ഇന്നത്തെ വിശുദ്ധന്‍: അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍

August 30: അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍

അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ അപരിചിതനിലെ നന്മയുടേയും, കഴിവിന്റേയും അടയാളങ്ങള്‍ കണ്ട് ആ പിതാവ് അതിശയപ്പെടുകയും, ബ്രീ എന്ന പ്രവിശ്യയിലെ ബ്രിയൂലി എന്ന വനത്തില്‍ ഏകാന്ത വാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.

ഫിയാക്കര്‍ അവിടത്തെ മരങ്ങള്‍ വെട്ടിത്തെളിച്ചു നിലം വൃത്തിയാക്കി ചെറിയ തോട്ടത്തോട് കൂടിയ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാ മുറിയും അതില്‍ ഉണ്ടാക്കി. തന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫിയാക്കര്‍ എന്ന സന്യാസി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. അദ്ദേഹം തന്റെ തോട്ടം കിളച്ചുമറിക്കുകയും തന്റെ ഉപജീവനത്തിനാവശ്യമായവക്കായി അവിടെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതി വളരെ കര്‍ക്കശമായിരുന്നു. ക്രമേണ നിരവധി പേര്‍ ഉപദേശത്തിനും ആശ്വാസത്തിനുമായി വിശുദ്ധനെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി.

പിന്നീട് വിശുദ്ധന്‍ തന്റെ മുറിയില്‍ നിന്നും കുറച്ച് ദൂരെയായി അപരിചിതര്‍ക്കും, തീര്‍ത്ഥാടകര്‍ക്കുമായി ഒരു ആശുപത്രി നിര്‍മ്മിച്ചു. അവിടെ അദ്ദേഹം തന്റെ സ്വന്തം കൈകൊണ്ട് ദരിദ്രരായ രോഗികളെ ശുശ്രൂഷിച്ചു. അനേകം രോഗികള്‍ക്ക് അവിടെ വെച്ചു രോഗശാന്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സ്ത്രീകളെ തന്റെ ആശ്രമപരിസരത്ത് പ്രവേശിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചിരുന്നില്ല. ഇത് ഐറിഷ് സന്യാസിമാര്‍ കണിശമായി പാലിച്ചിരുന്ന ഒരു നിയമമായിരുന്നു. തന്റെ മരണംവരെ വിശുദ്ധ ഫിയാക്കര്‍ ഈ നിയമം തെറ്റിച്ചിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മാബില്ലോണും, ഡു-പ്ലെസ്സീസും രേഖപ്പെടുത്തിയിരിക്കുന്നു.

1620-ല്‍ പാരീസിലെ ഒരു വനിത തനിക്ക് ഈ നിയമമൊന്നും ബാധകമല്ല എന്ന് ഭാവിച്ചുകൊണ്ട് പ്രാര്‍ത്ഥനാ മുറിയില്‍ കയറി. അവിടെ വെച്ച് അവര്‍ക്ക് ബുദ്ധിഭ്രമം സംഭവിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു. ഒരു ഉന്നതകുലജാതനും വിശുദ്ധ ഫിയാക്കറിന്റെ ബന്ധുവുമായ വിശുദ്ധ ചില്ലെന്‍ റോമില്‍ നിന്നും തിരിച്ചു പോകുന്ന വഴിയില്‍ വിശുദ്ധനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കുറച്ചു കാലം കഴിയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പിന്നീട് വിശുദ്ധ ഫിയാക്കറിന്റെ ഉപദേശത്താല്‍ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി അയല്‍ രൂപതകളില്‍, പ്രത്യേകിച്ച് അരാസില്‍ വളരെ വിജയകരമായി സുവിശേഷ പ്രഘോഷണം നടത്തി.

ഹെക്ടര്‍ ബോയിട്ടിയൂസ്, ഡേവിഡ് കമേരാരിയൂസ്, മെത്രാനായിരുന്ന ലെസ്ലി എന്നിവരുടെ വിവരണമനുസരിച്ച്: ക്ലോട്ടയര്‍ രണ്ടാമന്റെ കാലത്തെ സ്കോട്ട്ലന്റിലെ രാജാവിന്റെ മൂത്തപുത്രനായിരുന്നു വിശുദ്ധ ഫിയാക്കര്‍. തന്റെ രാജ്യത്തിന്റെ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി വിശുദ്ധനോട് തിരികെ വന്ന് രാജ്യഭരണമേറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും, ‘അനശ്വരമായ കിരീടം നേടുവാനായി താന്‍ ഭൗതികനേട്ടങ്ങളെ ഉപേക്ഷിക്കുകയാണ്’ എന്നായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഈ സംഭവങ്ങളൊന്നും വിശുദ്ധന്റെ പുരാണ ജീവചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതായി കാണുന്നില്ല. 670 ഓഗസ്റ്റ് 30-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

അദ്ദേഹത്തിന്റെ സ്വന്തം പ്രാര്‍ത്ഥനാ മുറിയില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ശരീരം അടക്കം ചെയ്തത്. വിശുദ്ധന്റെ കൂടെ ശിഷ്യന്‍മാര്‍ ആരും താമസിച്ചിരുന്നതായി കാണുന്നില്ല. അതിനാല്‍ വിശുദ്ധ ഫാരോയുടെ സന്യാസിമാര്‍ ബ്രിയൂലിയിലെ ചാപ്പല്‍ പരിപാലിക്കുന്നതിനും, തീര്‍ത്ഥാടകരെ സഹായിക്കുന്നതിനുമായി മൂന്ന് പുരോഹിതന്‍മാരെ നിയമിച്ചു. വിശുദ്ധ ഫ്രിയാക്കറിന്റെ ചാപ്പല്‍ നിരന്തരമായ അത്ഭുത പ്രവര്‍ത്തനങ്ങളാല്‍ പ്രസിദ്ധമാണ്.

1568-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ മിയൂക്സിലെ കത്രീഡലിലേക്ക് മാറ്റിയെങ്കിലും കുറച്ച് ഭാഗം ബ്രിയൂലിയില്‍ സൂക്ഷിച്ചിരുന്നു. ഫ്ലോറെന്‍സിലെ നാടുവാഴികള്‍ക്ക് 1527ലും 1695ലും ഈ തിരുശേഷിപ്പിലെ കുറച്ച് ഭാഗങ്ങള്‍ ലഭിക്കുകയും അത് അവര്‍ ടോപ്പയായില്‍ ഒരു ചാപ്പല്‍ പണിത് സൂക്ഷിക്കുകയും ചെയ്തു. ബ്രീ പ്രവിശ്യയുടെ മാധ്യസ്ഥനായ വിശുദ്ധ ഫിയാക്കറിന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ട്. വിശുദ്ധന്റെ നാമം ഫ്രാന്‍സില്‍ പ്രസിദ്ധമായി തീര്‍ന്നിട്ട് ആയിരത്തിലധികം വര്‍ഷമായി. വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. മിയൂക്സിലെ മെത്രാനായിരുന്ന എം. സെഗൂയിര്‍, ബ്ലോയിസിലെ പ്രഭുവായിരുന്ന ജോണ്‍ ഒന്നാമന്‍ എന്നിവര്‍ വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ തങ്ങള്‍ക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് ആധികാരികമായ സാക്ഷ്യം നല്‍കിയിട്ടുണ്ട്.

വിശുദ്ധ ഫിയാക്കര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles