ദൈവം വെളിപ്പെടുത്തിയ നിഗൂഢ രഹസ്യങ്ങളും അതേക്കുറിച്ചു ധ്യാനിച്ചപ്പോഴുണ്ടായ കഠിനദുഖങ്ങളും അവന്‍ വിസ്തരിച്ചു പറഞ്ഞു; പ്രത്യേകിച്ച് വൃദ്ധനായ ശിമയോന്‍ പ്രവചിച്ച കാര്യങ്ങളെക്കുറിച്ചുണ്ടായ ചിന്തകള്‍ അവന്‍ കൂടെകൂടെ ഇങ്ങനെ പറഞ്ഞിരുന്നു.’ഏറ്റംനിഷ്‌ക്കളങ്കയായ എന്റെ ഭാര്യേ, നിന്റെ ദുഃഖം എത്രയോ കഠിനമായിരിക്കും! ഭാവിയില്‍ എന്താണ് സംഭവിക്കാനിരിക്കുന്നതെന്നു എനിക്കറിയില്ല; നീ അനുഭവിക്കാനിരിക്കുന്ന ആ മഹാസഹനത്തെ കാണേണ്ടിവരികയാണെങ്കില്‍ എന്റെ ഹൃദയത്തിനു അതെങ്ങനെ താങ്ങാന്‍ കഴിയും?’

അതു പറയുമ്പോഴേക്കും ജോസഫ് നിയന്ത്രണം വിട്ടു ദുഖിക്കാനും കരയാനും തുടങ്ങി. മറിയം അവനെ സമാധാനിപ്പിച്ചു. ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ലെന്നും ദൈവം കൂടെ നില്‍ക്കുമെന്നും അവിടുത്തെ മഹാകരുണ എപ്പോഴും സഹായത്തിനുണ്ടാകുമെന്നും പറഞ്ഞു: ‘ദൈവം നമ്മുടെ കൂടെയുണ്ട്; നമ്മള്‍ ഒന്നിനേയും ഭയപെടേണ്ടി വരികയില്ല. നമുക്ക് അവിടുത്തെ തിരുഹിതത്തിനായി എല്ലാം വിട്ടുകൊടുക്കാം. ഇപ്പോള്‍ നമുക്ക് കൈവന്നിരിക്കുന്ന ഈ മഹാസൗഭാഗ്യത്തെ ഓര്‍ത്തു സന്തോഷിക്കാം; ഈശോയെ നമുക്ക് കിട്ടിയില്ലേ അവനിപ്പോള്‍ പൂര്‍ണ്ണമായും നമ്മുടെ സ്വന്തമല്ലേ? അവന്റെ ആഗമനവും സാന്നിദ്ധ്യവും മാധുര്യവും ഓമനത്തവും എല്ലാം നമുക്ക് ആവോളം ആസ്വദിക്കാം. ഈശോ നമ്മുടെ കൂടെയുണ്ട് എന്ന കേവല ചിന്തമാത്രംമതി കയ്‌പേറിയ എല്ലാ അനുഭവങ്ങളും മധുരമായി മാറാന്‍.

മറിയത്തിന്റെ ചിന്തകളും വാക്കുകളും ജോസഫിനു കുറച്ചൊന്നുമല്ല ധൈര്യം പകര്‍ന്നത്. എന്നാല്‍ അതിലുപരിയായി ഈശോയ്ക്ക് നേരിട്ടു ജോസഫിനെ സമാശ്വസിപ്പിക്കണമായിരുന്നു. തന്റെ സാമീപ്യവും സമാശ്വാസവും ജോസഫിനു കൊടുക്കണമെന്ന് ഈശോ മാതാവിനെ ആംഗ്യഭാഷയില്‍ അറിയിച്ചു. വിശുദ്ധന്‍ മാതാവിന്റെ കയ്യില്‍നിന്നു ഈശോയെ എടുത്തു നെഞ്ചോട് ചേര്‍ത്ത് കെട്ടിപിടിച്ചു. ഈശോ ജോസഫിനെ ഏറ്റം സ്‌നേഹത്തോടെ തലോടുകയും ചെയ്തു. ദൈവസ്‌നേഹം കൊണ്ട് മതിമറന്നു ജോസഫ് ഉദഘോഷിച്ചു ‘അവതാരം ചെയ്ത എന്റെ ദൈവമേ! നീ ഞങ്ങള്‍ക്ക് മുഴുവനായും സ്വന്താമായിരിക്കുന്നു! മനുഷ്യവംശത്തിന്റെ ഭാവിവാഗ്ദാനമായ വിമോചകന്‍! പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ക്കുമാത്രം അതറിയാനുള്ള അവകാശം സിദ്ധിച്ചിരിക്കുന്നു. എത്ര മഹത്തരമായ ആനന്ദം! എല്ലാമെല്ലാമായ നിന്നെ ഞങ്ങള്‍ കരങ്ങളില്‍ വഹിക്കുന്നു!’ വാക്കുകള്‍ക്ക് അതീതമായ പരമാനന്ദം.

ജോസഫ് ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈശോ ജോസഫിനോട് ഒട്ടിച്ചേര്‍ന്നു പറ്റിപ്പിടിച്ചിരിക്കുകയും സ്വര്‍ഗീയ പറുദീസായിലെ ഏറ്റവും മധുരകരമായ അനുഭവങ്ങളിലേക്ക് അവന്റെ ആത്മാവിനെ നയിക്കുകയും ചെയ്തു. അത്യാനന്ദകരമായ ആ ആത്മീയാനുഭൂതിയില്‍ വിശുദ്ധന്‍ കുറച്ചുനേരം മതിമറന്നു നിന്നു. എത്ര മഹത്തായ സൗഭാഗ്യാവസ്ഥയാണത്! ദൈവമല്ലേ ജോസെഫിന്റെ കയ്യിലിരിക്കുന്നത്! ജോസഫ് ആത്മീയാനന്ദം കൊണ്ട് നിറയുന്നതുകണ്ടു മറിയം അത്യധികം സന്തോഷിച്ചു. അവള്‍ കര്‍ത്താവിനു നന്ദി പറഞ്ഞു.

ഇപ്പോഴാകട്ടെ, ജോസഫ് ഒരിക്കല്‍കൂടി ദിവ്യരക്ഷകനെ തൊട്ടറിഞ്ഞിരിക്കുന്നു; തനിക്കു നല്കപ്പെട്ടിരിക്കുന്ന വലിയ കൃപയ്ക്കും മഹത്തായ അനുഗ്രഹങ്ങള്‍ക്കും കണ്ണീരോടെ കര്‍ത്താവിനു നന്ദി പറഞ്ഞു. ദിവ്യശിശു വീണ്ടും ജോസെഫിന്റെ ഹൃദയത്തെ തൊടുകയും അവന്റെ ആത്മാവിനോട് സംസാരിക്കുകയും ചെയ്തു: അവനെ ഈശോ ഏറ്റവുമധികം സ്‌നേഹിക്കുന്നുവെന്നും വളരെയധികം ഇഷ്ടമാണെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു.
അപ്പോള്‍ ഉളവായ ആത്മീയ ജ്വലനത്തെത്തുടര്‍ന്ന് ജോസഫ് ഇങ്ങനെ ഉദ്‌ഘോഷിച്ചു: ‘എന്റെ രക്ഷകാ, നീ എനിക്ക് നല്‍കിയ മഹത്തായ അനുഗ്രഹത്തിന് എപ്രകാരമാണ് ഞാന്‍ പ്രത്യുപകാരം ചെയ്യേണ്ടത്? നിന്നെ എന്റെ കരങ്ങളില്‍ വഹിക്കാനുള്ള ഈ മഹാസൗഭാഗ്യം എത്ര മഹത്തരമാണ്! നിന്റെ ദാസരില്‍ ഏറ്റം എളിയവനോട് നീ ഇത്ര ഉന്നതമായ കൃപയും ഔത്സുക്യവും പ്രകടിപ്പിക്കുമെന്നു ആര്‍ക്കെങ്കിലും സങ്കല്പിക്കുവാന്‍പോലും കഴിയുമായിരുന്നോ? ശിമയോന്‍ നിന്നെ ഒന്നു കയ്യില്‍ എടുത്തുകഴിഞ്ഞപ്പോള്‍ത്തന്നെ എല്ലാ ആഗ്രഹങ്ങളും ഒന്നിച്ചു സഫലമായ സംതൃപ്തിയാണ് അനുഭവപ്പെട്ടത്;

അവനു പിന്നെ മരിച്ചാല്‍ മതി എന്ന ചിന്തയായിരുന്നു. എന്റെ ദൈവമേ ഈ ഞാന്‍ പിന്നെ എന്താണ് തേടുകയും അഭിലഷിക്കുകയും ചെയ്യേണ്ടത്. നിന്നെ നിരന്തരം എടുക്കുകയും എന്റെ ഹൃദയത്തോട് ചേര്‍ത്ത് കൊണ്ടുനടക്കുകയും ചെയ്യുന്ന സന്തോഷം എങ്ങനെ വിവരിക്കുവാന്‍ കഴിയും? നിന്റെ സാന്നിദ്ധ്യത്തിന്റെ മഹത്തായ ആനന്ദത്തില്‍ കഴിയുന്ന എനിക്ക് മരിക്കാന്‍ ആഗ്രഹിക്കേണ്ട ആവശ്യമില്ല. എപ്പോഴും നിന്നോടൊത്തുണ്ടായിരിക്കുകയും നിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുതരികയും മാത്രമാണ് എന്റെ ജീവിതലക്ഷ്യം. നിന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നതിലും വിശ്വസ്തതാപൂര്‍വം സേവിക്കുന്നതിലും കൂടുതലായി എന്താണ് ഞാന്‍ ആഗ്രഹിക്കേണ്ടത്? മനുഷ്യവംശത്തെ രക്ഷിക്കാന്‍ ശരീരം സ്വീകരിച്ചു വരികയും വന്‍കൃപകള്‍ മനുഷ്യവംശത്തിനു നല്‍കുകയും ചെയ്ത നിന്നെ എല്ലാവരും അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് കാണുന്നതിനേക്കാള്‍ വലിയ ഭാഗ്യമെന്താണുള്ളത്? അതുമാത്രമാണെന്റെ ആഗ്രഹം, അതുമാത്രമാണെന്റെ പ്രാര്‍ത്ഥന; എന്റെ രക്ഷകാ, എന്റെ ഈശോയേ, എന്റെ ഈ അപേക്ഷയും ആഗ്രഹവും നിറവേറ്റിത്തരണമെന്നു മാത്രമാണ് ഞാന്‍ അഭിലഷിക്കുന്നത്!’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles