അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 28/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 28/30 – തുടരുന്നു)

അത്ഭുതങ്ങളും അടയാളങ്ങളും വിടുതലും പ്രവർത്തിക്കാനുള്ള കൃപ വിശുദ്ധ ബനഡിക്ടിന് ദൈവകൃപയാൽ ലഭിച്ചിരുന്നു. ഒരിക്കൽ മലമുകളിൽ സ്ഥാപിതമായിരുന്ന വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയത്തിലേക്ക് പ്രാർത്ഥനയ്ക്കായി പോവുകയായിരുന്നു വിശുദ്ധ ബനഡിക്ട്.

മനുഷ്യവംശത്തിന്റെ എക്കാലത്തേയും ശത്രു ഒരു മൃഗഡോക്ടറുടെ വേഷത്തിലും ഭാവത്തിലും കഴുതപ്പുറത്ത് എതിരെ വന്നു. കൈകളിൽ മരുന്നും കൂച്ചുവിലങ്ങും. “എവിടെ പോകുന്നു” വിശുദ്ധൻ ചോദിച്ചു. “നിങ്ങളുടെ സഹോദരന്മാരെ സന്ദർശിക്കാൻ. അവർക്കുവേണ്ട മരുന്നുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്.” നിന്ദാപൂർവമായിരുന്നു മറുപടി. ഭാവവ്യത്യാസമൊന്നും പ്രകടിപ്പിക്കാതെ ബനഡിക്ട് ദേവാലയത്തിലേക്കു  പോവുകയും ചെയ്തു. പ്രാർത്ഥനകഴിഞ്ഞ് വേഗം മലയിറങ്ങി പോരുകയും ചെയ്തു. ഈ സമയത്തിനകം പിശാച് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്ന ഒരു വൃദ്ധസന്യാസിയെ ബാധിക്കുകയും ഭയങ്കരമായ അപസ്മാരരോഗത്തിനു വിധേയമാക്കി നിലത്തു മറിച്ചിടുകയും ചെയ്തു. തീവ്രവേദനകൊണ്ട് പുളയുന്ന സന്യാസിയെ കണ്ട് ബനഡിക്ട് അയാളെ ശക്തിയായി പ്രഹരിക്കുകയാണ് ചെയ്തത്. പ്രഹരമേറ്റതോ പിശാചിനും. തിരിച്ചുവരാനാകാത്തവിധം അവൻ ബഹിഷ്കൃതനായി. സന്യാസി സൗഖ്യം പ്രാപിച്ചു.

പിന്നീടൊരിക്കൽ, ടോട്ടിലാ രാജാവിന്റെ ഇറ്റാലിയൻ വാഴ്ചക്കാലത്ത്, ആര്യൻ പാഷണ്ഡമതസ്ഥനായ സള്ളാ എന്നു പേരുള്ള ഒരുവൻ കത്തോലിക്കരെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ കൈയിലകപ്പെട്ടാൽ വൈദികനോ, സന്യാസിയോ ആരുമായിക്കൊള്ളട്ടെ ജീവനോടെ രക്ഷപ്പെടില്ലായിരുന്നു. ഒരു ദിവസം ഒരു കർഷകൻ അയാളുടെ പിടിയിൽപ്പെട്ടു.

കർഷകന്റെ സമ്പാദ്യമെല്ലാം കവർന്നെടുക്കാനാഗ്രഹിച്ച് അയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതായപ്പോൾ ജീവൻ രക്ഷിക്കാൻ വേണ്ടി തന്റെ സമ്പാദ്യമെല്ലാം ആശമശ്രഷ്ഠനായ ബനഡിക്ടിന്റെ പക്കൽ സൂക്ഷിക്കാനേൽപിച്ചിരിക്കയാണെന്ന് പറഞ്ഞു. സള്ളാ മർദ്ദനം നിർത്തി. കർഷകന്റെ കൈ രണ്ടും ബലമേറിയ കയറുകൊണ്ട് ബന്ധിച്ച് തന്റെ കുതിരയുടെ മുൻപിൽ നടത്തി. അവന്റെ സ്വത്തെല്ലാം ഏറ്റെടുത്ത ബനഡിക്ട് ആരെന്ന് കാണിച്ചു കൊടുക്കാൻ കല്പിച്ചു. ഗത്യന്തരമില്ലാതെ അയാൾ സള്ളായെ ആശ്രമത്തിലേക്കു നയിച്ചു. ആശ്രമകവാടത്തിനു മുൻപിൽ ഏകാന്തതയിൽ ഗ്രന്ഥപാരായണത്തിൽ മുഴുകിയിരുന്ന ബനഡിക്ടിനെ അകലെനിന്ന് കർഷകൻ ചൂണ്ടിക്കാണിച്ചു. മറ്റാരേയും പോലെ വിശുദ്ധനേയും പേടിപ്പിച്ച് കാര്യം നേടാമെന്നു കരുതി, സള്ളാ ആക്രോശിച്ചു. “എഴുന്നേൽക്കടാ അവിടുന്ന്, ഞാൻ ആജ്ഞാപിക്കുന്നത് ചെയ്യുക. ഇയാൾ നിന്നെ ഏൽപിച്ചിരിക്കുന്ന സ്വത്തെല്ലാം വിട്ടുതരൂ.” പ്രശാന്തത കൈവെടിയാതെ വിശുദ്ധൻ പുസ്തകത്തിൽ നിന്ന് കണ്ണുകളുയർത്തി ആദ്യം സള്ളായേയും പിന്നെ ബന്ധനസ്ഥനായ കർഷകനേയും നോക്കി. തൽക്ഷണം കെട്ടഴിഞ്ഞ് കയർ താഴെ വീണു. അത്ഭുതസ്തബ്ധനായ സള്ളാ വിറപൂണ്ട് മുട്ടിന്മേൽ വീണു. അഹന്തകൊണ്ട് ഉയർന്നു നിന്നിരുന്ന അയാളുടെ ശിരസ്സ് ആരുടെ മുന്നിലും കുനിയാത്ത ശിരസ്സ് – വിശുദ്ധന്റെ പാദങ്ങളെ സ്പർശിച്ചു. തന്നോടു ക്ഷമിച്ച് തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അയാളപേക്ഷിച്ചു.

ഇരുന്നിടത്തുനിന്ന് അനങ്ങാതെ വിശുദ്ധ ബനഡിക്ട് ശിഷ്യന്മാരെ വിളിച്ച് സള്ളായെ ആശ്രമത്തിനുള്ളിൽ കൊണ്ടു പോയി തന്റെ ആശീർവാദത്തിനായി ഒരുക്കാൻ പറഞ്ഞു. അനന്തരം അയാളെ അടുത്തു വിളിച്ച് ഹൃദയശൂന്യമായ ഇത്തരം പ്രവൃത്തികൾ ഉപേക്ഷിക്കണമെന്ന് കർശനമായി താക്കീതു നൽകി. അഹങ്കാരമുക്തനായിട്ടാണ് സള്ളാ ആശ്രമത്തിൽനിന്നു തിരികെപ്പോയത്. പിന്നീടൊരിക്കലും ആരെയും അയാൾ ഉപദ്രവിച്ചിട്ടില്ല.

ഇരുന്നിടത്തു നിന്ന് അനങ്ങുക പോലും ചെയ്യാതെ ഒരു ഭീകരന്റെ ക്രോധവും അഹങ്കാരവും ശമിപ്പിക്കുന്നതും ഒരു നിരപരാധിയെ കൈയിലെ ബന്ധനം ഒരു കെ നോട്ടം കൊണ്ട് അഴിച്ച് സ്വതന്ത്രനാക്കുന്നതുമാണ് ഇവിടെ കാണുന്നത്. അത്ഭുതപ്രവർത്തനത്തിന് വിശുദ്ധനു ലഭിച്ചിരുന്ന പ്രത്യേക സിദ്ധിയെ ആണിത് സൂചിപ്പിക്കുന്നത്.

“തെളിവുകളോടും അദ്‌ഭുതങ്ങളോടും ശക്‌തികളോടും കൂടെ എല്ലാത്തരത്തിലുമുള്ള സഹനങ്ങളിലും ഒരു അപ്പസ്‌തോലനു ചേര്‍ന്ന അടയാളങ്ങള്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ടു.” (2 കോറിന്തോസ്‌ 12 : 12).

കർത്താവിൻറെ ശിഷ്യരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു നാമോരോരുത്തരും വിശ്വസ്തതയോടെ അത് പൂർണ്ണമായ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കാനുള്ള അഭിഷേകം നമ്മിലേക്കും അവിടുന്നു ചൊരിഞ്ഞിട്ടുണ്ട്‌. എന്നാൽ അത് പ്രവർത്തിക്കണമെങ്കിൽ ദൈവത്തോടുള്ള ബന്ധം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അത് ഉണ്ടെങ്കിൽ മാത്രമേ മനുഷ്യരെ സ്നേഹിക്കുവാനും അവർക്ക് വേണ്ടി ഓരോന്ന് പ്രവർത്തിക്കുവാനും സാധിക്കുകയുള്ളൂ. നമുക്ക് എല്ലാത്തിനുമുപരിയായി ദൈവത്തെ സ്നേഹിക്കാനുള്ള കൃപയ്ക്കായി ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.

പ്രാർത്ഥന

അത്ഭുതങ്ങളുടെ രാജാവായ കർത്താവേ, ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ലെന്ന് ഞങ്ങൾ വിശ്വസിച്ചേറ്റുപറയുന്നു. ജീവിത പാതയിൽ അനേകരെ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ, അങ്ങയുടെ സ്നേഹം അവരെ സ്വാധീനിക്കത്തക്കവിധം അങ്ങ് ഞങ്ങളിലൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്യണമേ.(വി. മർക്കോസ് 16:20). വിശുദ്ധരിൽ അങ്ങ് ചെരിഞ്ഞ കൃപകളും ദാനങ്ങളും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളിലേക്കും വർഷിക്കണമേ. ഇത്തരത്തിലുള്ള അഭിഷേകം സ്വീകരിക്കുവാൻ ഞങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ തിന്മകളും ബലഹീനതകളും അങ്ങ് എടുത്തു മാറ്റണമേ. വിശുദ്ധ ബനഡിക്ടിനെപ്പോലെ അനേകരെ അങ്ങയിലേക്കടുപ്പിക്കുവാൻ ഞങ്ങളെയും പ്രാപ്തരാക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles