അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 17/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 17/30 – തുടരുന്നു)

വിശുദ്ധനായ ആബട്ടിൽ നിന്നും തങ്ങളുടെ വിചാരങ്ങൾ പോലും മറയ്ക്കാനാവില്ലെന്ന് സന്യാസികളെ ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. അത്താഴസമയം, വന്ദ്യനായ ആശ്രമ ശ്രേഷ്ഠന് ഭക്ഷണം കഴിക്കാൻ വിളക്കുപിടിച്ച് വെളിച്ചം കാണിച്ചുകൊണ്ട് ഒരു യുവസന്യാസി അടുത്തു നിന്നിരുന്നു. ഉയർന്ന ഉദ്യോഗസ്ഥന്റെ മകനായ സന്യാസിയുടെ അന്തരംഗത്തിൽ വിരിഞ്ഞ അഹങ്കാരചിന്തകൾ ആശ്രമശ്രഷ്ഠന്റെ ജ്ഞാനദ്യഷ്ടിയിൽ വ്യക്തമായി പതിഞ്ഞു.

സന്യാസി ചിന്തിച്ചു, “ഭക്ഷണം കഴിക്കുമ്പോഴും വിളക്കുപിടിച്ചു നില് ക്കാൻ മാത്രം ഇയാളാരാ, ഇയാൾക്കു ദാസ്യവേല ചെയ്യാൻ ഞാനാരാ?” ബനഡിക്ട് തിരിഞ്ഞ് സന്യാസിയെ രൂക്ഷമായൊന്നു നോക്കി. അസ്ത്രസമാനം മൂർച്ചയേറിയ വാക്കുകൾ നോട്ടത്തെ പിൻതുടർന്നു. “നെഞ്ചിൽ കുരിശു വരയ്ക്കൂ, സഹോദരാ. നിങ്ങളെന്താണ് ചിന്തിച്ചത്?” ബനഡിക്ടുതന്നെ മറ്റൊരു സന്യാസിയെ വിളിച്ചുവരുത്തി വിളക്കു പിടിക്കാനാവശ്യപ്പെട്ടു. പിറുപിറുത്തവനോട് സ്വസ്ഥാനത്തു പോയിരിക്കാനും. യുവസന്യാസിയിൽനിന്നു കാര്യം മനസ്സിലാക്കിയ സഹസന്യാസികൾ തങ്ങളുടെ ആന്തരികവ്യാപാരങ്ങൾപോലും കണ്ടറിയാൻ ഗുരുവിനു വരം ലഭിച്ചിരിക്കുന്നു എന്നു ഗ്രഹിച്ചു.

“മനുഷ്യന്‍െറ അഹന്ത തല താഴ്‌ത്തും; അഹങ്കാരികളെ എളിമപ്പെടുത്തും; കര്‍ത്താവു മാത്രം ആദിനത്തില്‍ ഉയര്‍ന്നു നില്‍ക്കും.”(ഏശയ്യാ 2 : 11) നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വയം ബലിയായി തീർന്നു ഈശോയാണ് എളിമപെടലിന്റെ ഏറ്റവും ഉദാത്തമായ മാതൃക. “തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്‍െറ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.” (ഫിലിപ്പി 2 : 7-8) ഇതുപോലെ സ്വയം എളിമപ്പെട്ട് നമ്മെഏറെ സ്നേഹിക്കുന്ന ഈശോനാഥനെ ജീവിതത്തിൽ അനുകരിക്കാനുള്ള കൃപക്കായി ആഗ്രഹിക്കാം, തീക്ഷണമായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

ആത്‌മാവില്‍ എളിമയും അനുതാപവും ദൈവവചനത്തിൽ പ്രശ്വാശയമുള്ളവരെ കടാക്ഷിക്കുന്നവനായ കർത്താവേ(ഏശയ്യാ 66 : 2), ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. സ്നേഹനാഥാ, വളരെയേറെ ക്ലേശവും അപമാനവും നിറഞ്ഞ അങ്ങയുടെ പീഡാസഹനങ്ങളെ ധ്യാനിച്ചുകൊണ്ട് അനാവശ്യമായ ആഗ്രഹങ്ങളിൽ നിന്നും ലോകമോഹങ്ങളിൽ നിന്നും പിന്തിരിയുവാനും കൂടുതൽ അങ്ങയെ സ്നേഹിക്കുവാനും ഞങ്ങളെ അനുഗഹിക്കണമേ. ഈശോയെ, എന്റെ അഹത്തെ ഇല്ലായ്മ ചെയ്ത് എളിമയാൽ എന്നെ നിറയ്ക്കണമേ.അങ്ങനെ അഹങ്കാരം ഞങ്ങളെ കീഴടക്കൻ ശ്രമിക്കുമ്പോൾ വിശുദ്ധ കുരിശിന്റെ ശക്തിയാൽ അതിനെ തകർത്തുകളയാനും ശക്തമായി മുന്നേറുവാനും കരുണയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles