പരി. മറിയത്തെ പിരിഞ്ഞ് നസ്രത്തിലെത്തിയ വി. യൗസേപ്പിതാവിന്റെ ജീവിതം എപ്രകാരമുള്ളതായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 54/100

ദൈവാനുഗ്രഹം നിറഞ്ഞും തന്റെ മണവാട്ടിയുടെ പ്രാര്‍ത്ഥനകളാല്‍ ബലപ്പെട്ടും അവന്‍ യാത്രചെയ്തു. മറിയം വീഴ്ച വരുത്താതെ ദൈവത്തോട് അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും തന്നില്‍നിന്നുള്ള വേര്‍പാട് സഹിക്കുന്നതിനുള്ള ശക്തി നല്കണമേയെന്ന് അത്യുന്നതനോട് അവള്‍ യാചിച്ചു. അവളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും കേള്‍ക്കപ്പെട്ടു. കാരണം, തിരികെയുള്ള യാത്രയില്‍ മാത്രമല്ല, അവള്‍ തനിച്ചായിരുന്ന ആ കാലഘട്ടം മുഴുവന്‍ അതിസ്വാഭാവികമായ ഒരു ശക്തിയും സമാധാനവും ജോസഫിനു ലഭിച്ചിരുന്നു. കണ്ണെത്തും ദൂരംവരെ സക്കറിയായുടെ ഭവനത്തിലേക്ക് കൂടെക്കൂടെ തിരിഞ്ഞുനോക്കിയാണ് അവന്‍ യാത്രചെയ്തത്. കാരണം, തന്റെ പ്രിയപ്പെട്ട മണവാട്ടി അവിടെയുണ്ട് എന്ന ചിന്ത അവന് വലിയ ആശ്വാസമായിരുന്നു.

തനിച്ച് വഴിയിയില്‍ക്കൂടി തിരിച്ചുപോന്നപ്പോള്‍ അവളുടെ സുകൃതങ്ങളെക്കുറിച്ച് അവന്‍ ധ്യാനിച്ചു. പെട്ടെന്നുതന്നെ അവന്‍ അരൂപിയില്‍ ഉന്മേഷവാനായി ദൈവത്തിന് നന്ദിയും സ്തുതിയുമര്‍പ്പിച്ചു. അധികം താമസിയാതെ അവളെ നസ്രത്തിലേക്ക് തിരികെ കൊണ്ടുപോകാമല്ലോ എന്ന ചിന്തയും അവന്റെ ഹൃദയവ്യഥയെ ശമിപ്പിച്ചു. മറിയത്തെക്കുറിച്ചുള്ള വെറുമൊരു ചിന്തയാല്‍ത്തന്നെ അവളുടെ സാന്നിദ്ധ്യത്തില്‍നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുള്ള വലിയ കൃപ വിശുദ്ധനുവേണ്ടി മറിയം തന്റെ പ്രാര്‍ത്ഥനയാല്‍ നേടിയെടുത്തിരുന്നു.

നസ്രത്തില്‍ തിരിച്ചുവന്നതിനുശേഷം തന്റെ പരിശുദ്ധ ഭാര്യ കൂടെയുള്ളപ്പോള്‍ ചെയ്തിരുന്ന എല്ലാ കടമകളും അവന്‍ തുടര്‍ന്നും നിര്‍വ്വഹിച്ചു. അവന്റെ സമയമെല്ലാം ദൈവസ്തുതി പാടുവാനും രക്ഷകന്റെ വരവിനുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലിക്കായും ദാനധര്‍മ്മങ്ങള്‍ക്കായും വിഭജിക്കപ്പെട്ടിരുന്നു. അയല്‍വാസിയായ ഒരു നല്ല സ്ത്രീ അവനു വേണ്ട ഭക്ഷണം പാകംചെയ്തു കൊടുത്തിരുന്നു. മറ്റു സമയങ്ങളില്‍ അവന്‍ ഉപവസിച്ചിരുന്നു. താന്‍ ക്ഷീണിതനും ഏകാകിയായും വരുമ്പോള്‍ തനിക്ക് സമാശ്വാസം നല്‍കാന്‍ മറിയത്തിന്റെ സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് അവന്‍ അവളുടെ കൊച്ചുമുറിയില്‍ കയറി അവിടെ അവള്‍ എപ്രകാരമാണ് ദൈവത്തോടുള്ള നിരന്തരപ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടിയതെന്ന് ചിന്തിച്ച് മുട്ടിന്മേല്‍ നില്‍ക്കും. പിന്നെ അവന്‍ വിതുമ്പിക്കരയും.

ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് അവിടുത്തോട് സഹായത്തിന് അപേക്ഷിച്ച സന്ദര്‍ഭങ്ങളിലെല്ലാം സമാശ്വാസവും സന്തോഷവും അവന്‍ കണ്ടെത്തി. എന്താണെങ്കിലും മനുഷ്യാവതാരത്തിന്റെ രഹസ്യം നിറവേറിയ സ്ഥലമല്ലേയത്? അതിനാല്‍ത്തന്നെ അവിടുന്ന് പ്രത്യേകം അനുഗ്രഹിക്കുകയും അവിടുത്തെ കൃപകളും സ്വര്‍ഗ്ഗീയദാനങ്ങളും വര്‍ഷിക്കുകയും ചെയ്ത സ്ഥലമല്ലേയത്? ജോസഫിനും അത് അങ്ങനെതന്നെ അനുഭവപ്പെടുകയും തനിക്ക് ഏകാന്തത തോന്നിയപ്പോഴൊക്കെ സമാശ്വാസത്തിനായി അവിടെ പോവുകയും ചെയ്തു. ഈ മുറിയോട് ബന്ധപ്പെട്ട അനുഗ്രഹത്തിന് കാരണം അത് മറിയത്തിന്റെ വാസസ്ഥലമാണ് എന്നുള്‌ളതാണ് എന്ന് ജോസഫിന് ബോദ്ധ്യമായി.

തന്റെ ഭാര്യയുടെ അഭാവത്തില്‍ ദുര്‍ബുദ്ധികളുടെ പരിഹാസത്തില്‍ നിന്ന് ജോസഫിന് രക്ഷപ്പെടാനായില്ല. മറിയം ദൂരെ ഒരിടത്ത് തന്റെ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. പിശാചിന്റെ പ്രേരണയ്ക്ക് വഴങ്ങി പല ആളുകളും അവന്റെ പണിശാലയിലെത്തി, തന്റെ ഭാര്യയെ ദൂരെ ഒരിടത്ത് ഒരു അപരിചിതഭവനത്തില്‍ ആക്കിയിരിക്കുന്നതില്‍ അവനെ പരിഹസിച്ചു. വിശുദ്ധന്‍ ഇതിനെക്കുറിച്ച് വളരെ ക്ഷമയോടെ പ്രതികരിച്ചു. അവന്‍ അവരോട് ചേരുകയോ താന്‍ ചെയ്തതിനെക്കുറിച്ച് പശ്ചാത്തപിക്കുകയോ ചെയ്തില്ല. മറ്റുചിലര്‍ വന്ന് സഹതാപത്തിന്റെയും നല്ല മനസ്സിന്റെയും മറവില്‍, മറിയം ഇങ്ങനെ ജോസഫിനെ തനിച്ചാക്കി പോയത് ശരിയായില്ലെന്ന് വിമര്‍ശിച്ചു. ഇക്കൂട്ടര്‍ പറയുന്നതു കേട്ട് സഹിച്ചു നില്‍ക്കാന്‍ ജോസഫിനായില്ല. അത് അവനെ മുറിപ്പെടുത്തി. സൂക്ഷിച്ചു സംസാരിക്കണമെന്നും ദൈവത്തെ നിന്ദിക്കുന്ന രീതയില്‍ സംസാരിക്കരുത് എന്നും പറഞ്ഞ് അവന്‍ അവരെയെല്ലാം പുറത്താക്കി. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ജോസഫ് തനിച്ചായിരുന്ന മൂന്നു മാസവും അവന്‍ അനുഭവിച്ചു. ഈ സഹനങ്ങളെല്ലാം മറിയം അറിയുന്നുണ്ടായിരുന്നു. തന്റെ ജോസഫിന് കൂടുതല്‍ സഹനശക്തിയും ക്ഷമയും നല്‍കണമേയെന്ന് അവള്‍ കൂടുതല്‍ തീക്ഷ്ണമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

ഈ കാലഘട്ടത്തില്‍ ജോസഫിന് മാലാഖ പലപ്രാവശ്യം പ്രത്യക്ഷപ്പെട്ട് തന്റെ ഭാര്യയെക്കുറിച്ചുുള്ള വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്നു. കൃപാവലത്തിലും എല്ലാ സുകൃതങ്ങളിലും ദൈവസ്‌നേഹത്തിലും അവള്‍ വളരുന്നുവെന്നും അവള്‍ തന്റെ നിരന്തരമായ പ്രാര്‍ത്ഥനയാല്‍ തന്നെ പിന്താങ്ങുന്നുണ്ടെന്നും മാലാഖ അവന് ഉറപ്പു നല്‍കി. ഈ വിവരണങ്ങളുടെ വെളിച്ചത്തില്‍, അവള്‍ വളരെ ദൂരെയായിരുന്നിട്ടുകൂടി അവളുടെ മാതൃക പിന്തുടരാന്‍ അവന്‍ വളരെയേറെ പരിശ്രമച്ചു. അവള്‍ തിരിച്ചുവരുന്ന ദിവസം എന്നാണെന്ന് വിചാരിച്ച് അവന്‍ നെടുവീര്‍പ്പിട്ടു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles