വി. യൗസേപ്പിതാവും പരി. മറിയവും ദൈവപുത്രന്റെ മനുഷ്യാവതാരത്തിനായി ഒരുങ്ങിയതെങ്ങിനെയന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 67/100

മറിയത്തിന്റെ ശരീരത്തെ ആവരണം ചെയ്ത് ഒരു പ്രകാശവലയം താന്‍ ഇടയ്ക്കിടെ കണ്ടിരുന്നുവെന്നും മറ്റു സമയങ്ങളില്‍ അവന്റെ ശരീരത്തെയും ആത്മാവിനെയും കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്ന അവാച്യമായ ഒരു സുഗന്ധം അവളില്‍ നിന്ന് പുറപ്പെട്ടിരുന്നുവെന്നും അവന്‍ അവളോട് പറഞ്ഞു. മഹത്വമേറിയ അവളുടെ ദര്‍ശനത്തില്‍ ചില സമയങ്ങളില്‍ ദൈവവുമായുള്ള ലയനത്തില്‍നിന്ന് ഉത്ഭുതമാകുന്ന ദൈവകൃപയുടെ നിറവാണ് അതിനു കാരണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് തന്നോടുതന്നെ പറയുവാന്‍ തക്കവിധം ആന്തരികമായ ഒരറിവും ഉറപ്പും അവനുണ്ടായിരുന്നുവെന്നു അവന്‍ വ്യക്തമാക്കി. ‘ദൈവവചം നിന്റെ ഉദരത്തില്‍ മാംസം ധരിച്ച് ദൈവമനുഷ്യനായി നിന്നില്‍ വസിക്കുന്നുവെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. ഓ ഞാനത് അറിഞ്ഞിരുന്നുവെങ്കില്‍ മനുഷ്യനായി പിറന്ന ദൈവവചനത്തെ ബഹുമാനിക്കുന്നതിനും അവിടുത്തേക്ക് നന്ദിയര്‍പ്പിക്കുന്നതിനും ഞാനൊരിക്കലും വീഴ്ചവരുത്തുകയില്ലായിരുന്നു. കുടുംബത്തിലം ഒരു ചെറിയ ജോലിപോലും ചെയ്യുവാന്‍ നിന്നെ ഞാനൊരിക്കലും അനുവദിക്കുകയില്ലായിരുന്നു. ഓ എങ്കില്‍ എന്റെ പെരുമാറ്റം എത്രമാത്രം വ്യത്യസ്തമായിരുന്നേനേ! നിന്റെ നിര്‍മ്മലമായ ഉദരത്തില്‍ സന്നിഹിതനായിരിക്കുന്ന എന്റെ ദൈവത്തെ എത്രമാത്രം അടുത്തുനിന്നു ഞാന്‍ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു.

അഗാധമായ എളിമയോടെ പരിശുദ്ധ അമ്മ ജോസഫിന് ഉത്തരമരുളി. ഇതെല്ലാം സംഭവിക്കാന്‍ ദൈവം അനുവദിച്ചു. ദൈവമാതാവാണെങ്കിലും അവള്‍ തന്നെത്തന്നെ എളിമപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമായതിനാല്‍ ജോസഫിന് മുമ്പെന്നപോലെ അവള്‍ തുടര്‍ന്നും ശുശ്രൂഷ ചെയ്യണമെന്ന് ദൈവഹിതമായിരുന്നു എന്നും അവള്‍ പ്രഖ്യാപിച്ചു. അവളുടെ ദൈവം തന്നെത്തന്നെ എളിമപ്പെടുത്തുകയും തരംതാഴ്ത്തുകയും ചെയ്തിരിക്കുന്നതിനാല്‍ ഏറ്റവും വിനയവും എളിമപ്പെടുത്തലുകളുമാണ് താന്‍ അന്വേഷിക്കേണ്ടതെന്ന് മറിയം പറഞ്ഞു.

മറിയം ഇതുപോലെ സംസാരിക്കുന്നതു കേട്ട ജോസഫ് ആകെ വിഷണ്ണനായി. ശുശ്രൂഷയ്ക്കുള്ള തന്റെ സമര്‍പ്പണത്തെ അവഗണിച്ചതുവഴി തന്റെ ആഗ്രഹങ്ങള്‍ ഒരിക്കലും സഫലീകൃതമാകില്ല എന്ന കാര്യം അവനെ വേദനിപ്പിച്ചു. എല്ലാക്കാര്യങ്ങളിലും അവള്‍ക്ക് ശുശ്രൂഷചെയ്യാന്‍ അവനെ അവള്‍ അനുവദിക്കാത്തതിനെക്കുറിച്ച് അവന്‍ പരിഭവിച്ച് താഴ്മയോടെ അപേക്ഷിച്ചു. ‘എന്റെ മണവാട്ടി, എന്റെ പ്രാവേ, നിന്നെ ശുശ്രൂഷിക്കാന്‍ എന്നെ നീ അനുവദിക്കുമോ? എന്തെന്നാല്‍ നിന്നില്‍ വസിക്കുന്ന ദൈവത്തെ ലക്ഷ്യംവച്ചാണ് ഞാന്‍ നിനക്ക് ശുശ്രൂഷകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്.’

മറിയം ആര്‍ദ്രതയോടെ മറുപടി നല്കി. ദൈവമനുഷ്യന്‍ ഭൂജാതനായതിനുശേഷം ദൈവത്തെ സേവിക്കാനുള്ള അവന്റെ ആഗ്രഹങ്ങള്‍ സഫലീകൃതമാകുമെന്നും അതുവരെ അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അവള്‍ പറഞ്ഞു. ‘അപ്പോള്‍ നാം ഒരുമിച്ച് അവിടുത്തേക്ക് ശുശ്രൂഷകള്‍ ചെയ്യും.’ അവള്‍ പറഞ്ഞു: ‘അപ്പോള്‍ നമുക്ക് അവിടുത്തെ നമ്മുടെ കരങ്ങളില്‍ വഹിക്കാന്‍ കഴിയും. അവിടുന്നു വിശ്രമിക്കുന്ന പിള്ളത്തൊട്ടിലായി നാം അവിടുത്തേക്ക് സേവനം ചെയ്യും.’ ഇതു ശ്രവിച്ച ജോസഫ് ആനന്ദത്താല്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് മറിയത്തോട് പറഞ്ഞു. ‘ഓ, ദൈവവചനത്തിന്റെ അമ്മേ! എന്റെ രക്ഷകനെ എന്റെ കരങ്ങളിലെടുത്ത് എന്റെ മാറോടു ചേര്‍ത്തണയ്ക്കാനുള്ള ആനന്ദദായകമായ ഭാഗ്യം എനിക്ക് ലഭിക്കുന്ന സമയം സമാഗതമാകുന്നുവെന്നത് സത്യമായ കാര്യമാണോ? ഓ എത്രയും ഉന്നതമായ അനുഗ്രഹം! എനിക്ക് എങ്ങനെ ഇത് പ്രാപ്തമായിത്തീര്‍ന്നു?’ ഇതു പറഞ്ഞപ്പോഴേ അവന്‍ ഹര്‍ഷോന്മത്തനായി, ദൈവസ്‌നേഹത്താല്‍ ജ്വലിച്ചു. അവന്റെ രൂപം ഒരു സെറാഫിനെപ്പോലെ കാണപ്പെട്ടു.

പരിശുദ്ധ അമ്മ ഇതില്‍ അതിയായി സന്തോഷിച്ചു. തന്റെ ജീവിതപങ്കാളിയെ ഇത്രയധികം സ്‌നേഹത്താലും കൃപയാലും സമ്പന്നമാക്കിയതിന് അവനുവേണ്ടി അവള്‍ ദൈവത്തിന് നന്ദിയും സ്തുതിയുമര്‍പ്പിച്ചു. ദൈവപുത്രന്റെ ജനനത്തെ സംബന്ധിച്ചുള്ള പല ദൈവികരഹസ്യങ്ങളും ദൈവഐക്യത്തിലായിത്തീര്‍ന്ന ജോസഫിന് വെളിപ്പെടുത്തിക്കിട്ടി. അതിനുശേഷം എത്രയും പരിശുദ്ധ അമ്മയോട് ജോസഫ് അക്കാര്യങ്ങളെല്ലാം പറഞ്ഞു. ഈ കാര്യങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അവള്‍ക്കറിയാമായിരുന്നുവെങ്കിലും ജോസഫില്‍നിന്ന് അതെല്ലാം പറഞ്ഞുകേള്‍ക്കുന്നതില്‍ അവള്‍ ആനന്ദിച്ചു. ദൈവിക നന്മയെ പുകഴ്ത്തുന്നതിനുള്ള ഒരവസരമായി അവള്‍ ഇതിനെ കണക്കാക്കി. ദൈവികപദ്ധതിയുടെ ഔന്നത്യത്തെ അവള്‍ വാഴ്ത്തി സ്തുതിച്ചു. അവരുടെ പരസ്പര സംഭാഷണം അവരെ കൂടുതല്‍ കൂടുതല്‍ അത്ഭുതപരവശയാക്കി, അവര്‍ ഒന്നിച്ച് ഉദ്‌ഘോഷിച്ചു: ‘ഓ, അവര്‍ണ്ണനീയമായ ദൈവികനന്മയേ! ഓ, അളവറ്റ സ്‌നേഹമേ! ലോകത്തിന് അഗ്രാഹ്യമായി അത്യുന്നതനായ ദൈവം ഇതുപോലെ ഞങ്ങളോടൊത്തു വസിക്കാന്‍ താണിറങ്ങി വന്നിരിക്കുന്നുവെന്ന് ആര്‍ക്കു വിശ്വസിക്കാന്‍ കഴിയും!’

മനുഷ്യാവതാരം ചെയ്ത ദൈവത്തെക്കുറിച്ച് യാതൊരറിവുമില്ലാത്ത എല്ലാ സൃഷ്ടികള്‍ക്കുംവേണ്ടി പരിഹാരം ചെയ്യുക തങ്ങളുടെ കര്‍ത്തവ്യമാണെന്ന് എത്രയും പരിശുദ്ധ കന്യകാമറിയം ജോസഫിന് വിശദീകരിച്ചുകൊടുത്തു. ദൈവത്തെ അറിയാനും അവിടുത്തോടൊത്തു സഹവസിക്കാനും അവര്‍ക്ക് രണ്ടുപേര്‍ക്കും ഭാഗ്യം ലഭിച്ചിരിക്കുന്നതിനാല്‍ അവര്‍ എപ്പോഴും അവിടുത്തെ സ്തുതിക്കണം, അവിടുത്തേക്ക് നന്ദിയര്‍പ്പിക്കണം; അവിടുത്തേക്ക് ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കണം, അവിടുത്തെ സ്‌നേഹിക്കണം. ചുരുക്കത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന ഉന്നതവും വിശിഷ്ടവുമായ ഈ അനുഗ്രഹത്തോട് അവരുടെ കഴിവിന്റെ പരമാവധി അവര്‍ പ്രതികരിക്കണം.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles