ഈജിപ്തില്‍വച്ച് പിശാചിന്റെ പീഡനങ്ങളും ക്ലേശങ്ങളും വി. യൗസേപ്പിതാവ് എപ്രകാരമാണ് നേരിട്ടത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 101/200

അവര്‍ താമസിക്കാന്‍ സങ്കേതസ്ഥാനം അന്വേഷിച്ചു ഏതെങ്കിലും ഗ്രാമത്തില്‍ പ്രവേശിക്കുമ്പോള്‍ ആ ദേശവാസികളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണമെന്നും, ദൈവകൃപയാല്‍ അവരെ അനുഗ്രഹിക്കണമെന്നും ജോസഫ് ഈശോയോടു പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. യാത്രയില്‍ തന്റെ അയല്‍ക്കാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ജോസഫ് മറ്റൊരു രീതി അവലംബിച്ചിരുന്നു. ‘കണ്ടാലും, ദൈവസുതന്‍ നിങ്ങളെ അനുഗ്രഹിക്കാന്‍ കടന്നുവരുന്നത് കണ്ടാലും! രോഗികളേ, പീഡിതരേ, നിങ്ങളെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവ് ആഗതനാകുന്നത് കണ്ടാലും!’ – ജോസഫ് തന്റെ ഹൃദയത്തിന്റെ ഉള്ളറയില്‍ നിന്ന് ഈ ലോകത്തിന്റെ മനസാക്ഷിയോട് വിളംബരം ചെയ്ത വാക്കുകളാണിവ! സൗഖ്യം ലഭിച്ചവരും അനുഗ്രഹം പ്രാപിച്ചവരും പക്ഷേ, എവിടെ നിന്നാണ് ഈ അനുഗ്രഹങ്ങള്‍ വരുന്നതെന്ന് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. വിഗ്രഹത്തെ വണങ്ങുന്ന മനുഷ്യര്‍ക്ക് എങ്ങനെ സത്യദൈവത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയും? ദൈവമാണ് അവരെ സന്ദര്‍ശിക്കുന്നതെന്നു വിജാതീയര്‍ക്കെങ്ങനെ വിവേചിച്ചറിയാന്‍ കഴിയും?

രോഗികളും മരണാസന്നരുമായവര്‍ക്കുവേണ്ടി ജോസഫ് തന്റെ ഹൃദയത്തില്‍ പ്രത്യേകം ഒരു സ്ഥാനം കരുതിവെച്ചിരുന്നു; തന്റെയുള്ളില്‍ അവര്‍ക്കുവേണ്ടി കരുണാര്‍ദ്രസ്‌നേഹം പരിപോഷിപ്പിച്ചു പോന്നിരുന്നു. വിജാതീയരായിരുന്നെങ്കിലും രോഗികളും മരണാസന്നരുമായ അവര്‍ക്കുവേണ്ടി ഈശോയോട് അവന്‍ പ്രത്യേകം കേണപേക്ഷിച്ചിരുന്നു. കാലാന്തരത്തില്‍ അവര്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകുമെന്നും സത്യദൈവം അവരെ സന്ദര്‍ശിക്കാന്‍ വന്നെന്നും സത്യവിശ്വാസം പഠിപ്പിച്ചുവെന്നും അവര്‍ മനസ്സിലാക്കുമെന്നും അവന്‍ വിശ്വസിക്കുകയും ചെയ്തിരുന്നു.

പ്രതികാരം കൊണ്ട് ഹാരമണിഞ്ഞ നരകശത്രു ജോസഫിനെ ഉപദ്രവിക്കാന്‍ പഴുതുനോക്കി പരക്കം പാഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, ജോസഫിന്റെ അടുത്ത പരിസരത്തുപോലും എത്താന്‍ കഴിയാത്തവിധം ദൈവം ശത്രുവിന്റെ ശക്തി തകര്‍ത്തുകളഞ്ഞു. അതിനാല്‍ ദുഷ്ടന്റെ ഉപായങ്ങള്‍ ജോസഫിന്റെ മുമ്പില്‍ നിഷ്ഫലമായിത്തീരുകയാണുണ്ടായത്. പ്രതികാരം കൊണ്ട് ജ്വലിച്ചിരുന്നെങ്കിലും അതു പ്രയോഗിക്കാന്‍ കഴിയാതെ സാത്താന്‍ നിഷ്പ്രഭനായിത്തീര്‍ന്നിരുന്നു. അതിന്റെ കാരണമെന്തെന്ന് പിശാചിനുപോലും മനസ്സിലായിരുന്നുമില്ല. എങ്കിലും ജോസഫിന് തൊന്തരവുണ്ടാക്കുന്ന ഉദ്യമത്തില്‍ നിന്ന് ഒരിക്കലും സാത്താന്‍ പിന്‍വാങ്ങിയിരുന്നുമില്ല. ജോസഫിന് പുതിയ കൃപ കൊടുക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി തിന്മകളെ അനുവദിക്കുമ്പോള്‍ മാത്രമാണ് എന്തെങ്കിലും വിധത്തില്‍ ഉപദ്രവം വരുത്തിവയ്ക്കാന്‍ ദുഷ്ടന് സാധിച്ചിരുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ ജോസഫിനെ ക്ലേശത്തിലാക്കാന്‍ പിശാചിനെ ദൈവം അനുവദിച്ചിരുന്നു. അവര്‍ ഒരു പുതിയ പട്ടണത്തിലെത്തിച്ചേരുമ്പോള്‍ അവിടെയുള്ള ഏറ്റവും തെമ്മാടികളായ മനുഷ്യരെ സ്വാധീനിച്ചു സാത്താന്‍ ജോസഫിനെ ചീത്ത വിളിക്കാനും അപമാനിക്കാനും ഇടവരുത്തിയിരുന്നു. അക്കാര്യത്തില്‍ നരകസര്‍പ്പത്തിന്റെ പദ്ധതി ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. പലവിധത്തിലും പലരൂപത്തിലും വിവിധ സ്ഥലങ്ങളില്‍ വെച്ച് സംസ്‌കാരശൂന്യരായ മനുഷ്യരില്‍ നിന്ന് ജോസഫിന് അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഉപദ്രവം സഹിക്കുന്നതിനുപുറമെ പെട്ടെന്ന് അവിടം വിട്ടു പോകേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ചോദിച്ച ഒരു കഷ്ണം റൊട്ടിപോലും നല്കാതെ തിരുക്കുടുംബത്തെ അവര്‍ നിഷ്‌കരുണം ആട്ടിയോടിച്ചുവിട്ടു.

എന്നാല്‍ ഇപ്രകാരമുണ്ടായ ക്ലേശങ്ങളെല്ലാം ധൈര്യപൂര്‍വം സഹിച്ചുകൊണ്ട് സാത്താനെ ജോസഫ് ആശയക്കുഴപ്പത്തിലാക്കുകയും തിരിച്ചടി നല്‍കുകയും ചെയ്തു. അതുകൊണ്ട് പിശാചിന് അവന്റെ കടന്നാക്രമണപരമ്പര തുടരാന്‍ കഴിഞ്ഞില്ല. അവന്‍ കൂടുതല്‍ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കി മറ്റൊരു അവസരത്തിനായി പിന്‍വാങ്ങേണ്ടിവന്നു.

പലായനം ചെയ്ത് അലഞ്ഞു തിരിയുന്ന നമ്മുടെ തിരുക്കുടുംബത്തിന് പല ദിവസങ്ങളിലും വിശപ്പും ദാഹവും തണുപ്പും സഹിക്കേണ്ടിവന്നിട്ടുണ്ട്. കാരണം വിജനമായ ചില മേഖലകളിലൂടെ കടന്നുപോയപ്പോള്‍ പാര്‍പ്പിടവും ഭക്ഷണവും ലഭ്യമായിരുന്നില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ഏതെങ്കിലും ഗുഹയിലോ മാളത്തിലോ അഭയം പ്രാപിക്കുകയായിരുന്നു പതിവ്. അവിടെ കുത്തിയിരുന്ന് അവര്‍ നേരം വെളുപ്പിക്കും. ഈശോയെ തറയില്‍ കിടത്തുകയും ജോസഫിന്റെ മേലങ്കി പുതപ്പിക്കുകയും ചെയ്യും. മാതാവും ജോസഫും ഇരുവശത്തും മുട്ടുകുത്തിനിന്ന് ദിവ്യ ശിശുവിനെ ആരാധിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് രാത്രി സമയം ചെലവഴിക്കും.

അപ്പോള്‍ ഉണ്ണീശോ മാതാവിനെയും ജോസഫിനെയും വളരെ സ്‌നേഹത്തോടെ നോക്കുമായിരുന്നു; ആ ദിവ്യകടാക്ഷം അവരില്‍ ആരാധ്യമായ അഭിഷേകം ഉളവാക്കുകയും ശരീരത്തില്‍ പ്രത്യേകമാംവിധം ശക്തി വര്ദ്ധിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്തിരുന്നു. അനുപമമായ ആത്മീയാനന്ദമാണ് അപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടിരുന്നത്; അതോടൊപ്പം സ്വര്‍ഗീയ നിഗൂഢരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ തക്ക കൃപ കൈവരിക്കാനും കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഈശോയെയും കൊണ്ടു മുന്നോട്ടു പോകാന്‍ ആവശ്യമായ കരുത്തും ശക്തിയും അതുവഴി അവര്‍ കൈവരിക്കുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തിനു നന്ദി പറയുകയും മറിയം സ്‌തോത്രഗാനങ്ങള്‍ പാടി കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്തു. ജോസഫ് തന്റെ ഹൃദയത്തില്‍ നിറഞ്ഞു കവിഞ്ഞ ആനന്ദത്തില്‍ മുഴുകി നിറകണ്ണുകളോടെയാണ് ദൈവത്തെ സ്തുതിച്ചത്.

യാത്രയില്‍ ജോസഫിനെ വിഷമിപ്പിച്ചതും ഏറ്റം വേദനിപ്പിച്ചതുമായ മറ്റൊരു കാര്യമുണ്ടായിരുന്നു. ചില വിജനപ്രദേശങ്ങളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ദിവ്യശിശു നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിക്കും. വൈദ്യസഹായം ലഭ്യമായിരുന്നില്ല; പരസഹായത്തിനു സാധ്യതയുമുണ്ടായിരുന്നില്ല. കുട്ടിയാണെങ്കില്‍ കരച്ചിലൊട്ടു നിര്‍ത്തുന്നുമില്ല; മാതാവും ശിശുവിനോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുന്നു. നിസ്സഹായനായ ജോസഫ് കുറച്ചൊന്നുമല്ല വിഷമിച്ചു പോയിരുന്നത്. തണുപ്പിന്റെ ആധിക്യംമൂലമുണ്ടായ ശാരീരികവിഷമങ്ങള്‍ മൂലമാണ് കുട്ടി കരയുന്നതെന്നാണ് ആദ്യമൊക്കെ അവര്‍ കരുതിപ്പോന്നത്. എന്നാല്‍ മനുഷ്യര്‍ പാപം ചെയ്ത് ദൈവത്തെ ദ്രോഹിക്കുന്നതുമൂലമുണ്ടായ ദുഖമാണ് ഈശോയുടെ സങ്കടത്തിനു കാരണമെന്ന് പിന്നീടു മനസ്സിലായി.

മാതാവും ഈശോയും കരയുന്നതു കണ്ടപ്പോള്‍ ജോസഫിന്റെ മനസ്സിടിഞ്ഞുപോയി. തന്റെയും ഈശോയുടെയും ദുഃഖകാരണം മനുഷ്യര്‍ പിതാവിനെതിരായി ചെയ്യുന്ന ദ്രോഹങ്ങളാണെന്നും പാപികളുടെ മാനസാന്തരത്തിനുവേണ്ടി ഈശോയോടൊപ്പം പിതാവിന്റെ മുമ്പില്‍ കേണപേക്ഷിക്കാമെന്നും മറിയം പറഞ്ഞു. ജോസഫ് മറിയത്തിനു നന്ദി പറയുകയും അവള്‍ പറഞ്ഞതുപോലെ പാപികളുടെ മനഃപരിവര്‍ത്തനത്തിനായി തന്റെ വേദനകളും കണ്ണീരും കാഴ്ചവയ്ക്കുകയും ചെയ്തു. എല്ലാ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉടയവനും ഉറവിടവുമായ ദൈവത്തിന് ജോസഫ് നന്ദി പറയുകയും മറിയത്തോടു ചേര്‍ന്നു കര്‍ത്താവിനെ സ്തുതിച്ചു മഹത്വപ്പെടുത്തുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles