ദേവാലയ സംഗീതത്തിന്റെ മധ്യസ്ഥയായ വിശുദ്ധയെ കുറിച്ചറിയാമോ?
പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. താന്‍ ജീവിതകാലം മുഴുവനും കന്യകയായി ഇരിക്കുമെന്ന്‍ അവള്‍ പ്രതിജ്ഞ ചെയ്തിരുന്നു.
അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം വലേരിയന്‍ എന്ന വിജാതീയ യുവാവ് അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു. അതേ തുടര്‍ന്ന്‍ അവരുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അങ്ങിനെ കല്യാണദിവസം രാത്രിയില്‍ അവള്‍ വലെരിയന്റെ ചെവിയില്‍ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. “ഒരു രഹസ്യം ഞാന്‍ നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു,എന്റെ ശരീരത്തിന് കാവല്‍ നില്‍ക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു സംരക്ഷകൻ എനിക്കുണ്ട്.” തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാല്‍ താന്‍ ക്രിസ്തുവില്‍ വിശ്വസിക്കാമെന്ന് വലേരിയന്‍ വാക്ക് കൊടുത്തു. എന്നാല്‍ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉര്‍ബന്‍ പാപ്പായാല്‍ ജ്ഞനസ്നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോള്‍ വിശുദ്ധ സിസിലി തന്റെ ചെറിയ മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നില്‍ക്കുന്നതും വലേരിയന്‍ കണ്ടു.
ഇത് കണ്ടമാത്രയില്‍ തന്നെ വലേരിയന്‍ ഭയചകിതനായി. കന്യകാത്വത്തോടുള്ള സിസിലിയയുടെ ഇഷ്ടത്തില്‍ പ്രീതിപൂണ്ട മാലാഖ അവര്‍ക്ക് മഞ്ഞുകണക്കെ വെളുത്തനിറമുള്ള ലില്ലിപുഷ്പങ്ങളും കടും ചുവന്ന നിറത്തിലുള്ള റോസാ പുഷ്പങ്ങളും നിറഞ്ഞ ഒരു പൂക്കുട സമ്മാനിച്ചു . ഇതിനുപുറമേ വലെരിയന്‍ തന്റെ സഹോദരനായ തിബര്‍ത്തിയൂസിന്റെ മതപരിവര്‍ത്തനത്തിനു വേണ്ടിയും മാലാഖയോട് അപേക്ഷിച്ചു.
വിവാഹിതരായ ഈ ദമ്പതികളെ അനുമോദിക്കുന്നതിനായി വന്നപ്പോള്‍ മനോഹരമായ ഈ പൂക്കള്‍ കണ്ട തിബര്‍ത്തിയൂസ് ആശ്ചര്യപ്പെട്ടു. ഇവ എങ്ങിനെ ലഭിച്ചു എന്നറിഞ്ഞ തിബര്‍ത്തിയൂസ് മാമ്മോദീസ സ്വീകരിച്ചു. അതേ തുടര്‍ന്ന്‍ വിശുദ്ധ സിസിലി തിബര്‍ത്തിയൂസിനോട് ഇപ്രകാരം പറഞ്ഞു :”ഇന്ന്‍ ഞാന്‍ നിന്നെ എന്റെ ഭര്‍തൃസഹോദരനായി അംഗീകരിക്കുന്നു. കാരണം ദൈവത്തോടുള്ള നിന്റെ സ്നേഹം നിന്നെ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിച്ചിരിക്കുന്നു. നിന്റെ സഹോദരനെ എന്റെ ഭര്‍ത്താവായി എനിക്ക് തന്ന ദൈവം നിന്നെ എന്റെ ഭര്‍തൃസഹോദരനായും എനിക്ക് തന്നിരിക്കുന്നു.”
ഇവരുടെ മതപരിവര്‍ത്തനത്തെ കുറിച്ചറിഞ്ഞ മുഖ്യനായ അല്‍മാച്ചിയൂസ് ഇവരെ തടവിലടക്കുന്നതിനായി തന്റെ ഉദ്യോഗസ്ഥനായ മാക്സിമസിനെ അയച്ചു. തങ്ങളുടെ വധശിക്ഷയുടെ തലേദിവസം രാത്രിയില്‍ ഇവര്‍ മാക്സിമസിനെ ഉപദേശിക്കുകയും അതിന്‍പ്രകാരം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മാമോദീസ സ്വീകരിക്കുകയും ചെയ്തു.
പിറ്റേന്ന് പുലര്‍ച്ചെതന്നെ വിശുദ്ധ എഴുന്നേല്‍ക്കുകയും രണ്ടു സഹോദരന്മാരെയും വിളിച്ചുണര്‍ത്തി ധൈര്യപൂര്‍വ്വം ക്രിസ്തുവിനു വേണ്ടി പോരാടണമെന്നും പറഞ്ഞു. പട്ടാളക്കാര്‍ വരെ വിശുദ്ധ പറയുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു. “ഞങ്ങളെ പോലുള്ള ദാസരെ തിരഞ്ഞെടുത്ത യേശു ശരിയായ ദൈവപുത്രനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” എന്നവര്‍ ഉറക്കെ ഘോഷിച്ചു.
മുഖ്യന്റെ മുന്നിലേക്കാനയിച്ചപ്പോഴും അവര്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പ്രഘോഷിച്ചു: “ഞങ്ങള്‍ അവന്റെ പരിശുദ്ധ നാമം ഉറക്കെ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ അവനെ നിഷേധിക്കുകയില്ല.”
കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് തന്നെ മുഖ്യന്‍ അവരെ വധിക്കുവാന്‍ ഉത്തരവിട്ടു. ശേഷം വിശുദ്ധയെ വെള്ളത്തില്‍ മുക്കി കൊല്ലുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഒരു കുഴപ്പവും കൂടാതെ ഇരിക്കയും തീയിൽ ദഹിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. “പിതാവേ, ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്റെ മകനായ ക്രിസ്തുവിനാല്‍ തീ പോലും എന്റെ അരികില്‍ നിന്നും പോയിരിക്കുന്നു”.
അതേ തുടര്‍ന്ന്‍ വിശുദ്ധയുടെ തലവെട്ടിമാറ്റുവാന്‍ ആജ്ഞാപിച്ചു. ഇതിനായി നിയോഗിച്ച ആള്‍ മൂന്ന് ശ്രമം നടത്തിയെങ്കിലും (മൂന്നില്‍ കൂടുതല്‍ നിയമം അനുവദിക്കുന്നില്ല) പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ വിശുദ്ധയെ അവിടെ തന്നെ ഉപേക്ഷിച്ച് പോയി.
ആ അവസ്ഥയിലും പാവങ്ങൾക്ക് സ്വത്തു നൽകുകയും തന്റെ ഭവനം ഒരു ദേവാലയത്തിനായി സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് മൂന്ന് ദിവസത്തോളം പാതി മുറിഞ്ഞ ശിരസ്സുമായി സ്തുതിഗീതങ്ങൾ പാടി വിശുദ്ധ ജീവിച്ചിരുന്നു.ഇക്കാരണത്താൽ വി. സിസിലി ദേവാലയ ഗായകസംഘത്തിന്റ മധ്യസ്ഥയായി വണങ്ങപ്പെടുന്നു.
നാലാം നൂറ്റാണ്ടില്‍ തന്നെ ട്രാസ്റ്റ്വേരെയില്‍ വിശുദ്ധയുടെ വീടിരുന്ന അതേ സ്ഥലത്ത് തന്നെ അവളുടെ പേരില്‍ ഒരു പള്ളി ഉണ്ടായിരുന്നു. ഏതാണ്ട് 230-ല്‍ അലക്സാണ്ടര്‍ സെവേരുസ് ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് വിശുദ്ധയുടെ രക്തസാക്ഷിത്വം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1599-ല്‍ വിശുദ്ധയുടെ ശവകല്ലറ തുറക്കുകയും അവളുടെ ശരീരം സൈപ്രസ് മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ കാണപ്പെടുകയും ചെയ്തു. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇരുന്നത് പോലെ ഒട്ടും തന്നെ അഴുകാതെ ആണ് വിശുദ്ധയുടെ മൃതശരീരം ഇരുന്നത്.
ഈ ശരീരം കാണാനിടയായ സ്റ്റീഫന്‍ മദേര്‍ണ എന്നയാള്‍ താന്‍ കണ്ടതുപോലെ തന്നെ വിശുദ്ധയുടെ ഒരു പ്രതിമ നിര്‍മ്മിക്കുകയുണ്ടായി. മധ്യകാലം മുതലേ തന്നെ വിശുദ്ധ സിസിലിയെ ദേവാലയ സംഗീതത്തിന്‍റെ മധ്യസ്ഥയായി ആദരിച്ച് വരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.