തീവ്രമായ സഹനത്തില്‍ നിന്ന് കരകയറാന്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 64/100
വി. യൗസേപ്പിതാവ് സ്വര്‍ഗ്ഗത്തിലേക്ക് അനേകം പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി. ദൈവം തന്നെ പ്രകാശിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം എന്ന നിയോഗത്തോടെ അവന്‍ ഉപവസിക്കുകയും ദാനധര്‍മ്മം ചെയ്യുകയും ചെയ്തു. അവന്‍ തന്റെ പത്‌നിയുടെ നേരെ വലിയ സ്‌നേഹത്തോടും ഹൃദയഭേദകമായ സഹാനുഭൂതിയോടുംകൂടി നോക്കി. അവന്‍ മിക്കപ്പോഴും ആത്മഗതം ചെയ്യും. ‘ഓ എന്റെ പത്‌നീ, എന്റെ അത്യധികമായ സമാശ്വാസത്തിന്റെ കാരണം നീയാണ്. എന്നാല്‍ ഇപ്പോള്‍ ഏറ്റം വലിയ വേദനയുടെ കാരണവും നീ തന്നെ. ഓ എന്തുമാത്രം ആകുലകതകളാണ് എന്നെ പൊതിഞ്ഞിരിക്കുന്നതെന്ന് നീ അറിഞ്ഞിരുന്നെങ്കില്‍ നിന്റെ ഈ അവസ്ഥയുടെ കാരണം എന്തെന്ന് വെളിപ്പെടുത്തി എന്നെ സമാശ്വസിപ്പിക്കുമായിരുന്നു.’
ദൈവവചനത്തിന്റെ അമ്മ ജോസഫിന്റെ ഈ വിചാരങ്ങളും അറിഞ്ഞിരുന്നു. അവള്‍ക്കും ഇത് അത്യന്തം വേദനാജനകമായിരുന്നു. എന്നിട്ടും ഈ വേദനകള്‍ നിശ്ശബ്ദയായി സഹിച്ചുകൊണ്ട് അവള്‍ മൗനം പാലിച്ചു. ആകുലതയാല്‍ വിഴുങ്ങപ്പെട്ടിരുന്ന തന്റെ ദാസനോട് ദൈവത്തിന് അനുകമ്പ തോന്നി അവന് ഒരു വിടുതല്‍ നല്‍കുന്ന സമയംവരെ അവള്‍ കാത്തിരുന്നു. ഇതിനായി അവള്‍ ദൈവത്തോട് കേണപേക്ഷിച്ചു. അത്യുന്നതന്‍, പക്ഷേ തന്റെ ഏറ്റം അനുസരണയുള്ള ജോസഫിന്റെ വിശ്വസ്തത പരിശോധിക്കുകയും അതുവഴി അവനു കൂടുതല്‍ യോഗ്യത സമ്പാദിക്കാനുള്ള അവസരം നല്‍കുകയുമാണ് ചെയ്തത്.
പീഡനങ്ങളാല്‍ ഞെരുക്കപ്പെട്ട ജോസഫ് അവസാനം തന്റെ പത്‌നയോടുതന്നെ ഇതിന്റെ കാരണം ചോദിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഏറെ പ്രാവശ്യം തീരുമാനമെടുത്തെങ്കിലും അവന് ചോദിക്കാന്‍ സാധിച്ചില്ല. അവന്‍ ഇത് ചോദിക്കാന്‍ വിചാരിച്ച ഓരോ സമയവും ലജ്ജയും ആദരപൂര്‍വ്വവുമായ ഒരു ഭയവും അവനെ മഥിച്ചു. അവന്റെ പീഡനങ്ങള്‍ വര്‍ദ്ധിച്ചു. ‘ഓ, എന്റെ ദൈവമേ’ അവന്‍ കേണു. ‘ഞാനീ സഹിക്കേണ്ടത് എന്താണ്? എന്റെ പത്‌നി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കാണുന്നതിന്റെ കാരണമെന്താണ് എന്ന് അവളോട് ചോദിക്കാന്‍ കഴിയാത്തവിധം അവള്‍ എന്നോട് കരുണയോടും സ്‌നേഹത്തോടുംകൂടി പെരുമാറുന്നു. അതു ചൊദിച്ചാല്‍ ഈ ദുരിതത്തില്‍നിന്ന് ഞാന്‍ പുറത്തു കടക്കുമെങ്കിലും അത് ചോദിക്കാനുള്ള ധൈര്യം എനിക്ക് ലഭിക്കുന്നില്ല. ഇതെല്ലാം എന്റെ ഗ്രഹണശക്തിക്കതീതമാണ്. ഓ നിനക്കുമാത്രമാണ് എന്റെ ദൈവമേ, എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുക. അതുകൊണ്ട് ഞാന്‍ നിന്നിലേക്ക് തിരിയുന്നു. എന്റെ ഈ ഹൃദയനൊമ്പരം നിന്റെ മുമ്പില്‍ വയ്ക്കുന്നു.’ പക്ഷെ ദൈവം അപ്പോഴും നിശ്ശബ്ദനായിരുന്നു. തന്റെ ദാസന്‍ ഈ ആകുലതകള്‍ സഹിക്കാന്‍ വീണ്ടും അനുവദിച്ചു.
പലരീതിയില്‍ ജോസഫിനെ സമാശ്വസിപ്പിക്കാനായി മറിയം കിണഞ്ഞു ശ്രമിച്ചു. അവള്‍ ശ്രദ്ധയോടെ അവന്റെ കാര്യങ്ങള്‍ നോക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സാഹചരി്യത്തില്‍നിന്ന് ഉയര്‍ത്താന്‍ താനത്# എന്താണ് ചെയ്യേണ്ടതെന്ന് അവള്‍ ദൈവത്തോട് ചോദിച്ചു. അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി അവള്‍ ദൈവസ്തുതികള്‍ പാടിയിരുന്നു. തന്റെ ഹൃദയം ഗൗരവമായ ഒരു പ്രശ്‌നത്തിലൂടെ കടന്നുപോകുന്നു എന്ന് പറയാന്‍ മാത്രമേ ജോസഫിനായുള്ളു. ‘എന്റെ പത്‌നീ, ‘ അവന്‍ പറഞ്ഞു: ‘എന്റെ പരീക്ഷണങ്ങളില്‍ നീ എനിക്ക് എപ്പോഴും ആശ്വാസമാണ്. എന്നാല്‍, ആകുലത ഇപ്പോള്‍ എന്റെ ഹൃദയത്തെ വിട്ടുമാറുന്നില്ല. ദൈവം തന്റെ കരുണ എന്റെമേല്‍ ചൊരിയാനായി യാചിക്കുക.’
സങ്കടപ്പെട്ടിരുന്ന ജോസഫിന് കൂടുതല്‍ പറയാന്‍ ആഗ്രഹമുണ്ടായിരുന്നിരിക്കണം. തന്റെ ദുരിതത്തിന്റെ കാരണമെന്തെന്ന് കൂടുതല്‍ സ്വതന്ത്രമായ വിശദീകരിക്കാമായിരുന്നു. പക്ഷേ അവനതിന് കഴിഞ്ഞില്ല. അവന്‍ ആത്മഗതം ചെയ്തു. ‘എന്റെ ദുരിതത്തിന്റെ കാരണമെന്താണ് എന്ന് മറിയത്തിന് അറിയില്ലെന്നു വരുമോ? ഒരുപക്ഷേ എനിക്ക് ഒരു വിശദീകരണം തരാന്‍ അവള്‍ക്ക് കഴിയാഞ്ഞിട്ടായിരിക്കാം.’
ജോസഫ് തന്നെത്തന്നെ ദൈവതിരുമുമ്പില്‍ കൂടുതല്‍ എളിമപ്പെടുത്തുകയും മിക്കപ്പോഴും കരയുകയും ചെയ്തിരുന്നു. ദൈവം തന്റെ മേല്‍ ചൊരിഞ്ഞ അനേകം അനുഗ്രഹങ്ങള്‍ക്ക് വേണ്ടത്ര നന്ദി പ്രകാശിപ്പിക്കാത്തതുകൊണ്ട് ഇമ്മാതിരി സഹനങ്ങള്‍ താന്‍ അര്‍ഹിക്കുന്നു എന്ന് അവന്‍ ചിന്തിച്ചു. ഇത്രയും പരിശുദ്ധയും സുകൃതസമ്പന്നയുമായ ഒരു പത്‌നിയെ കിട്ടിയതുമൂലം ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ സൃഷ്ടി താനാണെന്ന് അല്പംമുമ്പുവരെ കരുതിയിരുന്ന താന്‍ ഇപ്പോള്‍ ദുരിതവും വേദനയും നിറഞ്ഞ ആത്മാവായി സ്വയം കാണുകയാണ്. മറിയം ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞ് താമസിയാതെ പിറക്കും എന്നു കണ്ടതുകൊണ്ടാണ് അവന്റെ മനോവിഷമം ഓരോ ദിവസവും കൂടിക്കൂടി വന്നു. അത് സമ്പൂര്‍ണ്ണമായും അവനെ അന്ധാളിപ്പിച്ചു. അവന്റെ ഹൃദയവേദന ഒട്ടുംതന്നെ കുറഞ്ഞില്ല.
ചിലപ്പോള്‍ തന്നെത്താന്‍ ഉറക്കെ ഇങ്ങനെ സംസാരിച്ചുകൊണ്ട് തന്റെ മനോവേദന കുറയ്ക്കാന്‍ അവന്‍ ശ്രമിച്ചു. ‘ഓ എന്റെ പത്‌നീ, എന്നെ ഇങ്ങനെ ആകുലതയില്‍ വിട്ടുകളയാന്‍ നിനക്ക് എങ്ങനെ കഴിയുന്നു? നീ ഇത്രമാത്രം എന്നോട് ക്രൂരത കാണിക്കാന്‍ മാത്രം ഏതു കാര്യത്തിലാണ് ഞാന്‍ നിനക്ക് അതൃപ്തി വരുത്തുകയോ നിന്നെ വേദനിപ്പിക്കുകയോ ചെയ്തത്? നിനക്ക് എന്നോടുള്ള ഭാവങ്ങള്‍ മാറിപ്പോയതുപോലെ തോന്നുന്നു. നീ എപ്പോഴും കരുണയുള്ളവളും എന്റെ ആശ്വാസവുമായിരുന്നു. ഇപ്പോള്‍ നിനക്ക് യാതൊരു ദാക്ഷിണ്യവുമില്ല. എന്റെ ഹൃദയവേദനയുടെ കാരണം എന്തെന്ന് നിനക്ക് അറിയാമായിരിക്കേ എല്ലാം എന്നില്‍നിന്ന് മറച്ചുവയ്ക്കുന്നു.’ ആകുലത നിറഞ്ഞ ജോസഫിന്റെ പരാതികളെല്ലാം മറിയം അറിയുന്നുണ്ടായിരുന്നു. അവള്‍ അവനോടൊത്ത് സഹതപിക്കുകയും വേദനകിക്കുകയും ചെയ്തു. പക്ഷേ തന്റെ നിശ്ശബ്ദത തുടര്‍ന്നു അനുവദിക്കുന്നതുകൊണ്ട് തന്റെ രഹസ്യം തുറന്നു പറഞ്ഞ് ജോസഫിനെ അവന്റെ ദുരിതത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ, അവനുവേണ്ടി ഒത്തിരി പ്രാര്‍ത്ഥിക്കുന്നതില്‍ അവള്‍ പരാജയപ്പെട്ടിരുന്നില്ല.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.