അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 4/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 4/30 – തുടരുന്നു)

പാറക്കെട്ടുകൾ മാത്രമുള്ള ഒരു മലയുടെ മുകളിൽ വിശുദ്ധ ബനഡിക്ട് മൂന്ന് ആശ്രമങ്ങൾ പണിതുയർത്തിയിരുന്നു. ഇവിടേക്ക് ആവശ്യമായ ശുദ്ധജലം കൊണ്ടുവരുന്നത് മലയുടെ അടിവാരത്തിലുള്ള തടാകത്തിൽ നിന്നുമാണ്. ദുഷ്കരമായ ഈ പ്രവർത്തിയെക്കുറിച്ച് മൂന്ന് ആശ്രമങ്ങളിലേ അന്തേവാസികളും വിശുദ്ധനോട് സങ്കടം പറഞ്ഞു. തങ്ങളുടെ ആശ്രമം മറ്റെവിടേക്കെങ്കിലും മാറ്റി കൊടുക്കുന്നമെന്നും അവർ അപേക്ഷിച്ചു. അദ്ദേഹം പിതൃവാത്സല്യത്തോടെ അവരെ സാന്ത്വനിപ്പിച്ച് പറഞ്ഞയച്ചു.

ആ രാത്രിയിൽതന്നെ വിശുദ്ധൻ തന്റെ ശിഷ്യനായ പ്ലാസിഡിനെ കൂട്ടി മലമുകളിൽ കയറിച്ചെന്ന് നിലത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചു. ശേഷം മുട്ടുകുത്തിയ സ്ഥലത്ത് മൂന്ന് കല്ലുകളെടുത്ത് അടുക്കി വെച്ചു. മറ്റാരും ഇതൊന്നും അറിഞ്ഞില്ല. അവർ ഇരുവരും തിരികെ ആശ്രമത്തിലേക്ക് പോരുകയും ചെയ്തു.

പിറ്റേ ദിവസം തങ്ങളുടെ അഭ്യർത്ഥനയുമായി വീണ്ടും സന്യാസികളെത്തി. അവിടെ ഒന്നിനുമേൽ ഒന്നായി മുന്ന് കല്ലുകൾ അടുക്കി വച്ചിരിക്കുന്നിടത്തു കുഴിച്ചാൽ പാറക്കെട്ടുകൾ നിറഞ്ഞ കൊടുമുടിയിൽ നിന്നു പോലും ഉറവ പുറപ്പെടുവിക്കാൻ സർവ ശക്തനായ ദൈവത്തിനു സാധിക്കുമെന്ന് മനസ്സിലാകും എന്നു പറഞ്ഞ് അവരെ മടക്കി അയച്ചു. സന്യാസികൾ തിരിച്ചു മലകയറി. തങ്ങളുടെ വിശുദ്ധനായ പിതാവ് പറഞ്ഞതുപോലെ പറഞ്ഞ സ്ഥലത്ത് നനവ് കണ്ട് ഒരു ചെറിയ കുഴിയണ്ടാക്കി. ഉറവ പൊട്ടി, കുഴി നിറഞ്ഞു, കവിഞ്ഞൊഴുകി. ഇന്നും ആ അരുവി മലഞ്ചെരുവിലൂടെ ജലസമൃദ്ധിയോടെ ഒഴുകികൊണ്ടിരിക്കുന്നു.

“വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.” (വി. മത്തായി 21:22) എന്ന ദൈവത്തിന്റെ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും, വിശ്വസിക്കുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും, അധരം കൊണ്ട് അത് ഏറ്റുപറയുകയും ചെയ്ത വിശുദ്ധ ബനഡിക്ട് നമുക്കൊരു മാതൃകയാണ്. ഇതേ ദൈവവചനം നമുക്കും സമീപസ്ഥമാണ്. എന്നാൽ ഈ കാര്യത്തിൽ ഈശോ വയ്ക്കുന്ന മാനദണ്ഡം ഇതാണ്;  “സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍.”(വി. യാക്കോബ്‌ 1:6)
അതിനാൽ വിശുദ്ധ ബനഡിക്ടിനെ പോലെ ഹൃദയത്തിൽ വചനം സ്വീകരിച്ച് അധരംകൊണ്ട് അത് എറ്റുപറയുവാൻ നമുക്കും ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന
സ്നേഹസ്വരൂപനായ ഈശോയെ, ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. പ്രതികൂലങ്ങളിൽ പോലും തന്റെ പ്രിയപ്പെട്ടവർക്ക് അവിടുന്ന് വേണ്ടത് പ്രധാനം ചെയ്യുന്നുവല്ലോ. (സങ്കീർത്തനം 127: 2)

നിരാശയിലും ദുരിതങ്ങളും വേതനയിലും അകപെട്ടിരിക്കുമ്പോൾ അങ്ങയിൽ ഹൃദയപൂർവ്വകമായ പ്രത്യാശവയ്ക്കാനും ദൈവപരിപാലനയിൽ ആശ്രയിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. വിശുദ്ധ ബെനഡിക്ടിനെ പോലെ ദൈവീക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലൂടെ അങ്ങേ സാക്ഷികളാകുവാൻ ഞങ്ങളെ ശക്തരാകണമേ. ഇതിനെതിരെ നിൽക്കുന്ന സംശയത്തിന്റെയും എതിർചിന്തകളുടെയും എല്ലാ ദുഷ്ടാരൂപികളെയും പാതാളത്തിലേക്ക് അങ്ങ് ആട്ടി പായിക്കണമേ. ദുഃഖവും അർത്ഥങ്ങളും ഞങ്ങളെ വലയം ചെയ്യുമ്പോൾ അങ്ങേ പക്കലേക്ക് എത്തിചേരാനുള്ള ചവിട്ടുപടികളായി അതിനെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles