തനിക്കു ലഭിച്ച മഹത്തായ കൃപാവരങ്ങള്‍ക്ക് വി. യൗസേപ്പിതാവ് പ്രത്യുത്തരിച്ചത് എപ്രകാരമാണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 87/200

ജോസഫ് പടിപടിയായി സഹനത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. ഈശോ വളരെയേറെ സഹിക്കേണ്ടതുണ്ടെന്നും അവസാനം മാനവലോകത്തിന്റെ വിമോചനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മരണത്തെതന്നെ വരിക്കേണ്ടതുണ്ടെന്നും ശരിയായ ഉള്‍ക്കാഴ്ച അവനു ലഭിച്ചുതുടങ്ങി. അത് ജോസഫിനെ കൊടിയ സങ്കടത്തിലാഴ്ത്തി. അവന്റെ സന്തോഷവും സമാധാനവും തുടര്‍ന്ന് ദുഃഖത്തിന്റെയും സഹനത്തിന്റെയും അലയടിയായി മാറുകയും ചെയ്തു. എങ്കിലും അവന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഫലമായി, അവന്‍ ദൈവഹിതം അംഗീകരിക്കുകയും അതിനു വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം സങ്കടവും അതുപോലെതന്നെ സമാശ്വാസവും അവനെ മാറിമാറി വലയം ചെയ്തുകൊണ്ടിരുന്നു. എങ്കിലും അവന്റെ മുഖത്ത് എപ്പോഴും തികഞ്ഞ സമാധാനവും സംതൃപ്തിയും കളിയാടിയിരുന്നു. ദാരിദ്ര്യത്തിന്റെ നടുവില്‍ പിറന്ന ലോകരക്ഷകന്‍ ജോസഫിന്റെ സങ്കടങ്ങളില്‍ സമാധാനം സമൃദ്ധമായി നല്കി.

ഈശോ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നതു കാണുമ്പോള്‍ ജോസഫിന്റെ നയനങ്ങള്‍ സഹതാപത്താല്‍ നിറഞ്ഞൊഴുകിയിരുന്നു. എങ്കിലും ദൈവഹിതം പ്രകടമാക്കുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുകയും ഈശോയെ മനുഷ്യരൂപത്തില്‍ കാണാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷിക്കുകയും ചെയ്തു. ഈശോയുടെ അഴകാര്‍ന്നതും ശോഭയേറിയതുമായ തിരുമുഖം ദര്‍ശിക്കുന്നതു ജോസഫിനു വലിയ ആനന്ദദായകവും അഭിഷേകവുമായിരുന്നു. ആ തിരുമുഖം കാണാതിരിക്കേണ്ടിവരുമ്പോള്‍, അത് ജോസഫിനു വലിയ സങ്കടം ഉളവാക്കിയിരുന്നു. അവന്റെ സ്‌നേഹത്തിന്റെ എല്ലാമെല്ലാമായിരുന്ന ഈശോയില്‍ അവന്റെ ദൃഷ്ടികള്‍ സദാ അവന്‍ ഉറപ്പിച്ചിരുന്നു.

ചിലപ്പോള്‍ ജോസഫ് ആത്മഗതം ചെയ്തിരുന്നു: ‘ജോസഫേ, എത്ര വലിയ അനുഗ്രഹമാണു നിനക്കു കൈവന്നിരിക്കുന്നത്! എത്രയോ ഭാഗ്യവാനാണു നീ! തലമുറ തലമുറകളായി കാത്തിരുന്ന മിശിഹായോടും അവന്റെ അമ്മയോടുമൊത്ത് ജീവിക്കുവാനുള്ള ഭാഗ്യം എത്രയോ ആനന്ദദായകവും അനുഗ്രഹപൂര്‍ണ്ണവുമാണ്! ആ മിശിഹായോടുകൂടി, പിതാക്കന്മാരും പ്രവാചകന്മാരും കാലാകാലങ്ങളായി കാണാന്‍ കൊതിച്ച മിശിഹായോടുകൂടി ജീവിക്കാനുള്ള കൃപ എത്ര മഹത്തരമാണ്! അതുമാത്രമാണോ? അവതാരം ചെയ്ത വചനത്തിന്റെ ‘അപ്പന്‍’ എന്ന മഹാപദവി അലങ്കരിക്കാനുള്ള അപൂര്‍വ്വഭാഗ്യം ഭൂമിയില്‍ നിനക്കു മാത്രമാണു കൈവന്നിരിക്കുന്നത്!’

‘ഓ, എത്ര മഹത്തായ കൃപ! എത്രയോ പ്രവാചകന്മാരും പൂര്‍വ്വ പിതാക്കന്മാരു പ്രത്യാശാപൂര്‍വ്വം അവനെ കാണാന്‍ കാത്തിരുന്നു. എങ്കിലും അവരാരും കണ്ടില്ല. അവന്റെ വരവിനുവേണ്ടി എത്രയോ ഭക്തജനങ്ങള്‍ വിലപിച്ചിരുന്നു. രാജാവായ ദാവീദ് അവനെ കാണാനും അവന്റെ തൃപ്പാദങ്ങള്‍ സ്പര്‍ശിക്കുന്ന മണ്ണിനെ ആദരപൂര്‍വ്വം ചുംബിക്കുവാനും ഒട്ടേറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവനുപോലും നിന്നെ നേരിട്ടു കാണാന്‍ കഴിഞ്ഞില്ല. നിന്റെ അദൃശ്യമായ സാന്നിദ്ധ്യം മാത്രമേ അവന് ദര്‍ശിക്കാന്‍ സാധിച്ചുള്ളു. എന്നാല്‍, ഇവിടെ നിനക്കവനെ കരങ്ങളില്‍ എടുത്തുകൊണ്ടു നടക്കാനും മാറില്‍ കിടത്തി ഉറക്കാനും കഴിയുന്നു! അവന്റെ സംരക്ഷകനാകാനും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന പരിപാലകനാകാനും വലിയ അധികാരം സിദ്ധിച്ചിരിക്കുന്നു! എത്ര ഉന്നതമായ കൃപാവര്‍ഷം! നിന്റെ തന്നെ മനസ്സിനുപോലും മനനം ചെയ്യാന്‍ കഴിയാത്ത വന്‍കൃപ! നിനക്കല്ലാതെ മറ്റാര്‍ക്കും ഇത്ര മഹത്തായ ഭാഗ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.’

ഇത്രയും അവന്‍ തന്നോടുതന്നെ സംസാരിച്ചുതീര്‍ന്നപ്പോഴേക്കും തന്റെ രക്ഷകനായ ഈശോയോടുള്ള സ്‌നേഹവും കൃതജ്ഞതയുംകൊണ്ട് അവന്റെ ഹൃദയം നിറഞ്ഞു തുളുമ്പിക്കഴിഞ്ഞിരുന്നു. അവന്‍ മറിയത്തിന്റെ കാല്‍ക്കല്‍ വീണ് തനിക്കുവേണ്ടി ദൈവത്തിനു നന്ദി പറയണമെന്ന് യാചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘നമ്മുടെ രക്ഷകനായ ദൈവപുത്രന്റെ മാതാവായ എന്റെ ഭാര്യേ, എനിക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണം, നിന്റെ ഭര്‍ത്താവായിരിക്കാന്‍ എന്നെ തിരഞ്ഞെടുത്തതിനും ഇത്ര മഹത്വപൂര്‍ണ്ണമായ പദവിയിലേക്ക് എന്നെ നിയോഗിച്ചതിനും എനിക്കുവേണ്ടി നീ കര്‍ത്താവിനോടു നന്ദി പറയണം. ഞാന്‍ ഒറ്റയ്ക്ക് എത്രമാത്രം കൃതജ്ഞതയര്‍പ്പിച്ചാലും അതു മതിയാവുകയില്ല.’

‘അവിടുത്തെ വന്‍കൃപകളാല്‍ ഞാന്‍ നിറഞ്ഞുകവിഞ്ഞതുപോലെയാണ് ഇപ്പോള്‍ എനിക്ക് അനുഭവപ്പെടുന്നത്. അതേസമയം ഇത്ര മഹത്തായ അവിടുത്തെ പ്രീതിക്ക് ഞാന്‍ എങ്ങനെ അര്‍ഹനായിത്തീര്‍ന്നു എന്ന ചിന്ത എന്നെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്. കാരണം അപാരമായ ഈ വിളിക്കും നിയോഗത്തിനും ഞാന്‍ അര്‍ഹനല്ലാതിരുന്നിട്ടും അവിടുന്ന് എന്നെ തിരഞ്ഞെടുത്തല്ലോ. അതിനാല്‍ എനിക്കുവേണ്ടി നീ ഉചിതമായ നിലയില്‍ ദൈവത്തിനു നന്ദി പറയണം. എന്റെ ജീവനും ആത്മാവും ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുന്നു. എന്നെന്നും അവിടുത്തെ അടിമയും ദാസനുമായിരുന്നുകൊള്ളാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു എന്ന് നീ കര്‍ത്താവിനോടു പറയുക. അവിടുത്തെ പ്രീതിപ്പെടുത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവിടുത്തോട് ആരാഞ്ഞ് എന്നെ അറിയിക്കുകയും ചെയ്യുക. അവിടുത്തെ വന്‍കൃപകളെയും മഹത്തായ ഈ ഒരേയൊരു ദാനത്തെയും കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. പിന്നെ എങ്ങനെയാണ് അവിടുത്തെ ദാനങ്ങള്‍ക്കൊത്തവിധം കര്‍ത്താവിനെ മഹത്വപ്പെടുത്താന്‍ കഴിയുക? എന്റെ പ്രിയ ഭാര്യേ, വീണ്ടും ഞാന്‍ നിന്നോടു യാചിക്കുകയാണ്, എന്റെ ബലഹീനതകളും നിസ്സാരതകളും അറിയുന്ന നീ എനിക്കുവേണ്ടി അവിടുത്തോടു പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുക.’

ജോസഫിന്റെ ഹൃദയത്തിലെ ആഴമായ ഭക്തിയും കൃതജ്ഞതാനിര്‍ഭരമായ മനസ്സും കണ്ടു മറിയം അത്യധികം ആമോദിച്ചു. അവന്റെ വിനീതമായ പ്രാര്‍ത്ഥനകള്‍ അവനു ലഭിച്ചിരിക്കുന്ന ഉന്നതമായ കൃപകളെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ഉത്തമമായ ബോദ്ധ്യം വീണ്ടും കൂടുതല്‍ കൃപകള്‍ സ്വീകരിക്കാന്‍ അവനെ പ്രാപ്തനാക്കിയിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ജോസഫിന്റെ അഭ്യര്‍ത്ഥനകളൊന്നും അവനു നല്കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും താന്‍ കര്‍ത്താവിനെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുകൊള്ളാമെന്നു മറിയം വാക്കുകൊടുത്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles