ഈജിപ്തിലെ കൊടുംതണുപ്പും വേനല്‍ച്ചൂടും അതിജീവിക്കാന്‍ വി. യൗസേപ്പിതാവിന് സാധിച്ചത് എങ്ങിനെയന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 115/200

ഈജിപ്തിലെ വാസകാലത്തു വർഷത്തിന്റെ ആദ്യനാളുകളിൽ പ്രത്യേകിച്ചു ശൈത്യകാലത്തെ കാറ്റും കോടമഞ്ഞും രൂക്ഷമായിരുന്ന സമയങ്ങളിൽ പലവിധത്തിലുള്ള വിഷമങ്ങൾ സഹിക്കേണ്ടിവന്നിരുന്നു. തണുത്തുറഞ്ഞു ശരീരം വിറയ്ക്കുന്ന സന്ദർഭങ്ങളിൽ ഭാര്യയും കുട്ടിയും തണുപ്പിന്റെ കാഠിന്യത്താൽ മരച്ചുകോച്ചുകയായിരുന്നു. അവരുടെ വിഷമങ്ങൾക്ക് എങ്ങനെ പരിഹാരം കാണണമെന്നറിയാതെ ജോസഫ് വിഷമിച്ചു.

അവൻ തന്റെ പുറങ്കുപ്പായം ഊരി ഉണ്ണീശോയെയും മാതാവിനെയും പുതപ്പിച്ചു. എന്നിട്ടു മാതാവിനോടു പറഞ്ഞു: “ഞാൻ അതു സഹിക്കാൻ ബാധ്യസ്ഥനാണ്. എന്റെ പ്രിയപ്പെട്ട ഭാര്യയും വാത്സല്യമകനും എന്തായാലും കഷ്ടപ്പെടാൻ പാടില്ല. അത് എന്റെ ഹൃദയത്തെ വല്ലാതെ തളർത്തിക്കളയുന്ന കാര്യമാണ്.” ദൈവമാതാവ് ജോസഫിനെ സമാധാനിപ്പിക്കുകയും അതെല്ലാം ദൈവഹിതമാകയാൽ കർത്താവിനു സമർപ്പിക്കണമെന്നും ഈശോയും മാതാവും കൂടി സഹിക്കാൻ അനുവദിച്ചിരിക്കുന്ന അവസരങ്ങളാണെന്നു പറയുകയും ചെയ്തു.

ഒരിക്കൽ കഠിനമായ തണുപ്പുമൂലം ജോസഫ് രോഗബാധിതനായിത്തീരുകയും വല്ലാതെ തളർന്നുപോകുകയും ചെയ്തു. അപ്പോൾ ഈശോ ആംഗ്യരൂപത്തിൽ ആവശ്യപ്പെട്ടതനുസരിച് മാതാവ് ഉണ്ണീശോയെ ജോസഫിന്റെ മടിയിൽ വച്ചുകൊടുത്തു. ജോസഫ് ഈശോയെ നെഞ്ചോടു ചേർത്തുവച്ചു അമർത്തി കെട്ടിപ്പിടിച്ചു. ശൈത്യത്തിന്റെ കാഠിന്യത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ പോലും തന്റെ ദൈവികശക്തിയാൽ ജോസഫിന്റെ ആത്മാവിലേക്കും ശരീരം മുഴുവനിലേക്കും തിരുക്കുമാരൻ ചൂടുപകർന്നു. അങ്ങനെ ജോസഫ് സൗഖ്യം പ്രാപിക്കുകയും ചെയ്തു.

ശൈത്യകാലത്തു പലദിവസങ്ങളിലും നെരിപ്പോടു കത്തിക്കാൻ പോലും ഒരു കഷ്ണം വിറകില്ലാത്ത സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. ജോസഫ് അതിൽ അത്യന്തം പര്യാകുലനായി. അവന്റെ മനസ്സാക്ഷി അവനോടുതന്നെ പറഞ്ഞു: “ദൈവം തന്റെ ഏകജാതന്റെയും അവന്റെ ദിവ്യമാതാവിന്റെയും സംരക്ഷണച്ചുമതല എന്നെ ഭരമേല്പിച്ചിരിക്കുന്നു; അതിനാൽ തീർച്ചയായും അവരുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റിക്കൊടുക്കേണ്ട ഉത്തരവാദിത്വവും എന്റേതാണ്. എനിക്കുവേണ്ടി ജീവിക്കുകയല്ല, അവർക്കുവേണ്ടി പരമാവധി സഹിക്കുകയാണ് വേണ്ടത്.”

തുടർന്ന് ഹൃദയം കർത്താവിലേക്ക് ഉയർത്തിത്തിക്കൊണ്ടു അവൻ പ്രാർത്ഥിച്ചു: “എന്റെ ദൈവമേ, ഞാൻ എത്ര പരിതാപകരമായ അവസ്ഥയിലാണെന്ന് കണ്ടാലും! അവിടുന്നു പ്രദാനം ചെയ്യുന്നില്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ എനിക്ക് എങ്ങനെ സാധിച്ചുകൊടുക്കാൻ കഴിയും? എന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായതെല്ലാം അവിടുന്നു കനിഞ്ഞനുഗ്രഹിച്ചു നൽകേണമേ. അങ്ങു എന്റെ സഹായത്തിനുവരുന്നില്ലെങ്കിൽ എന്നെ ഭരമേല്പിച്ച കാര്യങ്ങൾ എങ്ങനെ നിറവേറ്റാൻ കഴിയും? അവിടുത്തെ ഏക ജാതനും എന്റെ പ്രിയ പത്നിയും എത്രമാത്രം സഹിക്കുന്നു എന്ന് കണ്ടാലും; ഈ വിഷമഘട്ടത്തിൽ അവരുടെ അടിയന്തരാവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ വഴി കണ്ടെത്താതെ ഞാൻ വലയുകയാണ്. എന്റെ അദ്ധ്വാനത്തിന് പ്രതിഫലം തരാൻ കടപ്പെട്ടിരിക്കുന്നവർപോലും എന്നെ നിർദ്ദാക്ഷിണ്യം നിരസിക്കുകയും പുറന്തള്ളുകയുമാണ് ചെയ്യുന്നത്. അപ്പോൾ അങ്ങു എന്റെ സഹായത്തിനു വരുന്നില്ലെങ്കിൽ എന്റെ പരിശ്രമങ്ങളിൽ പ്രത്യാശയ്ക്കു വകയില്ലല്ലോ” അങ്ങനെ സ്നേഹനിർഭരമായി ജോസഫ് തന്റെ യാചനകൾ ദൈവസന്നിധിയിൽ വിശ്വാസപൂർവ്വം രേഖപ്പെടുത്തി. അവന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ദൈവം കാലതാമസം വരുത്തിയതുമില്ല.

യഥാർത്ഥത്തിൽ, വേനൽച്ചൂടിൽ പ്രത്യകിച്ചു, ഉഷ്ണമേഖലാ പ്രദേശത്തെ കഠിന താപത്തിൽ, പണിയെടുക്കേണ്ടിവന്ന കാലഘട്ടങ്ങളിലാണ് ജോസഫ് തീർത്തും കഷ്ട്ടപ്പെട്ടുപോയത്. തന്റെ ജോലി വളരെ ആയാസമേറിയതായിരുന്നതിനാൽ ആ സമയങ്ങളിൽ വളരെയധികം ദാഹം അനുഭവപ്പെടുകയും വെള്ളം കിട്ടാനുള്ള സാദ്ധ്യത ഉണ്ടായിരിക്കുകയും ചെയ്തിട്ടും അവൻ അതു നിരസിച്ചു. പുണ്യം അഭ്യസിക്കുന്നതിനുവേണ്ടി ത്യാഗം ചെയ്യാനുള്ള കൃപകൾ ദൈവം മറിയത്തിലൂടെ ജോസഫിന് പ്രദാനം ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles