പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 5/22

പാഷണ്ഡതയെ തകർത്തെറിഞ്ഞ അത്ഭുതം
ആൽബിജെൻസിയൻ പാഷണ്ഡത തഴച്ചു വളർന്ന ഈ കാലഘട്ടത്തിൽ നടന്ന സമ്മേളനങ്ങളിൽ, ഇരു കൂട്ടരും നടത്തിയ മുന്നൊരുക്കങ്ങൾ കൊണ്ടും അതിന്റെ അസാധാരണമായ ഫലങ്ങൾ കൊണ്ടും ഏറ്റവും പ്രധാനപ്പെട്ടത് ഫാൻജിയോക്‌സിൽ നടന്ന സമ്മേളനമാണ് . ആൽബിജെൻസിയക്കാർ തങ്ങളുടെ വാദഗതികളിന്മേലുള്ള തീരുമാനം ആരാഞ്ഞപ്പോൾ കത്തോലിക്കാ നേതാക്കൾ അവരുടെ വെല്ലുവിളി ഏറ്റെടുത്തെന്നു മാത്രമല്ല, ആൽബിജെൻസിയൻ പാഷാണ്ഡതയോട് ചായ് വുള്ള മൂന്ന് വ്യക്തികളെ ഈ വിവാദത്തിൽ വിധികർത്താക്കൾ ആക്കുകയും ചെയ്തു.
ഇരു കൂട്ടരും(കത്തോലിക്കാ വിശ്വാസികളും ആൽബിജൻസിയക്കാരും) തങ്ങളുടെ വാദങ്ങൾ പ്രതിരോധിക്കാൻ എഴുതുവാൻ ആരംഭിച്ചു . അതിൽ കത്തോലിക്കർക്കായി എഴുതിയത് ഡൊമിനിക്കാണ്. ഇരുകൂട്ടരുടെയും വാദഗതികൾ കേട്ടതിന് ശേഷവും, അവർ എഴുതിത്തയ്യാറാക്കിയവ വായിച്ചതിനുശേഷവും, ഒരു തീരുമാനത്തിലെത്താൻ മൂന്ന് വിധികർത്താക്കൾക്കും സാധിച്ചില്ല. ആശയക്കുഴപ്പത്തിന്റെ ഈ സാഹചര്യത്തിലാണ് വിധി നിർണ്ണയിക്കാനായി മറ്റൊരു മാർഗ്ഗം ആൽബിജെൻസിയക്കാർ മുന്നോട്ട് വെച്ചത്.അത് ഇപ്രകാരമായിരുന്നു : ഇരുകൂട്ടരുടെയും പുസ്തകങ്ങൾ തീയിൽ ഇടുക. അപ്പോൾ ഏതാണ് അവിടുന്ന് അനുകൂലിക്കുന്ന നിലപാടെന്ന് തന്റെ ഇടപെടലിലൂടെ ദൈവം തന്നെ തെളിയിക്കട്ടെ.
വാഴ്ത്തപ്പെട്ട ജോർദാൻ പറയുന്നു, അങ്ങനെ അവിടെ തീകൊളുത്തി അതിലേക്ക് ഇരുകൂട്ടരുടെയും പുസ്തകങ്ങൾ ഇട്ടു. ആൽബിജെൻസിയക്കാരുടെ പുസ്തകം ഉടനെതന്നെ കത്തി ചാരമായി, എന്നാൽ വിശുദ്ധ ഡൊമിനിക് തയ്യാറാക്കിയ പുസ്തകം കത്തിനശിച്ചില്ലെന്ന് മാത്രമല്ല, അവിടെ കൂടിയിരുന്ന എല്ലാവരും കാൺകെ തീജ്വാലകളിൽ നിന്ന് തെറിച്ച് പുറത്തേക്ക് വരികയും ചെയ്തു. രണ്ടാമതും മൂന്നാമതും അവർ ഈ പുസ്തകം തീയിലേക്ക് തിരിച്ചെറിഞ്ഞെങ്കിലും ആദ്യം സംഭവിച്ചത് പോലെ തന്നെയാണ് സംഭവിച്ചത് . അങ്ങനെ സത്യവിശ്വാസം ഏതെന്ന് തെളിഞ്ഞു, അതോടൊപ്പം ഇതെഴുതിയ ഡൊമിനിക്കിന്റെ വിശുദ്ധിയും ഏവർക്കും ബോധ്യമായി.
സംരക്ഷണപ്രാര്‍ത്ഥന
കാരുണ്യവാനായ ഈശോയേ, യഥാർത്ഥ മാർഗദർശിയായ പരിശുദ്ധാത്മാവ് വഴി വിശ്വാസമെന്ന പുണ്യം ഈ വിചിന്തനത്തിലൂടെ ഞങ്ങളിൽ നിറയ്‌ക്കണമേ. നാഥാ, പലപ്പോഴും ഞങ്ങളിലെ അന്ധകാരവും ഞങ്ങളുടെ പാപങ്ങളും സർവശക്തനായ ദൈവത്തെ തിരിച്ചറിയുന്നതിൽ നിന്ന് ഞങ്ങളെ തടസ്സപ്പെടുത്തുന്നു. വെളിപാട് 3 : 20 ൽ പറയുന്നു : “ആരെങ്കിലും എന്‍െറ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍െറ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും.” ഈശോയെ, അങ്ങേയ്ക്ക് കടന്നുവരുവാനും വാസമുറപ്പിക്കുവാനും തക്കവിധത്തിൽ എന്റെ ഹൃദയത്തെ ഒരുക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. നാഥാ, തങ്ങളുടെ വിശ്വാസത്തിൽ വ്യതിചലനം ഉണ്ടായെങ്കിലും നിർലജ്ജം വിശ്വാസത്തിനു വേണ്ടി പ്രാർത്ഥിച്ച (” ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!” ലൂക്കാ 17 : 5) അങ്ങയുടെ അപ്പസ്തോലന്മാരുടെ മാധ്യസ്ഥ്യം ഞങ്ങൾ തേടുന്നു. ഞങ്ങളുടെ സന്ദേഹങ്ങളിലും പരീക്ഷണങ്ങളിലും ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തണമെന്നും ജീവിതത്തിലുടനീളം അങ്ങേയ്ക്ക് ഏറ്റവും ഉന്നത സ്ഥാനം നൽകാൻ ഞങ്ങൾക്ക് ഇടവരുത്തണമേയെന്നും അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമേൻ
1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.