വി. യൗസേപ്പിതാവിന്റെ തീക്ഷ്ണമായ പ്രാര്‍ത്ഥന മരണാസന്നരെ സഹായിച്ചിരുന്നതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 55/100

മറുവശത്ത് പരിശുദ്ധ അമ്മയുെ തന്നെ സന്ദര്‍ശിച്ച് ബഹുമാനിച്ചിരുന്ന മാലാഖമാരോട് തങ്ങളുടെ സ്വാധീനത്താല്‍ ജോസഫിനെ ആശ്വസിപ്പിക്കണമെന്നും പ്രതിസന്ധികളില്‍ ശക്തിപ്പെടുത്തണമെന്നും അപേക്ഷിച്ചിരുന്നു. ഇപ്രകാരം വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും തന്റെ ഭാര്യയില്‍നിന്ന് ആശ്വാസവും ശക്തിയും സഹായവും അവനു ലഭിച്ചിരുന്നു. അവളുടെ മുറിയില്‍ പ്രാര്‍ത്ഥിക്കുന്നതായിരുന്നു അവനുള്ള ഏറ്റവും വലിയ ആശ്വാസം. അവിടെവച്ച് അവന്റെ ഹൃദയം വേഗത്തില്‍ തുടിക്കുകയും അവന്‍ സംവഹിക്കപ്പെടുകയും ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള അറിവാല്‍ നിറയുകയും ചെയ്തിരുന്നു.

തനിക്കു ലഭിച്ച നിരവധിയായ കൃപകള്‍ ഏറ്റുപറഞ്ഞ് അവന്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. ദൈവത്തിന്റെ അനന്തമായ നന്മയാലും തന്റെ പരിശുദ്ധ ഭാര്യയുടെ യോഗ്യതകളാലുമാണ് ഇതെല്ലാം ലഭിക്കുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞു. തന്മൂലം അവള്‍ക്ക് കൂടുതല്‍ ദൈവകൃപകളും ദൈവികസ്‌നേഹവും ലഭിക്കുന്നതിനായി തന്നാല്‍ കഴിയുന്ന വിധത്തിലെല്ലാം അവന്‍ ശ്രമിച്ചു. മറിയമാകട്ടെ, ഇതേക്കുറിച്ച് ബോധവതിയായിരുന്നതുകൊണ്ട് അതേ കൃപാവരവര്‍ദ്ധനവ് ജോസഫിനും നല്കണമെന്ന് പ്രാര്‍ത്ഥിച്ചു.

തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്ന ദയാലുവായ ആ സ്ത്രീയോട് മറിയത്തിന്റെ വലിയ സുകൃതങ്ങളെക്കുറിച്ച് ജോസഫ് ചിലപ്പോഴെല്ലാം സംസാരിക്കുമായിരുന്നു. ദൈവഭയമുള്ളവളും ഈ പരിശുദ്ധ ദമ്പതികളോട് ഏറെ ആദരവുള്ളവളുമായിരുന്നതിനാല്‍ മറിയത്തിന്റെയും ജോസഫിന്റെയും സുകൃതത്തെക്കുറിച്ച് ഒരു പരിധിവരെ അവള്‍ക്ക് അറിയാമായിരുന്നു. അത് അവന് വലിയ സമാശ്വാസമായിരുന്നു. ‘ഓ എന്റെ പ്രിയപ്പെട്ട പത്‌നീ, നിന്നെ ഇനി എന്നാണ് ഞാനിവിടെ എന്റെ അടുത്ത് കാണുക? നമ്മുടെ ഹൃദ്യമായ സംഭാഷണങ്ങള്‍ നമുക്ക് നടത്താനാവുക? ഏറ്റം നിര്‍മ്മലയും പരിശുദ്ധയുമായ പ്രാവേ, നീ പരിശുദ്ധയായതുകൊണ്ട് ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നു. കൃപാവരങ്ങളുടെ ഭണ്ഡാഗാരം ദൈവം നിന്നില്‍ സ്ഥാപിച്ചിരിക്കുന്നു.

എന്റെ ഈ സ്‌നേഹം ദൈവത്തിന് അപ്രീതി ജനിപ്പിക്കും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ദൈവകൃപകളുടെ പൂര്‍ണ്ണത നിന്നില്‍ ഞാന്‍ കാണുന്നതുകൊണ്ടാണ് ഞാന്‍ നിന്നെ ഇത്രയധികം സ്‌നേഹിക്കുന്നത്. ദൈവം തന്റെ സ്‌നേഹത്താല്‍ നിന്നില്‍ ജീവിക്കുന്നതുകൊണ്ട് അവന്റെ കൃപയെയും അവന്റെ സ്‌നേഹത്തേയും ഞാന്‍ നിന്നില്‍ കാണുന്നു. ഇക്കാരണത്താല്‍ തന്നെ എന്നിലുള്ള ദൈവസ്‌നേഹം വളര്‍ന്നു വര്‍ദ്ധിക്കുന്നതിനായി നിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുന്നു. ഈ സ്‌നേഹത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരികളാണ് നിന്റെ വാക്കുകള്‍. നിന്റെ സുകൃതങ്ങള്‍ എന്റെ ഹൃദയത്തിന് എത്രയും ശക്തമായ പ്രചോദനങ്ങളുമാണ്. നീ നിത്യമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ഈ സുകൃതസമ്പാദനത്തിനുള്ള ഒരു വലിയ പ്രചോദനം അവ നല്‍കുന്നു.

അവന്റെ പരിശുദ്ധ ഭാര്യയാകട്ടെ, അവന്‍ തന്നോടുതന്നെ പറയുന്നവയൊക്കെ അറിയുകയും ആ സ്തുതികളെല്ലാം തന്റെ ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അത്യുന്നതദൈവത്തിന്റെ കണ്ണുകളാല്‍ താന്‍ ഒരു എളിയ ദാസി മാത്രമാണെന്ന് അവള്‍ പ്രഘോഷിച്ചു. എല്ലാ സ്തുതിക്കും അര്‍ഹനായിട്ടുള്ളവന്‍ അവന്‍ മാത്രം. തന്മൂലം ദൈവത്തിനു മാത്രം എല്ലാ മഹത്വവും ബഹുമാനവും നല്‍കാന്‍ അവള്‍ ആഗ്രഹിച്ചു. അവള്‍ ജോസഫിനുവേണ്ടി ഏറെ പ്രാര്‍ത്ഥിക്കുകയും അപ്രകാരം അവനായി നേടിയ കൃപകളോട് അവന്‍ ഒത്തിരിയേറെ സഹകരിക്കുകയും ചെയ്തു.

ജോസഫിന്റെ ജോലികളെല്ലാം മുമ്പിലത്തെപ്പോലെതന്നെയായിരുന്നു. മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത പൂര്‍ണ്ണതയോടെ അവ ഓരോന്നും ചെയ്യാന്‍ അവന്‍ ആഗ്രഹിച്ചു. തന്റെ തീക്ഷ്ണമായ പ്രാര്‍ത്ഥനയാല്‍ മരണാസന്നരെ സഹായിക്കാന്‍ കാണിച്ച സന്നദ്ധത വളരെ വലുതായിരുന്നു. അവരുടെ നിത്യരക്ഷയ്ക്കുവേണ്ടി അവന്‍ തീക്ഷ്ണതയോടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. പൈശാചിക ബന്ധനത്തില്‍ നിന്ന് അവരെ മോചിപ്പിക്കണമെന്നും അവയെ തരണം ചെയ്യാനുള്ള ശക്തി കൊടുക്കണമെന്നും അവന്‍ പ്രാര്‍ത്ഥിച്ചു. പാപികള്‍ തങ്ങളുടെ പാപവഴികള്‍ വിട്ട് മാനസാന്തരത്തിലേക്ക് വരാനായും അവന്‍ പ്രാര്‍ത്ഥിച്ചു. ജാഗരണവും ഉപവാസവും ദാനധര്‍മ്മവും എല്ലാം അവന്‍ തന്റെ പ്രാര്‍ത്ഥനയോട് ചേര്‍ത്തു.വിഗ്രഹാരാധനയുടെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി നെടുവീര്‍പ്പോടും കണ്ണീരോടുംകൂടി അവന്‍ പ്രാര്‍ത്ഥിച്ചു.

മിശിഹാ വന്ന് തന്റെ ദൈവികപ്രകാശത്താലും ജ്ഞാനത്താലും ഇരുളിലും മരണത്തിന്റെ നിഴലിലും കഴിയുന്നവരെ മോചിപ്പിക്കുന്നതിനായി അവന്‍ ഏറെ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. തന്റെ വിശ്വസ്തദാസന്റെ ഈ പ്രാര്‍ത്ഥനകളിലും യാചനകളിലും സംപ്രീതനായി ദൈവം അവന് പ്രത്യേക കൃപകളും നല്‍കി. അവന്റെ മേല്‍ കൂടുതല്‍ കൃപകള്‍ വര്‍ഷിക്കുന്നതിന് യോഗ്യനാക്കുന്നതിനുവേണ്ടി പാപികളുടെ മാനസാന്തരത്തിനും മിശിഹായുടെ വരവിനുമായുള്ള അവന്റെ പ്രാര്‍ത്ഥനകളെ അത്യുന്നതനായവന്‍ കൂടുതല്‍ പ്രോജ്ജ്വലിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles