മരിച്ച കുട്ടിക്ക് പ്രാർത്ഥനയിലൂടെ ജീവൻ നൽകിയ വി. ബ്ലാൻ
വിശുദ്ധ ബ്ലാൻ അറിയപ്പെടുന്നത് മനുഷ്യ ദൃഷ്ടിയിൽ അസാധ്യമെന്നു തോന്നുന്ന ഒരു അത്ഭുതത്തിലൂടെയാണ്. പരിശുദ്ധാത്മാവ് നൽകുന്ന നിരവധി വരങ്ങളിൽ ഒന്നാണ് അത്ഭുത പ്രവർത്തന വരം. ഈ വരം ലഭിച്ച നിരവധി വിശുദ്ധർ കത്തോലിക്കാ സഭയ്ക്ക് ഉണ്ട്. പ്രാർത്ഥിക്കുമ്പോൾ വായുവിൽ ഉയർന്നു പൊങ്ങുന്ന വിശുദ്ധ കുപ്പെർട്ടിനൊ, ഒരേസമയം രണ്ടു സ്ഥലത്ത് സന്നിഹിതരായ വിശുദ്ധ അന്തോണിസ്, വിശുദ്ധ പാദ്രേ പിയോ, ഒഴിഞ്ഞ ധാന്യപ്പുര അത്ഭുതകരമായി നിറച്ച വിശുദ്ധ ഫ്രാൻസെസ്, പുഴയ്ക്ക് മീതെ നടന്ന വിശുദ്ധ ജർമേയ്ൻ കുസിൻ തുടങ്ങിയവരെല്ലാം ഏതാനും പേർ മാത്രം.
വിശുദ്ധ ബ്ലാൻ എ.ഡി 590 ൽ അയർലണ്ടിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. വളർന്നപ്പോൾ വിശുദ്ധ കൊമ്ഗാല്ലിന്റെയും വിശുദ്ധ കെന്നത്തിന്റെയും കീഴിൽ പഠനം പൂർത്തിയാക്കി. മാതൃ സഹോദരനായ വിശുദ്ധ കാതന്റെ കൂടെ റോമിലേക്ക് ഒരു തീർഥയാത്ര നടത്തി. തുടർന്ന് സ്കോട്ട്ലൻഡിലെ ഡൺ ബ്ലെയ്‌നിൽ ഒരു ആശ്രമം സ്ഥാപിച്ചു.
ഒരു രാത്രിയിൽ ആശ്രമ ദേവാലയത്തിൽ അംഗങ്ങളെല്ലാവരും സങ്കീർത്തനങ്ങൾ ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനിടെ പെട്ടെന്നുണ്ടായ കാറ്റിൽ വിളക്കുകളെല്ലാം അണഞ്ഞു പോയി. ദൈവാരാധനയിൽ മുഴുകിയിരുന്ന വിശുദ്ധ ബ്ലാൻ ഉടനെ തന്നെ അത് പുനരാരംഭിക്കണം എന്നുള്ള ആഗ്രഹത്തോടെ പ്രാർത്ഥനാപൂർവ്വം കരങ്ങളുയർത്തി. ഉടനെ അദ്ദേഹത്തിന്റെ ഓരോ വിരൽത്തുമ്പിൽ നിന്നും തീ നാളങ്ങൾ അതിവേഗം വിളക്കുകളിൽ എത്തി. ആശ്രമവാസികൾ സങ്കീർത്തന ആലാപനം പുനരാരംഭിച്ചു. എന്നാൽ, കൂടുതൽ തീക്ഷ്ണതയോടെ…
മറ്റൊരിക്കൽ ഒരു മരിച്ച ആൺകുട്ടിക്ക് പ്രാർത്ഥനയിലൂടെ ജീവൻ നൽകുകയും ചെയ്തു വിശുദ്ധ ബ്ലാൻ. അദ്ദേഹത്തിന്റെ വിശുദ്ധിയെ പറ്റി അറിഞ്ഞ അധികാരികൾ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു.
എഡി 590ൽ അദ്ദേഹത്തിന്റെ മരണശേഷം വിശുദ്ധ ബ്ലാനിനോടുള്ള ഭക്തി കൂടുതലായി പ്രചരിക്കാൻ തുടങ്ങി. ലിയോ പതിമൂന്നാമൻ പാപ്പ ആഗസ്റ്റ് 10 ലെ വിശുദ്ധനായി വിശുദ്ധ ബ്ലാനിനെ 1898ൽ പ്രഖ്യാപിച്ചു.ബ്യൂട്ടിലെ അദ്ദേഹം പണികഴിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങളും ദേവാലയമണിയും ഇന്നും കാണാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.