വി. യൗസേപ്പിതാവിനെ പണിപ്പുരയില്‍ സഹായിക്കാനെത്തിയപ്പോള്‍ ഈശോ വെളിപ്പെടുത്തിയ ദൈവതിരുഹിതം എന്താണെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-124/200

തിരുക്കുമാരന് ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാനും ജോസഫിനോടൊത്തു പണിപ്പുരയില്‍വരെ പോകുവാനും പ്രായമായപ്പോള്‍, അപ്പനെ സഹായിക്കുവാനും തന്റെ സാന്നിദ്ധ്യം കൊണ്ട് ആശ്വാസം കൊടുക്കാനും സ്വമേധയാ അവന്‍ തയ്യാറായി. ഈശോ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആദ്യം ജോസഫ് അതിനു സമ്മതിച്ചില്ല. കാരണം അത്തരം ദാസ്യവേല ചെയ്യാന്‍ പിതാവായ ദൈവം നേരിട്ടു തന്നോടു കല്പിച്ചാലല്ലാതെ അനുവദിക്കാന്‍ ഒട്ടും താല്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു,.

ഈശോയെ നോക്കി പറഞ്ഞു: ‘അല്ലയോ സ്വര്‍ഗ്ഗീയജ്ഞാനമേ, ഈ വിധം തരംതാഴുവാന്‍ മാത്രം നിനക്ക് എങ്ങനെ കഴിയും? മനുഷ്യവംശത്തിന്റെ വിമോചനത്തിന്റെ മഹത്തായ പദ്ധതികളെക്കുറിച്ച് പിതാവുമായി നിരന്തരം സംസര്‍ക്കത്തിലായിരിക്കുന്ന നിന്നെ ഈ ഇളംപ്രായത്തില്‍ ഇത്തരം ഹീനമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി എനിക്ക് എങ്ങിനെ കണ്ടുനില്ക്കാന്‍ കഴിയും? അത്രമാത്രം മഹത്വപൂര്‍ണ്ണനായ നിന്നെ ഇത്ര നിസ്സാരനായി എങ്ങനെ എനിക്കു കാണാന്‍ കഴിയും?

തിരുക്കുമാരന്‍ വളരെ ശാന്തമായി മനസ്സിരുത്തി പറഞ്ഞു: താന്‍ ഈ ലോകത്തിലേക്കു വന്നത് ഭരിക്കുവാനല്ല. ശുശ്രൂഷ ചെയ്യാനാണ്. അതാണ് സ്വര്‍ഗ്ഗീയപിതാവിന്റെ തിരുഹിതം. ആകയാല്‍, ഈശോ തന്നെ ഈ ലോകത്തിന്റെ എല്ലാ ആര്‍ഭാടങ്ങളെയും ഔന്നത്യങ്ങളെയും പുച്ഛിച്ചുതള്ളുന്ന ഉത്തമ മാതൃക കാണിച്ചുകൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. അപ്പോള്‍ ജോസഫ് ദൈവഹിതത്തിനു വഴങ്ങി. അവന്‍ പിന്നീട് ഒന്നും എതിര്‍പ്പു പ്രകടിപ്പിച്ചില്ല. മറിച്ച് ഈശോ തന്നോടുകൂടെ പണിപ്പുരയില്‍ ആയിരിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തെക്കുറിച്ച് ആഴമായി ചിന്തിച്ചുകൊണ്ടിരുന്നു.

അവന്‍ എന്തെന്നില്ലാതെ ആശ്വാസംകൊണ്ടു നിറയുകയും ആഹ്ലാദപൂരിതനായിത്തീരുകയും ചെയ്തു. മറിയത്തിന്റെ നേരെ നോക്കിക്കൊണ്ട് അക്കാര്യം പറയുകയും ചെയ്തു. അതായത്, ഈശോ ഇനിമുതല്‍ പണിപ്പുരയില്‍ തന്നോടൊത്തായിരിക്കുന്നത്ര സമയങ്ങളില്‍ അവിടുത്തെ സാന്നിദ്ധ്യം മറിയത്തിനു നഷ്ടപ്പെടുന്നതില്‍ ഖേദം പ്രകടിപ്പിച്ചു. ദൈവമാതാവാകട്ടെ, ദൈവഹിതം മുന്‍കൂട്ടി അറിയുകയും ഹൃദയത്തിന്റെ വക്കോളം സ്‌നേഹം കൊണ്ടു നിറയുകയും ചെയ്തു. ജോസഫിനു ലഭിക്കാന്‍ പോകുന്ന ആശ്വസത്തിലും അതുവഴി നിറവേറ്റപ്പെടുന്ന ദൈവഹിതത്തിലും സന്തോഷിക്കുന്നു എന്നും പറഞ്ഞു.

ആ സത്യം തിരിച്ചറിഞ്ഞതിന്റെ ആത്മീയാനന്ദത്തിന്റെ ആവേശത്തില്‍ ഈശോയെ വാരിയെടുത്തു മാറോടണച്ചപ്പോള്‍ ജോസഫ് അനുഭവിച്ച സന്തോഷം സങ്കല്പിക്കാവുന്നതിലും ഉപരിയാണ്. ഈശോയോടൊത്തു പണികള്‍ ആരംഭിച്ചപ്പോള്‍ അവന്‍ പറുദീസായില്‍ ആയിരിക്കുന്ന അവസ്ഥയിലായിരുന്നു. ദൈവപുത്രന്‍ അവന്റെ വലതുവശത്ത് സഹായിക്കാന്‍ നില്‍ക്കുകയല്ലേ? പലപ്പോഴും ജോസഫിന് ആവശ്യമായ പണിയായുധങ്ങള്‍ എടുത്തു കൊടുക്കും. ചിലപ്പോള്‍ പണിയാനാവശ്യമായ മരക്കഷണങ്ങള്‍ അടുപ്പിച്ചു കൊടുക്കും.

അങ്ങനെ അഞ്ചോ ആറോ വയസ്സു പ്രായമുള്ള ഈശോ ജോസഫിന്റെ അടുത്തുനിന്ന് സഹായിച്ചുകൊണ്ടിരുന്നു. ഈ വിധത്തില്‍ ജോലിചെയ്തു വളര്‍ന്ന്, ഭാരമുള്ള പലകകളും മരഉരുപ്പടികളും മറ്റും പൊക്കിയെടുക്കാന്‍ തക്കവിധം ശക്തിയുള്ള ഒരു പുരുഷനായിത്തീരേണ്ടത് ആവശ്യമാരിന്നു. വിശുദ്ധന്റെ ഹൃദയത്തെ അത് ആഴമായി സ്പര്‍ശിക്കുകയും ആയാസകരമായ പണികള്‍ കഴിവതു ഒഴിവാക്കുകയും ചെയ്തു. കൂടാതെ തിരുക്കുമാരന്‍ എപ്പോഴും അനുസരണയുള്ളവനായിരുന്നു. ജോസഫിന് ആവശ്യമുള്ളവ മുന്‍കൂട്ടി കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കൃപയുടെയും ആത്മാവിന്റെയും നിറവിലാണ് ഈശോ ഓരോ പ്രവൃത്തിയും നിര്‍വഹിച്ചത്.

ബാലനായ ഈശോയെ ധ്യാനിക്കുമ്പോഴൊക്കെ, ഈശോയില്‍ മറഞ്ഞിരിക്കുന്ന ദൈവികമായ സവിശേഷതകളും പ്രകടമായ സ്വര്‍ഗ്ഗീയഭാവങ്ങളും ജോസഫ് പ്രത്യേകം ശ്രദ്ധിച്ചു. പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് ആവശ്യമായ സാധനങ്ങള്‍ പറയാതെതന്നെ എടുത്തുകൊടുക്കുമ്പോഴും, തന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ ആ കണ്ണുകളിലേക്കു നോക്കുമ്പോഴും ഹൃദയത്തെ സ്‌നേഹം കവര്‍ന്നെടുക്കുന്ന അനുഭവമായിരുന്നു. പല സന്ദര്‍ഭങ്ങളിലും പണി നിര്‍ത്തി ജോസഫ് ബഞ്ചില്‍ വെറുതെ ഇരുന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ തിരുക്കുമാരന്‍ ജോസഫിന്റെ കൈപിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരവസരത്തില്‍, ജോലിചെയ്തു തളര്‍ന്നിരിക്കുന്ന സമയത്ത് ജോസഫ് ഈശോയോടു ചോദിച്ചു. ‘എന്റെ ഏറ്റം പ്രിയപ്പെട്ട ഈശോയെ, എന്റെ അരുമസുതനേ! നിന്നോടുകൂടെ ആയിരിക്കാനുള്ള ഈ ഭാഗ്യം എനിക്ക് എങ്ങിനെ ലഭിച്ചു? നിന്റെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന അത്യധികമായ ആനന്ദം എന്റെ ആത്മാവിനു താങ്ങാന്‍ കഴിയുന്നില്ലല്ലോ.’

അതിനു മറുപടിയെന്നോണം ഈശോ പറഞ്ഞത് പിതാവിന്റെ ഭവനത്തില്‍ കരുതിവച്ചിരിക്കുന്ന അളവറ്റ സന്തോഷത്തിന്റെ മുന്നാസ്വാദനമാണ് എന്നാണ്. അതു കേട്ടപ്പോള്‍ വിശുദ്ധന് അനുഭവപ്പെട്ട, നിത്യതയില്‍ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളും സമാശ്വാസവും എത്ര മഹത്തരമാണെന്ന ഉള്‍ക്കാഴ്ചയില്‍ നിന്നുളവായ പരമാനന്ദം മനുഷ്യമനസ്സിന് ഒരുവിധത്തിലും അളക്കാനോ വിലമതിക്കാനോ സാധിക്കുകയില്ല.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles