വിശുദ്ധ ജോണ്‍ പോൾ രണ്ടാമന്റെ തിരുശേഷിപ്പ് ചങ്ങനാശേരി അതിരൂപതയിലേക്ക്
കൊളോണ്‍: കാൽ നൂറ്റാണ്ടിലേറെക്കാലം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത, ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം പോളണ്ട് സന്ദർശിച്ച ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഡോ. സ്റ്റനിസ്ളാവ് ജിവിഷിൽനിന്നുമാണ് തിരുശേഷിപ്പ് അൾത്താരവണക്കത്തിനായി സ്വീകരിച്ചത്. കർദിനാൾ ജിവിഷ് 37 വർഷം ജോണ്‍പോൾ രണ്ടാമന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്നു.
കർദിനാൾ ജിവിഷുമായി കൂടിക്കാഴ്ച നടത്തിയ മാർ പെരുന്തോട്ടം മൂന്നു ദിവസം ക്രാക്കോവിൽ ചെലവഴിച്ചു. സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. ജോണ്‍ പോൾ രണ്ടാമനോടൊപ്പം രണ്ടുപ്രാവശ്യം ഇന്ത്യ സന്ദർശിച്ച കർദിനാൾ ജിവിഷ് രണ്ടുതവണയും കേരളത്തിൽ എത്തിയിരുന്നു. അന്നത്തെ സന്ദർശന മുഹൂർത്തങ്ങൾ അദ്ദേഹം മാർ പെരുന്തോട്ടവുമായി പങ്കുവച്ചു. തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നൽകിയതിനു നന്ദി പറഞ്ഞ മാർ പെരുന്തോട്ടം കർദിനാൾ ജിവിഷിനെ കേരളത്തിലേക്കു വീണ്ടും ക്ഷണിച്ചു.