അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 30/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 30/30)

വിശുദ്ധൻ ഏകാന്തവാസത്തിനുപയോഗിച്ചിരുന്ന സുബിയാക്കോയിലെ ഗുഹയിൽച്ചെന്ന് വിശ്വാസത്തോടെ മാദ്ധ്യസ്ഥ്യം തേടുന്നവർക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിച്ചുവരുന്നുണ്ട്. മനസ്സിന്റെ സമനില തെറ്റി സ്ഥിരബുദ്ധി നിശ്ശേഷം നഷ്ടപ്പെട്ട ഒരു സ്ത്രീ കാട്ടിലും മലമുകളിലും താഴ് വരകളിലും തൊടികളിലുമൊക്കെ നിർത്താതെ അലഞ്ഞിട്ട് തീരെ അവശനാകുമ്പോൾ മാത്രമേ എവിടെയെങ്കിലും വിശ്രമിക്കുമായിരുന്നുള്ളു. ഒരു ദിവസം യാദൃച്ഛികമായി അവൾ സുബിയാക്കോയിലെ ഗുഹയിൽ ചെന്നുപെട്ടു. പരിസരബോധമില്ലാതെ അതിനുള്ളിൽ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ അവൾ ഉണർന്നത് തന്റെ രോഗത്തിൽ നിന്നും പൂർണ്ണമായ വിടുതൽ നേടിയായിരുന്നു. ഒരിക്കലും ഇങ്ങനെയൊരു രോഗം അവൾക്കില്ലായിരുന്നു എന്ന പ്രതീതി. പിന്നീട് ആ രോഗം അവളെ അലട്ടിയതുമില്ല.

“വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.”(ജ്‌ഞാനം 6:10) വൈദികരോ സന്യസ്തരോ ഏതെങ്കിലും ആദ്ധ്യാത്മിക അനുഭവം ലഭിച്ചവരോ മാത്രമല്ല വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നത്. “ഏത് അവസ്ഥയിലും ജീവിതവൃത്തിയിലുമുള്ള എല്ലാ ക്രൈസ്തവരും, ക്രൈസ്തവജീവിതത്തിന്‍റെ പൂര്‍ണതയിലേക്കും സ്നേഹത്തിന്‍റെ പരിപൂര്‍ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു.”(CCC 2013) പ്രതികൂല സാഹചര്യത്തിൽ പോലും വിശുദ്ധിയിൽ ജീവിക്കുവാൻ കർത്താവായ ഈശോതന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധിക്കുവേണ്ടി നമ്മൾ പരിശ്രമിക്കുമ്പോൾ പ്രലോഭനങ്ങളും പരീക്ഷണങ്ങളും പ്രതികൂലങ്ങളും അടങ്ങുന്ന ശക്തമായ വെല്ലുവിളി പിതാവിലുള്ള പ്രത്യാശയാലും ആശ്രയത്താലും അതിജീവിക്കുവാൻ ഈശോ നമുക്ക് മാതൃകയാണ്. വിശുദ്ധരെല്ലാം ഈശോയുടെ ഈ മാതൃകയാണ് പിന്തുടർന്നത്. “എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.”(ഹെബ്രായര്‍ 12:14) “അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?” എന്ന് വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെപോലെ നമുക്കും പറയാൻ സാധിക്കണം. ഈശോയെ ഏറെ സ്നേഹിക്കുന്ന വിശുദ്ധരാകുവാൻ നമുക്കും ആഗ്രഹത്തോടെ പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിൻ (മത്തായി 5 : 48) എന്നരുൾചെയ്ത ഈശോനാഥാ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ഓരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നു ഞങ്ങൾ അറിയുന്നു. ഏറ്റം പരിശുദ്ധനായ ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളെ ഓരോരുത്തരെയും അങ്ങയുടെ വിശുദ്ധിയാൽ നിറയ്ക്കണമേ. വിശുദ്ധിക്കെതിരെവരുന്ന എല്ലാ തരത്തിലുമുള്ള പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ അവിടുന്ന് കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ. ബനഡിക്ടിൽ പുണ്യാളനിൽ നിറഞ്ഞുനിന്നിരുന്ന വിശുദ്ധിയുടെ ചൈതന്യം ഞങ്ങളിലേക്കും കരുണയാൽ പകരണമേ. പരിശുദ്ധ അമ്മേ, ഈശോയെപ്പോലെ ഞങ്ങളെയും വിശുദ്ധിയിൽ വളർത്തണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles