ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ബോസ്‌കോ

ജനുവരി 31. വി. ജോണ്‍ ബോസ്‌കോ

ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സലേഷ്യൻ സഭയുടെ സ്ഥാപകനായ വി. ഡോൺ ബോസ്കോ 1815-ൽ ഇറ്റലിയിലെ ടൂറിനിൽ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്ത രണ്ടു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. ബോസ്കോ, ദൈവഭക്തിയി. സുകൃതങ്ങളിലും വളർന്നുവന്നു. ഇതിൽ അദ്ദേഹത്തിന്റെ അമ്മ മാർഗരറ്റിനുള്ള പങ്ക് വളരെ വലുതാണ്.

ചെറുപ്പത്തിലുണ്ടായ ചില ദർശനങ്ങളിൽനിന്ന് താനൊരു വൈദികനാകാൻ ദൈവത്താൽ വിളിക്കപ്പെട്ടിരുന്നുവെന്നു മനസ്സിലാക്കിയ ബോസ്കോ, വൈദികപഠനം ആരംഭിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടും ജ്യേഷ്ഠസഹോദരനായ ആൻ്റണിയുടെ ദുശ്ശാഠ്യവും ഒരുപോലെ ജോണിന്റെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, ഇതിലൊന്നും നിരാശനാകാതെ ബോസ്കോ പഠനചിലവിനായി ദാസ്യവേലയിൽ ഏർപ്പെടുന്നതിനുപോലും സന്നദ്ധനായി. 1841- അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു.

വൈദികനായ ബോസ്കോയുടെ ശ്രദ്ധ തെരുവീഥികളിലും ചന്തസ്ഥലങ്ങളിലും അലഞ്ഞുനടക്കുന്ന യുവജനങ്ങളുടെനേരെ തിരിഞ്ഞു. അശ്ലീലവിനോദങ്ങളും അസഭ്യഭാഷണങ്ങളും കള്ളവും കലഹവുമെല്ലാം അവരുടെ നിത്യത്തൊഴിലുകളായിരുന്നു. ഇനിയുള്ള തന്റെ ജീവിതം അവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ‘സലേഷ്യൻ ഓറട്ടറി’ രൂപംകൊണ്ടത്. വെറും ആറുപേർക്കായി തുടങ്ങിയ ഈ ഓറട്ടറിയാണ് പിൽക്കാലത്ത് ഒരു മഹാപ്രസ്ഥാനമായി മാറിയത്.

ഓറട്ടറിയുടെ ആധ്യാത്മിക ഉന്നതിക്കായി ‘വി. അലോഷ്യസിൻ്റെ സംഖ്യം’ എന്നപേരിൽ ഒരു ഭക്തസമാജവും ആരംഭിച്ചു. ഓറട്ടറിയുടെ അംഗസംഖ്യ നാൾക്കുനാൾ വർധിച്ചു. ഓറട്ടറിയുടെ ശാഖകൾ പട്ടണത്തിൻ്റെ പല കേന്ദ്രങ്ങളിലും സ്ഥാപിതമായി. ഇതുകൂടാതെ, പുതിയ പല സംരംഭങ്ങളിലും അദ്ദേഹം ഏർപ്പെട്ടു. പ്രാർഥിക്കാൻ ദൈവാലയം, ഭവനരഹിതർക്ക് ബോർഡിംഗ്, ഓരോരുത്തരുടെയും അഭിരുചിക്കു അനുയോജ്യമായ തൊഴിൽശാലകൾ ഇവയെല്ലാം ഈ കാലഘട്ടത്തിൽ വിശുദ്ധനാൽ സ്ഥാപിതമായതാണ്. അദ്ദേഹം തുടങ്ങിയ മറ്റൊരു പ്രേഷിതപ്രവർത്തനമാണ് ധ്യാനപ്രസ്ഥാനം. എല്ലാ വിഭാഗങ്ങളിലുമുള്ള യുവജനങ്ങളെ ഉദ്ദേശിച്ചാണ് പ്രസ്ഥാനം തുടങ്ങിയത്. പ്രതീക്ഷയിൽ കവിഞ്ഞ ഫലം അതിൽനിന്ന് ഉളവാകുകയും ചെയ്തു.

അദ്ദേഹത്തിന്റെ സാഹിത്യസേവനവും നിസ്തുലമായിരുന്നു. ‘കത്തോലിക്കാ ലൈബ്രറി എന്നപേരിൽ അദ്ദേഹം ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതുകൂടാതെ, കത്തോലിക്കാ മതതത്വങ്ങളെ വിശുദ്ധീകരിക്കുന്നതിനും അന്ന് നിലവിലുണ്ടായിരുന്ന പാഷണ്ഡതകളെ തടയുന്നതിനുമായി ‘കത്തോലിക്കാ ഗ്രന്ഥാവലി’ എന്നപേരിൽ ഒരു ദ്വൈവാരികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആത്മാക്കളുടെ രക്ഷയ്ക്കും ജനജീവിതത്തിൻറെ ഉന്നമനത്തിനുമായി വിശുദ്ധൻ എത്രമാത്രം തീക്ഷ്ണതയോടെ പ്രവർത്തിച്ചോ അത്രയധികം ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തെ വധിക്കുന്നതിന് അവർ പലതവണ ശ്രമിച്ചു. എന്നാൽ, അവയിൽനിന്നെല്ലാം ദൈവം വിശുദ്ധനെ അത്ഭുതകരമായി രക്ഷിച്ചു.

ഇന്ന് ലോകമാസകലം പ്രശസ്തമാംവിധം സേവനംചെയ്യുന്ന സലേഷ്യൻ സഭ അദ്ദേഹം 1849- ലാണ് സ്ഥാപിച്ചത്. പെൺകുട്ടികൾക്കായി “ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രികൾ’ എന്നപേരിൽ ഒരു സഭയും അദ്ദേഹം സ്ഥാപിച്ചു. 1888 ജനുവരി 31-ന് വിശുദ്ധൻ മരണമടഞ്ഞു

വി. ജോണ്‍ ബോസ്‌കോ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles