അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 2/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 2/30 – തുടരുന്നു)

ഒരു ദിവസം, പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശുദ്ധ ബെനഡിക്ടിന്റെ മുൻപിൽ ഒരു കറുത്ത പക്ഷി ചിറകടിച്ചു പറന്ന് ശല്യമുണ്ടാക്കി. കൈ നീട്ടിയാൽ പിടിക്കാവുന്ന അകലത്തിൽ അങ്ങുമിങ്ങും പറന്ന പക്ഷിയെ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. പിടിക്കാൻ ശ്രമിച്ചതുമില്ല. കറുത്തപക്ഷിയുടെ രൂപമെടുത്ത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തിന്മയുടെ യഥാർത്ഥ രൂപം വിശുദ്ധൻ ഉടനെ മനസ്സിലാക്കി. അതിനു നേരെ കുരിശടയാളം വരച്ചയുടനെ പക്ഷി പറന്നു മറഞ്ഞു പോയി.
“ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.”
[കൊളോസോസ്‌ 2:15]

പാപത്തിൽ നിന്നും നാശത്തിൽ നിന്നും ലോകത്തെയും സകല ജനപദങ്ങളെയും രക്ഷിച്ച നമ്മുടെ കർത്താവായ ഈശോ മിശിഹാ സ്വയം ബലിയായിത്തീർന്നത് കുരിശിലാണ്. “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്‌തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്‌ അനുരഞ്‌ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്‌തം വഴി സമാധാനം സ്‌ഥാപിക്കുകയുംചെയ്‌തു.”
[കൊളോസോസ്‌ 1:20]
ആയതിനാൽ പിശാചിന്റെ തന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നമ്മെ ശക്തരാക്കുന്ന വിശുദ്ധ കുരിശിനെ നമുക്ക് മുറുകെ പിടിക്കാം. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വിശുദ്ധ കുരിശിൻറെ അടയാളത്താൽ നമുക്ക് അതിനെ കീഴടക്കാം.

പ്രാർത്ഥന

ഞങ്ങൾക്ക് വേണ്ടി ക്രൂശിതനായ ഈശോയെ, രക്ഷയിലൂടെ ചരിക്കുന്നവർക്ക് ദൈവത്തിൻറെ ശക്തിയായ അങ്ങയുടെ വിശുദ്ധ കുരിശിൽ [1 കൊറിന്തോസ് 1:18] ശരണം വയ്ക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആരെ വിഴുങ്ങണം എന്നറിയാതെ, സാത്താൻ ചുറ്റി നടക്കുമ്പോൾ, അങ്ങയുടെ വിശുദ്ധ കുരിശിനാൽ അവയെ നേരിടുവാൻ, ഞങ്ങളെ പ്രാപ്തരാക്കണമേ. ദുഷ്ടന്റെ തന്ത്രങ്ങളെ വിവേകപൂർവ്വം അവഗണിക്കാനും, വിശുദ്ധ ബെനഡിക്ടിനെ പോലെ വിശുദ്ധ കുരിശിന്റെ അടയാളത്താൽ അതിനെ ആട്ടി ഓടിക്കാനും, ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ ഹിതത്തിനെതിരെ ഉയർന്നുനിൽക്കുന്ന എന്റെ എല്ലാ തിന്മകളെയുംയും തിരിച്ചറിയുവാനും, അവയെ ധീരതയോടെ പടവെട്ടുവാനും ചെറുത്തു നിൽക്കുവാനും, ഞങ്ങളെ ശക്തിപ്പെടുത്തണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles