പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 8/22
വിശുദ്ധ ഡൊമിനിക്കിനെ പറ്റി മാർപാപ്പയ്ക്കുണ്ടായ സ്വപ്നം
1215 ൽ, തന്റെ സന്യാസസഭയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൊമിനിക് മാർപാപ്പയോടൊപ്പം റോമിലാ യിരുന്നു. അത്ര നന്നായി രൂപവൽക്കരണം പ്രാപിച്ചിട്ടില്ലാത്തതും പുതിയതുമായ ഒരു സന്യാസ സഭ തുടങ്ങുന്നതിനോട് വലിയ യോജിപ്പില്ലാതിരുന്ന ഇന്നസെന്റ് മൂന്നാമൻ പാപ്പാ ബെനഡിക്ടൻ സന്യാസ സമൂഹത്തെയോ അഗസ്റ്റീനിനിയൻ സന്യാസ സമൂഹത്തെയോ ആശ്രയിച്ച് ഒരു സമൂഹം തുടങ്ങാനാണ് ആഗ്രഹിച്ചത്.
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ, അടിത്തറ ഇളകി, ലാറ്ററൻ ബസിലിക്കാ തകർന്നു വീഴാനാരംഭിക്കുന്നതായി മാർപാപ്പ ഒരു സ്വപ്നം കണ്ടു . ഈ ഭയാനക സ്വപ്നം കണ്ട് ദുഃഖത്തിലാണ്ട പാപ്പ പിന്നീട് കണ്ടത് ഡൊമിനിക് എത്തുന്നതും ഈ ദേവാലയം താങ്ങിനിർത്തുന്നതുമാണ്. ഈ സ്വപ്നത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇന്നസെന്റ് മൂന്നാമൻ പാപ്പാ ഈ സമൂഹത്തെ ഒരു ‘വചന പ്രഘോഷണ സന്യാസ സമൂഹമായി’ അംഗീകരിക്കാം എന്ന് വാഗ്ദാനം നൽകി.
മാർപാപ്പയുമായുള്ള ഡൊമിനിക്കിന്റെ ഈ കൂടിക്കാഴ്ചയുടെ സമയത്ത് മറ്റൊരു അവിസ്മരണീയ മുഹൂർത്തം കൂടിയുണ്ടായി. അത് മറ്റൊന്നുമല്ല : ഇതേ സമയത്താണ് തന്റെ പുതിയ സന്യാസ സമൂഹത്തിനുള്ള അംഗീകാരം തേടി വിശുദ്ധ ഫ്രാൻസിസ് അസ്സീസി മാർപാപ്പയെ കാണാൻ അവിടെ എത്തിയത്. അങ്ങനെ വിശുദ്ധ ഡൊമിനിക്കും വിശുദ്ധ ഫ്രാൻസിസ് അസ്സീസിയും പരസ്പരം കണ്ടുമുട്ടുകയും, സ്വർഗീയ വ്രതങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്നുള്ള തങ്ങളുടെ സമാനമായ ദൈവിക വെളിപ്പെടുത്തലുകൾ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. വരും വർഷങ്ങളിൽ നല്ല ദൈവത്തിന് തങ്ങളെക്കുറിച്ച് വ്യത്യസ്തമായ പദ്ധതികൾ ഉണ്ടെന്ന് മനസ്സിലാക്കി ഇരുവരും യാത്ര തിരിഞ്ഞു.
സംരക്ഷണപ്രാര്‍ത്ഥന
പരിശുദ്ധ അമ്മേ, ഞങ്ങളുടെ നല്ല അമ്മേ, അമ്മയുടെ സ്വർഗീയ മധ്യസ്ഥതയാൽ ‘അനുസരണം’ എന്ന സ്വർഗീയ കൃപ ഞങ്ങളിൽ നിറയട്ടെ. അമ്മയെപ്പോലെ അനുസരണമുള്ളവരാകുവാനും ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് അവിടുത്തെ വഴിയേ ചരിക്കുവാനും ഞങ്ങൾക്കിടയാകട്ടെ.
“മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് വിശ്വാസംമൂലം അവന്‍ നിഷേധിച്ചു.ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്‌ടിപതിച്ചത്.”
ഹെബ്രായര്‍ 11 : 24, 26 എന്ന വചനങ്ങൾ പോലെ ദൈവഹിതം തിരിച്ചറിഞ്ഞ് ദൈവവചനാനുസരണത്തിൽ അടിത്തറ പാകി വിശ്വാസ ജീവിതം നയിക്കാൻ അമ്മ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ.
ആമേൻ
1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.