വി. യൗസേപ്പിതാവിനും പരി. മറിയത്തിനും വെളിപ്പെട്ട ദൈവതിരുഹിതം എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 92/200
ഉണ്ണീശോ പിറന്നിട്ട് പതിനാലു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, കുട്ടിയെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദൈവം ആവശ്യപ്പെടുന്നതായി മറിയത്തിന് ഉള്‍ക്കാഴ്ച ലഭിച്ചു. ആ രാത്രിയില്‍ ജോസഫിന് മാലാഖ പ്രത്യക്ഷപ്പെട്ട്, മറ്റു ശിശുക്കളെപ്പോലെതന്നെ ദിവ്യശിശുവിനെയും യഹൂദനിയവും പാരമ്പര്യവുമനുസരിച്ച് ദൈവാലയത്തില്‍ കാഴ്ചവച്ചു വീണ്ടെടുക്കുണമെന്ന് നിര്‍ദ്ദേശം കൊടുത്തു.
നിദ്രവിട്ടുണര്‍ന്ന ജോസഫ് ദൈവത്തിനു നന്ദി പറയുകയും അവിടുത്തെ തിരുഹിതം വെളിപ്പെടുത്താന്‍ തിരുമനസ്സായതിന് അവിടുത്തെ സ്തുതിക്കുകയും ചെയ്തു. തുടര്‍ന്ന് അവന്‍ മറിയത്തോട് മാലാഖ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിവരിച്ചു കേള്‍പ്പിച്ചു. അങ്ങനെ ദൈവത്തിന്റെ തിരുഹിതം ഒരേസമയം അവര്‍ ഇരുവരും അറിഞ്ഞു. ഉടനെതന്നെ ബെത്‌ലെഹേം വിട്ട് ദൈവാലയത്തിലേക്ക് യാത്രയാകാന്‍ അവര്‍ തീരുമാനിച്ചു. ദൈവത്തിന്റെ ഏറ്റം നിഗൂഢരഹസ്യങ്ങള്‍ നിറവേറപ്പെട്ട ആ ഗുഹ വിട്ടുപോകുമ്പോള്‍ അവര്‍ക്കു വല്ലാത്തൊരു ദുഃഖം അനുഭവപ്പെട്ടു. ആ സംപൂജ്യമായ സ്ഥലത്തെ അവര്‍ അത്രമാത്രം വണക്കത്തോടെയാണു വീക്ഷിച്ചിരുന്നത്. അവിടെ ആയിരിക്കുമ്പോള്‍ അത്യധികമായ ഒരാനന്ദം അവരുടെ ഹൃദയങ്ങളില്‍ അലതല്ലിയിരുന്നു. ഒട്ടും സുഖകരമോ ആരോഗ്യകരമോ അല്ലാതിരുന്നിട്ടും തിരുക്കുമാരനും ആ സ്ഥലം വിട്ടുപോകുന്നതിനു മനസ്സില്ലായിരുന്നു.
ഗുഹ വിട്ടുപോകുന്നതിനു മുമ്പ് മറിയം ശിശുവിനെ എടുത്തു തന്റെ മാറോടു ചേര്‍ത്തു പിടിച്ചു. ജോസഫാകട്ടെ അവര്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ നിറച്ച മാറാപ്പു തോളിലേറ്റി, പുറപ്പെടുന്നതിനുമുമ്പ് ആ പുണ്യസ്ഥലം – ലോകരക്ഷകന്‍ പിറന്നുവീണ വിശുദ്ധ സ്ഥലം – അവര്‍ രണ്ടുപേരും വണക്കത്തോടെ ചുംബിച്ചു. മനുഷ്യാവതാരം ചെയ്ത ദൈവത്തെ സ്തുതിക്കുകയും തങ്ങളെ അനുഗ്രഹിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. അങ്ങനെ ദിവ്യരക്ഷകന്റെ സാന്നിദ്ധ്യത്തിലും അനേകവൃന്ദം മാലാഖമാരുടെ അകമ്പടിയോടുകൂടി അവര്‍ ജറുസലേമിലേക്കു യാത്ര തിരിച്ചു. അവതാരം ചെയ്ത ലോകരക്ഷകന്റെ ഭൂമിയിലെ കന്നിയാത്രയാണത്! ജറുസലേം ദൈവാലയത്തിലേക്കുള്ള മിശിഹായുടെ നവ്യാഗമനം!
അതിശൈത്യത്തിന്റെ കാലഘട്ടമായിരുന്നെങ്കിലും ആ ദിവസം വളരെ സുഖപ്രദമായ അന്തരീക്ഷമായിരുന്നു. കാരണം, മറിയം നേരത്തെതന്നെ പിതാവിനോട് യാചിച്ചിട്ടുണ്ടായിരുന്നു, തിരുക്കുമാരന്റെ കന്നിയാത്രയില്‍ ശൈത്യത്തിന്റെ കാഠിന്യം അവനെ അലട്ടുവാന്‍ ഇടയാകരുതെന്ന്. സ്രഷ്ടാവായ ദൈവത്തിനും സമസ്ത സൃഷ്ടികളുടെയും രാജ്ഞിയായ മറിയത്തിനും ആ യാത്രയില്‍ വിഷമങ്ങള്‍ ഉണ്ടാകരുതേ എന്ന് ജോസഫും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പ്രപഞ്ചം അവര്‍ക്ക് അനുകൂലമായി പ്രതികരിച്ചതു കണ്ട് ജോസഫ് അത്യധികം സന്തോഷിച്ചു.
അവരുടെ യാത്ര മുന്നോട്ടു നീങ്ങയപ്പോള്‍ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവ്യാനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചു. അവര്‍ക്ക് ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെട്ടതേയില്ല. സകല നന്മകളുടെയും സമാശ്വാസത്തിന്റെയും ഉടയവനെ അവര്‍ കരങ്ങളില്‍ വഹിക്കുകയല്ലേ ചെയ്യുന്നത്! പ്രകൃത്യാതീതമായ മഹാസംഭവങ്ങളാണ് ആ തീര്‍ത്ഥാടനവേളയില്‍ അവര്‍ ദര്‍ശിച്ചത്. ജന്തുക്കളും സസ്യങ്ങളും തങ്ങളുടെ സ്രഷ്ടാവിനെ കണ്ട് ആരാധിച്ചു. വൃക്ഷങ്ങള്‍ തലകുനിച്ചു തങ്ങളുടെ സ്രഷ്ടാവിനെ താണുവണങ്ങുകയും തലങ്ങും വിലങ്ങും ശാഖകള്‍ വീശി സ്തുതിക്കുകയും ചെയ്തു. പക്ഷികള്‍ ഗണംഗണമായി വന്നു മധുരഗാനം ആലപിക്കുകയും രക്ഷകന്റെ തലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്ന് അവനെ അനുഗമിക്കുകയും ചെയ്തു!
ഇതെല്ലാം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് ജോസഫ് മറിയത്തോടു പറഞ്ഞു: ‘നോക്കൂ, എന്റെ ഭാര്യേ, ഇന്ദ്രിയശേഷിയില്ലാത്ത ജന്തുക്കള്‍ തങ്ങളുടെ സ്രഷ്ടാവിന്റെ മുമ്പില്‍ ശിരസ്സു നമിക്കുകയും കര്‍ത്താവിന് ആദരവും ബഹുമാനവും അര്‍പ്പിക്കുകയും ചെയ്യുന്നനു. എന്നാല്‍, ആരെയാണോ അവന്‍ രക്ഷിക്കാന്‍ വന്നത് അവര്‍ എത്ര വീണ്ടുവിചാരമില്ലാതെയാണ് അവനോടു പെരുമാറുന്നത്? മനുഷ്യവര്‍ഗത്തില്‍ അവനെ അറിയുന്നവര്‍ എത്ര ശുഷ്‌കമാണ്?’
കണ്ണീരോടും വിലാപത്തോടുംകൂടി അവന്‍ പറഞ്ഞു: ‘ഹാ, നമ്മള്‍ എത്രയോ ഭാഗ്യമുള്ളവരാണ്! അവനെ നമ്മള്‍ അറിയുക മാത്രമല്ല, സ്വന്തമാക്കുകകൂടി ചെയ്തിരിക്കുന്നു! ഇത്ര മഹത്തായ കാരുണ്യത്തിനും അളവറ്റ അവിടുത്തെ ഔദാര്യത്തിനും നമ്മള്‍ എത്രയധികം നന്ദി പറഞ്ഞാലും മതിയാകുകയില്ല!’ അപ്പോള്‍ എല്ലാവരുടെയും പേരില്‍ മാതാവ് ഒരു സ്‌തോത്രഗീതം പാടി കര്‍ത്താവിനെ മഹത്വപ്പെടുത്തി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.