അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 29/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 29/30 – തുടരുന്നു)
വിശുദ്ധൻ സന്യാസികളൊന്നിച്ച് വയലിൽ ജോലി ചെയ്യാൻ പോയ സമയം. ഒരു മനുഷ്യൻ തന്റെ മകന്റെ മൃതശരീരവും കൈയിലെടുത്ത് ആശ്രമത്തിലെത്തി. വിശുദ്ധനെ ഉടനെ കാണണമെന്ന് നിലവിളിച്ചപേക്ഷിച്ചു. അദ്ദേഹം കൃഷിസ്ഥലത്താണെന്ന് മനസ്സിലായപ്പോൾ മകന്റെ ദേഹം ആശ്രമവാതില്ക്കൽ കിടത്തിയിട്ട് വിശുദ്ധനെ തേടി ഓടി. വഴി മധ്യേ ഇരുവരും കണ്ടുമുട്ടി.
“എന്റെ മകനെ തിരികെതരു”, അയാൾ കരഞ്ഞപേക്ഷിച്ചു.
“എന്ത് നിങ്ങളുടെ മകനെ ഞാൻ അപഹരിച്ചുവോ?”
“എന്റെ മകൻ മരിച്ചുപോയി. അങ്ങു വന്ന് അവനെ ഉയിർപ്പിക്കണം.”
ഇതുകേട്ട് ദൈവദാസൻ വലിയ വിഷമത്തോടെ പറഞ്ഞു: “നമുക്ക് പോകാം സഹോദരന്മാരെ. ഇതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കാൻ എനിക്കാവില്ല. മരിച്ചവരെ ജീവിപ്പിക്കാൻ സാധിക്കുന്നത് ശ്ലീഹന്മാർക്കാണ്. ഞങ്ങൾക്കെടുക്കാൻ വയ്യാത്ത ഭാരം ഞങ്ങളുടെ മേൽ ചുമത്തുന്നതെന്തിനാണ്?” ദുഃഖിതനായ ആ പിതാവ് മകന്റെ ജീവനുവേണ്ടി വീണ്ടും വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു. അവന്റെ ജീവൻ തിരിച്ചുകിട്ടുന്നതുവരെ വിശുദ്ധന്റെ മുൻപിൽ നിന്ന് മാറുകയില്ലെന്നയാൾ ശഠിച്ചു. നിർബന്ധം സഹിക്കവയ്യാതായപ്പോൾ “കുട്ടി എവിടെ” എന്നന്വേഷിച്ചു. “ആശ്രമ വാതിൽക്കൽ’ എന്ന മറുപടി കേട്ട് അദ്ദേഹം മറ്റു സന്യാസികളോടൊന്നിച്ച് ആശ്രമത്തിലേക്കു നടന്നു. പിന്നീട് എഴുന്നേറ്റ് പിടിച്ചു കൈകൾ വിരിച്ചു പ്രാർത്ഥിച്ചു. “കർത്താവേ എന്റെ പാപങ്ങളെ ഗൗനിക്കാതെ ഈ ആളിന്റെ വിശ്വാസത്തെ തൃക്കൺപാർക്കണമേ, ഈ ശരീരത്തിൽ നിന്ന് അങ്ങ് എടുത്ത ആത്മാവിനെ തിരിച്ച് ഇതിൽ നിവേശിപ്പിക്കാൻ തിരുമനസ്സാകണമേ.” പ്രാർത്ഥന അവസാനിച്ചപ്പോൾ ആ ബാലന്റെ ശരീരത്തിലേക്ക് ജീവൻ തിരികെ വന്നതായി കണ്ടുനിന്നവർക്ക് അനുഭവപ്പെട്ടു. ഹൃദയം സ്പന്ദിച്ചു. ശരീരം ത്രസിച്ചു. വിശുദ്ധൻ ബാലനെ കൈക്കുപിടിച്ച് പിതാവിന് ഏല്പിച്ചു കൊടുത്തു. ഒരു കാര്യം വ്യക്തമാണ് പീറ്റർ, ഇതു വിശുദ്ധൻ സ്വന്തം സിദ്ധിയാൽ പ്രവർത്തിച്ച അത്ഭുതമല്ല. പ്രാർത്ഥനകൊണ്ടു മാത്രമാണിതു സാധിച്ചത്.
“രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.”
(വി. മത്തായി 10:8) ഇതുപോലെ അനേകം വിശുദ്ധർ തിരുസഭയിൽ ഉണ്ടായിരുന്നു. അപ്പസ്തോലന്മാർ, ആദിമ ക്രൈസ്തവർ, പിന്നീട് വിശുദ്ധ വിൻസെൻറ് ഫെറർ, വിശുദ്ധ പാട്രിക്, വിശുദ്ധ അന്തോണീസ് തുടങ്ങിയ അനേകർ ഈശോയുടെ ഈ വാഗ്ദാനത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. വചനത്തെ അതിൻറെ പൂർണതയിൽ വിശ്വസിക്കുവാൻ ഈ വിശുദ്ധർക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ അത്ഭുതങ്ങൾ അവരുടെ കരങ്ങൾ വഴി ലോകത്തിന് ലഭിച്ചു. നമുക്കും വചനത്തെ അതിൻറെ പൂർണ്ണതയിൽ വിശ്വസിക്കുവാനും അത് ലോകത്തിന് പകർന്നു കൊടുക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.
പ്രാർത്ഥന
കർത്താവായ ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ദുഷ്‌ടന്‍െറ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുവാൻ ശക്‌തരാക്കുന്ന വിശ്വാസത്തിന്‍െറ പരിചയെടുക്കുവാൻ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കണമേ. (എഫേസോസ് 6 : 16) അങ്ങ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ഞങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഞങ്ങൾ അറിയുന്നു. ആകയാൽ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ എന്ന് ശ്ലീഹൻമാരെപ്പോലെ ഞങ്ങളും പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങനെയുള്ള വിശ്വാസത്തിനെതിരായി ഞങ്ങളിൽ നിറഞ്ഞിരിക്കുന്ന എല്ലാ തരത്തിലുമുള്ള ലൗകിക വിജ്ഞാനത്തിന്റെയും സ്വാധീനങ്ങളെ അങ്ങ് തകർത്തു കളയണമേ. വിശുദ്ധ ബനഡിക്ടിനെ പോലെ അങ്ങയെ പൂർണ്ണമായി ആശ്രയിക്കാനും സമർപ്പിക്കുവാനും ഞങ്ങളെയും കരുണയാൽ യോഗ്യരാക്കമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.