അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 27/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 27/30 – തുടരുന്നു)

വിശുദ്ധ പൗലോസിനെക്കാൾ ഉന്നതനായി ആരുണ്ട്? തന്റെ ശരീരത്തിലെ മുള്ള് മാറിക്കിട്ടാൻ മൂന്നു പ്രാവശ്യം അദ്ദേഹം പ്രാർത്ഥിച്ചു. എന്നാൽ തന്റെ ഈ പ്രാർത്ഥന സഫലമാകണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചില്ല. വിശുദ്ധ ബനഡിക്ടിന്റെ ജീവിതത്തിലും ഇപ്രകാരം നിറവേറാത്ത ആഗ്രഹം ഉള്ളതായി കാണാം. ബനഡിക്ടിന്റെ സഹോദരിയായ സ്‌കൊളാസ്റ്റിക്ക ചെറുപ്പത്തിൽ തന്നെ കന്യാവ്രതം സ്വീകരിച്ച് ദൈവത്തിനു സ്വയം സമർപ്പിച്ചവളായിരുന്നു. വർഷത്തിലൊരിക്കൽ അവൾ സഹോദരനെ സന്ദർശിക്കുക പതിവായിരുന്നു. അത്തരം അവസരങ്ങളിൽ ആശ്രമത്തിൽ നിന്നല്പം അകലെ ആശ്രമം വക കെട്ടിടത്തിൽ വച്ചാണ് വിശുദ്ധ ബനഡിക്ട് സഹോദരിയെ സ്വീകരിച്ചു സംഭാഷണം നടത്തിയിരുന്നത്. പതിവുപോലെ ഇത്തവണയും ബനഡിക്ട് തന്റെ സഹോദരിയെ സ്വീകരിക്കാനെത്തി. സന്യാസസഹോദരങ്ങളിൽ ചിലരും കൂടെയുണ്ടായിരുന്നു.

പകൽ മുഴുവൻ അവർ ആദ്ധ്യാത്മിക സംഭാഷണങ്ങളിൽ മുഴുകിയും ദൈവത്തിനു സ്തോത്രഗീതമാലപിച്ചും കഴിച്ചുകൂട്ടി. അത്താഴശേഷവും സംഭാഷണം തുടർന്നു. സമയം പോയത് അവരറിഞ്ഞില്ല. സ്കൊളാസ്റ്റിക്ക തന്റെ സഹോദരനോട് അന്നേദിവസം മടങ്ങിപ്പോകേണ്ട, രാവിലെവരെ സ്വർഗ്ഗീയാനന്ദത്തേക്കുറിച്ചു സംസാരിക്കാം എന്നു പറഞ്ഞ് അവിടെ താമസിക്കാൻ നിർബന്ധിച്ചു. ബനഡിക്ടാകട്ടെ ആശ്രമത്തിനു വെളിയിൽ രാത്രി കഴിച്ചുകൂട്ടാൻ സാധിക്കില്ല എന്നു പറഞ്ഞ് തിരികെ പോകാൻ തിടുക്കം കൂട്ടി. ദുഃഖിതയായ സ്കൊളാസ്റ്റിക്ക കൈകൂപ്പി മേശമേൽ വച്ച് ശിരസ്സു കുനിച്ച് തീക്ഷണമായി പ്രാർത്ഥിച്ചു. അതുവരെ തെളിഞ്ഞുനിന്നിരുന്ന ആകാശം പെട്ടെന്ന് മാറി. ആകസ്മികമായ ഇടിമിന്നലും മേഘഗർജ്ജനവും പേമാരിയും. പുറത്തേക്കിറങ്ങാൻ വയ്യാത്തവണ്ണം കോരിച്ചൊരിയുന്ന മഴ. ആശ്രമത്തിലേക്കു മടങ്ങിപ്പോ കാനാകില്ലെന്ന് ബനഡിക്ടിനു മനസ്സിലായി.

പരിഭവത്തോടെ അദ്ദേഹം ചോദിച്ചു: “സഹോദരീ, എന്താണ് നീ ഈ ചെയ്തത്? നിന്നോടു ദൈവം പൊറുക്കട്ടെ.”
“ഞാൻ അങ്ങയോടപേക്ഷിച്ചിട്ട് അങ്ങ് വകവച്ചില്ലല്ലോ. അതുകൊണ്ട് ഞാൻ കർത്താവിങ്കലേക്ക് തിരിഞ്ഞു. അവിടുന്ന് എന്റെ പ്രാർത്ഥന കേട്ടു. അങ്ങേക്കു പോകണമെങ്കിൽ എനിക്കു തടസ്സമില്ല.”

ഭവ്യമായിരുന്നു സഹോദരിയുടെ മറുപടി. മനസ്സില്ലാമനസ്സോടെ ബനഡിക്ട് അവിടെ താമസിക്കാൻ തീരുമാനിച്ചു. ആദ്ധ്യാത്മിക ജീവിതത്തെക്കുറിച്ചുള്ള സംഭാഷണത്തിലും ചർച്ചയിലും രാത്രി മുഴുവൻ അവർ കഴിച്ചുകൂട്ടി. വാസ്തവത്തിൽ വിശുദ്ധൻ ആഗ്രഹിച്ചത് ആശ്രമത്തിൽ നിന്നും ഇറങ്ങിത്തിരിച്ചപ്പോഴത്തെ കാലാവസ്ഥ നിലനില്ക്കണമെന്നും ആശ്രമത്തിലേക്ക് മടങ്ങിപ്പോകണമെന്നുമാണ്. മറിച്ചു സംഭവിച്ചത് കൂടുതൽ നേരം തന്നോടൊപ്പം കഴിയാൻ ആഗ്രഹിച്ച തന്റെ സഹോദരിയുടെ സ്ത്രീഹൃദയം ആശ്രയിച്ചപ്പോഴുണ്ടായ അത്ഭുതമാണ്. ‘ദൈവം സ്നേഹമാണ്’ എന്ന് വിശുദ്ധ യോഹന്നാൻ പറയുന്നു. ഇതു തിരിച്ചറിഞ്ഞവൾ കൂടുതൽ സ്നേഹിച്ചവളായി. അതുകൊണ്ടവൾ കൂടുതൽ നേടി.

വിശുദ്ധരെല്ലാം അഭ്യസിച്ചിരുന്നതുപോലെ തീക്ഷ്ണമായി തങ്ങളുടെയും ദൈവജനത്തിന്റെയും ആവശ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോഴെല്ലാം, ദൈവഹിതമെങ്കിൽ അവർക്കത് ലഭിച്ചിരുന്നു. “നീതിമാന്‍െറ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫലദായകവുമാണ്‌.” (വി. യാക്കോബ്‌ 5 : 16) അതിനാൽ നമ്മുടെ ആവശ്യങ്ങൾ പിതാവായ ദൈവത്തോട് സ്നേഹപൂർവ്വം ചോദിച്ചാൽ അവിടുന്ന് നിരസിക്കുകയില്ല. തിരുവചനത്തിലൂടെ അവിടുന്ന് നമ്മോട് പറയുന്നു: “ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.”(വി. മത്തായി 18 : 19) അതിനാൽ ഒരുമയോടും സ്നേഹത്തോടുംകൂടെ നമ്മുടെ പിതാവായ ദൈവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കുകയും അവിടുത്തെ ഹിതം ആരായുകയും അത് നിറവേറ്റുന്നവരാവുകയും ചെയ്യാം.

പ്രാർത്ഥന

ചോദിക്കുന്ന ഏവനും ലഭിക്കുമെന്നും, അന്വേഷിക്കുന്നവന്‍ കണ്ടെത്തുമെന്നും, മുട്ടുന്നവനു തുറന്നുകിട്ടുമെന്നും (മത്തായി 7 : 8) അരുൾചെയ്ത കർത്താവേ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. ഞങ്ങളുടെ ആഗ്രഹങ്ങളെയും ആശകളെയും ഈശോയെ, അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെന്നും ദൈവഹിതമായത് മാത്രം നടക്കുവാനും മറിച്ചുള്ളവ നീങ്ങിപോകുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇഷ്ടമല്ലെങ്കിൽ പോലും വിശുദ്ധ ബനഡിക്ടിനെപ്പോലെ ജീവിതത്തിൽ ദൈവം തിരുമനസ്സായത് അംഗീകരിക്കുവാൻ ഞങ്ങളെ കൃപയാൽ ശക്തരാകണമേ. തീക്ഷ്ണതയില്‍ മാന്‌ദ്യം കൂടാതെ ആത്‌മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവാൻ(റോമാ 12 : 11) ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles