അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 19/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 19/30 – തുടരുന്നു)

തന്റെ തോട്ടത്തിൽ ഒരാശ്രമം പണിയണമെന്ന് കത്താലിക്കാ വിശ്വാസിയായ ഒരായൻ വിശുദ്ധ ബനഡിക്ടിനോട് അപേക്ഷിച്ചു. സന്തോഷത്തോടുകൂടിയ സമ്മതമായിരുന്നു മറുപടി. പ്രസ്തുത സ്ഥാപനത്തിലേക്കായി സന്യാസികളേയും നിയോഗിച്ചു. അവരിൽ നിന്നാരാൾ ആശ്രമ ശ്രേഷ്ഠനായും ഒരാൾ സുപ്പിരിയറായും നിയമിതരായി പ്രാർത്ഥനാലയം, അതിഥിമന്ദിരം, ഭക്ഷണശാല മുതലായവ എവിടെ പണിയണമെന്ന് കൃത്യമായി കാണിച്ചു തരാൻ താൻ അവിടെ എത്തി ക്കൊള്ളാമെന്നു പറഞ്ഞ് അവരെ അനുഗ്രഹിച്ച് പുതിയ സ്ഥലത്തേക്കു യാത്രയാക്കി.

തെറച്ചീന എന്ന സ്ഥലത്തായിരുന്നു പുതിയ ആശ്രമം സ്ഥാപിക്കേണ്ടിയിരുന്നത്. വിശുദ്ധന്റെ വരവും കാത്ത് എല്ലാവരും പ്രതീക്ഷയോടെ ഇരിപ്പായി. കൂട്ടത്തിൽ വന്നേക്കാവുന്ന മറ്റു സന്യാസികൾക്കും സ്വീകരണം നൽകാൻ എല്ലാ കമീകരണങ്ങളും ചെയ്തു. എത്തിച്ചേരേണ്ട ദിവസത്തിന് തലേ രാത്രിയിൽ ആശ്രമ ശ്രേഷ്ഠനും സുപ്പീരിയർക്കും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് വിശുദ്ധൻ കെട്ടിടനിർമ്മാണത്തിനു വേണ്ട നിർദ്ദേശങ്ങൾ നല്കി, അടുത്ത പ്രഭാതത്തിൽ ഇരുവരും തങ്ങൾക്കുണ്ടായ സ്വപ്നം പങ്കുവച്ചു. എങ്കിലും അത് പൂർണ്ണമായി വിശ്വസിക്കാതെ വാഗ്ദാനം ചെയ്ത് സന്ദർശനം കാത്ത് അവർ ഇരുന്നു. നിർദ്ദിഷ്ട ദിനം കടന്നുപോയി. നിരാശയോടെ രണ്ടുപേരും ബനഡിക്ടിന്റെ അടുത്തെത്തി “പിതാവു വാക്കു പാലിച്ചില്ല” എന്ന് ആവലാതിപ്പെട്ടു. താൻ വാക്കു പാലിച്ചെന്നും സ്വപ്നത്തിൽ നിർദ്ദേശിച്ചതനുസരിച്ച് കെട്ടിടം പണിയണമെന്നും പറഞ്ഞ് അവൾ തിരിച്ചയച്ചു. വിസ്മയാവേശങ്ങളോടെ അവർ തിരിച്ചുപോയി. സ്വപ്നത്തിൽ നല്കപ്പെട്ട രൂപരേഖയ നുസരിച്ചുതന്നെ ആശ്രമം പണി കഴിപ്പിക്കുകയും ചെയ്തു.

വിശുദ്ധരുടെ ജീവിതം ഇത്തരം കൃപകളാൽ സമ്പന്നമായിരുന്നു. “ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്‍െറ വചനവും നല്‍കുന്നു. ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു.
തന്‍െറ ഇച്‌ഛയ്‌ക്കൊത്ത്‌ ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്‌മാവിന്‍െറ തന്നെ പ്രവൃത്തിയാണ്‌ ഇതെല്ലാം.” (1 കോറിന്തോസ്‌ 12 : 8-11)

പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നമ്മൾ നിറഞ്ഞു കഴിഞ്ഞാൽ നന്മയായതൊന്നും നമ്മുക്ക് അസാധ്യമായിരിക്കുകയില്ല. പരിശുദ്ധാത്മാവിനാൽ നിറയാൻ നമ്മുക്ക് ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

ആബാ പിതാവിന്റെ സമ്മാനവും, ഈശോ മിശിഹായുടെ വാഗ്ദാനവുമായ പരിശുദ്ധ റൂഹായെ, ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. അങ്ങയുടെ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളുടെ ജീവിതസാഹചര്യങ്ങൾക്ക് ഉതുകും വിധം അങ്ങേക്ക് ശുശ്രുഷ ചെയ്യാൻ വേണ്ട ശക്തി കൃപയാൽ അവിടുന്ന് ഞങ്ങളിലേക്ക് ചൊരിയണമേ. ധീരതയോടെ വചനം പ്രഘോഷിക്കുവാനും അങ്ങ് നൽകുന്ന ദാനങ്ങൾ ഉത്തമരായ കാര്യസ്‌ഥരെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കാനും(1 പത്രോസ് 4 : 10) ഞങ്ങളെ പഠിപ്പിക്കണേമ. അങ്ങനെ വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാൻ ഞങ്ങളെയും കരുണയാൽ പ്രചോദിപ്പിക്കണമേ.
അമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles