മണ്ണില്‍ പിറന്നുവീണ ദിവ്യശിശുവിനെ ആദ്യമായി കരങ്ങളിലെടുത്തത് ആരായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 80/200

മണ്ണില്‍ പിറന്നുവീണ് ദിവ്യശിശു തണുപ്പുകൊണ്ടു വിറയ്ക്കുന്നത് ജോസഫിന്റെ ശ്രദ്ധയില്‍പ്പെട്ടു. ശിശുവിനെ ഉടന്‍ തന്റെ കരങ്ങളിലെടുക്കാന്‍ അവന്‍ മുതിര്‍ന്നില്ല. അവനെ പ്രസവിച്ച അമ്മ ആദ്യം ആ അവകാശം പ്രയോജനപ്പെടുത്തട്ടെ എന്ന് ജോസഫ് വിചാരിച്ചു. തന്റെ ദിവ്യശിശു അവള്‍ എടുക്കുന്നതിനുവേണ്ടി അത്യാകാംക്ഷാപൂര്‍വ്വം അവളെ നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവന്റെ ഹൃദയം സ്‌നേഹവും അനുകമ്പയുംകൊണ്ടു നിറഞ്ഞ് ഏതാണ്ടു വിങ്ങിപ്പൊട്ടുന്ന അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.

മാലാഖമാരുടെ വ്യൂഹം സ്തുതികളാലപിക്കുന്ന ശക്തമായ സംഗീതധ്വനി ആകാശവിതാനത്തില്‍ മുഴങ്ങാന്‍ തുടങ്ങി: ‘അത്യുന്നതങ്ങളില്‍ മഹത്വം! ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം…’ ആ രാത്രിയിലുടനീളം ബത്‌ലഹേമില്‍ കാലിത്തൊഴുത്തും അതിന്റെ ചക്രവാളങ്ങളും സ്വര്‍ഗ്ഗീയദൂതഗണങ്ങളുടെ വാദ്യഘോഷങ്ങളും സ്തുതിഗീതങ്ങളും കൊണ്ട് മുഖരിതമായിരുന്നു. ദൈവപുത്രനെക്കുറിച്ചുള്ള ആഴമായ പര്യാലോചനയില്‍ മുഴുകിയിരുന്നതുകൊണ്ട് ദുതഗണങ്ങളുടെ ഗാനാലാപനത്തില്‍ അത്രമാത്രം ശ്രദ്ധിക്കാന്‍ ജോസഫിനു കഴിഞ്ഞില്ല്. എങ്കില്‍പ്പോലും അസുലഭവും അത്ഭുതാവഹവുമായ ആ മഹനീയ സ്വര്‍ഗ്ഗീയ ഉല്ലാസഗാനാലാപം അവനെ ആഹ്ലാദഭരിതനാക്കിയിരുന്നു.

ദൈവത്തിന്റെ പദ്ധതി നിറവേറപ്പെട്ട മഹത്വപൂര്‍ണ്ണമായ ആ മണിക്കൂറില്‍ മറ്റുപല നിഗൂഢരഹസ്യങ്ങളും ഗ്രഹിക്കാന്‍ ദൈവം ജോസഫിന്റെ ആത്മാവിനു പ്രകാശം കൊടുത്തു. തികച്ചും ഈ ലോകത്തിന് അഗ്രാഹ്യമാംവിധം കൊടിയ ദാരിദ്ര്യത്തിന്റെ നടുവില്‍ വെറുമൊരു കാലിത്തൊഴുത്തില്‍ വന്നു പിറക്കാന്‍ ദിവ്യരക്ഷകന്‍ ഇഷ്ടപ്പെട്ടതിന്റെ രഹസ്യമെന്തെന്ന് അപ്പോള്‍ ജോസഫിന് വ്യക്തമായൊരു ഉള്‍ക്കാഴ്ച ലഭിച്ചു. ഏറ്റം താഴ്മയോടും ജ്ഞാനത്തോടും വിനയത്തോടും അതിരറ്റ സ്‌നേഹത്തോടുംകൂടി മറിയം തന്റെ ദിവ്യസുതനെ പരിചരിക്കുകയായിരുന്നു. അപ്പോള്‍ ജോസഫ് തന്നോടുതന്നെ പറഞ്ഞു: ‘ദൈവത്തിന്റെ ഏറ്റം മഹത്തായ ഈ അത്ഭുതപ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിക്കുവാനും തിരുക്കുമാരന്റെ അമ്മയുടെ ഭര്‍ത്താവാകുവാനുമുള്ള ഈ മഹാഭാഗ്യം കൈവരിക്കാന്‍ താന്‍ എന്തു പുണ്യമാണു ചെയ്തത്? എന്റെ ദൈവമേ, അവിടുന്നു പ്രകടിപ്പിക്കുന്ന ഇത്ര ശ്രേഷ്ഠവും ഉന്നതവുമായ ഔദാര്യത്തിനും അതിരറ്റ മഹാമനസ്‌കതയ്ക്കും എപ്രകാരമാണു ഞാന്‍ നന്ദി പ്രകാശിപ്പിക്കേണ്ടത്?’ യഥാര്‍ത്ഥത്തില്‍് നവജാത ദിവ്യരക്ഷകനോട് ജോസഫ് പലവിധത്തില്‍ നന്ദിപ്രകടനം നടത്തുന്നുണ്ടായിരുന്നു.

ദൈവമാതാവ് അപ്പോഴേക്കും തന്റെ തിരുസുതനെ കരങ്ങളില്‍ എടുക്കുകയും മാറോടു ചേര്‍ത്തു പൊത്തിപ്പിടിക്കുകയും ചെയ്തു. അതു ജോസഫിനു തെല്ലൊരു ആശ്വാസം പകര്‍ന്നു. അവന്‍ പരിശുദ്ധ മാതാവിന്റെ അരികില്‍ മുട്ടുകുത്തി ദൈവസുതനെ ആരാധിച്ചുകൊണ്ടിരുന്നു. ദിവ്യശിശു ജോസഫിനെ നോക്കി ചെറുതായി പുഞ്ചിരിക്കുകയും, തന്റെ പരിശുദ്ധ മാതാവിന്റെ കരങ്ങളില്‍ ആയിരിക്കുന്നതില്‍ അവന്‍ എത്രമാത്രം സന്തോഷവാനാണെന്നു ഭാവപ്രകടനത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു.

മറിയം കൈവരിച്ച മഹത്തായ സൗഭാഗ്യത്തില്‍ ജോസഫ് അവളെ അനുമോദിച്ചു. അവന്‍ സ്വയം ഇങ്ങനെ പറയുകയും ചെയ്തു: ‘ദൈവസുതന്‍ അവന്റെ പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ വിശ്രമിക്കുന്നത് എത്ര ആനന്ദകരമായിരിക്കുന്നു! നിനക്കുവേണ്ടി നീ തന്നെ പ്രത്യേകം രൂപപ്പെടുത്തിയവളുടെ കരങ്ങളില്‍ ഇരിക്കുമ്പോള്‍ അത് എത്രയോ ആശ്വാസദായകമായ അവസ്ഥയായിരിക്കും! എന്തെല്ലാം സുകൃതങ്ങളും കൃപകളുമാണ് നീ അവള്‍ക്കു നല്‍കിയിരിക്കുന്നത്? ആദാമിന്റെ സന്തതികളില്‍നിന്ന് അവളെ തിരഞ്ഞെടുത്തതില്‍ ഞാന്‍ അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. ഇത്ര ഉന്നതമായ പദവിയിലേക്ക് അവളെ ഉയര്‍ത്തിയതിന് ഞാന്‍ നിനക്ക് അനവരതം നന്ദി പറയുന്നു. അവള്‍ക്കുവേണ്ടിയും നിനക്കു ഞാന്‍ നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നു. എന്നിലൂടെ നിര്‍വഹിക്കപ്പെടേണ്ട ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ ശക്തി ഈ ദാസനു കനിഞ്ഞനുഗ്രഹിച്ചു നല്‍കിയാലും.’

സമസ്ത സൃഷ്ടികളും പുല്‍ത്തൊഴുത്തില്‍ വന്ന് അവതരിച്ച വചനത്തെ ആരാധിക്കുകയും അവന്‍ പിറന്ന സദ്‌വാര്‍ത്ത എല്ലാവരും അറിയുകയും ചെയ്യണമെന്ന് സ്‌നേഹനിധിയായ ജോസഫ് അത്യധികം ആഗ്രഹിച്ചിരുന്നു. തന്റെ സൃഷ്ടികളോടുള്ള ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹം നിമിത്തം മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി അവന്‍ ഉന്നതങ്ങളില്‍നിന്നിറങ്ങി പുല്‍ത്തൊഴുത്ത്ില്‍ പിറന്നു എന്ന് മനുഷ്യരെല്ലാവരും മനസ്സിലാക്കട്ടെ എന്ന് അവന്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, അത് എത്ര അസാദ്ധ്യമായ കാര്യമാണെന്നു മനസ്സിലാക്കിയപ്പോള്‍, അവന്‍ എല്ലാവരുടെയും പേരില്‍ ദിവ്യശിശുവിനെ ആരാധിക്കുകയും അവനു നന്ദി പറയുകയും ചെയ്തു. അവനു സാധ്യമായ മുഴുവന്‍ ആദരവോടും വണക്കത്തോടുംകൂടിയാണ് അപ്രകാരം ചെയ്തത്. അത് ഉണ്ണീശോയ്ക്ക് ഏറ്റം തൃപ്തികരമായി അനുഭവപ്പെടുകയും തന്റെ അഭിനന്ദനം ജോസഫിന്റെ നേര്‍ക്ക് കുഞ്ഞുശിരസ്സു ചെരിച്ച് പുഞ്ചിരിച്ചുകൊണ്ടു പ്രകടിപ്പിക്കുകയും ചെയ്തു. അതു കണ്ടപ്പോള്‍ ജോസഫിന് അതിരില്ലാത്ത ആനന്ദം അനുഭവപ്പെട്ടു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles