അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 14/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 14/30 – തുടരുന്നു)

അക്വീനോ പള്ളിയിലെ ഒരു ശുശ്രുഷി പിശാചുബാധയാൽ കഠിനമായ യാതനകളനുഭവിച്ചു. രൂപതാമെത്രാൻ ശുശ്രുഷിയെ പ്രാർത്ഥിക്കാനായി പല വേദസാക്ഷികളുടേയും കബറിടത്തിങ്കൽ അയച്ചു. സൗഖ്യം ലഭിക്കാത്തതിനാൽ അവസാനം വിശുദ്ധ ബനഡിക്ടിന്റെ അടുക്കലേക്ക് അയച്ചു. വിശുദ്ധന്റെ പ്രാർത്ഥനയാൽ പിശാചു ബാധയിൽ നിന്ന് അയാൾ വിമുക്തനായി. മടങ്ങിപ്പോരും മുമ്പ് കർശനമായ രണ്ടു നിർദ്ദേശങ്ങൾ വിശുദ്ധൻ അയാൾക്കു നൽകി. മാംസഭക്ഷണം ഉപേക്ഷിക്കണമെന്നതായിരുന്നു അതിലൊന്ന്. വൈദിക പദവിക്കുവേണ്ടി അപേക്ഷ അയയ്ക്കരുതെന്നത് രണ്ടാമത്തതും. ഇവ അവഗണിച്ചാൽ വീണ്ടും പിശാചിന്റെ പിടിയിലാകും എന്നു താക്കീതു നല്കാനും വിശുദ്ധൻ മറന്നില്ല.
പരിപൂർണ്ണസൗഖ്യം നേടി ശുശ്രുഷി മടങ്ങി. താൻ സഹിച്ച യാതനകളുടെ ഒാർമ്മ മനസ്സിൽ പച്ചയായി നിന്നിടത്തോളംകാലം അയാൾ ആജ്ഞകളനുസരിച്ചു. വർഷങ്ങൾ പിന്നിട്ടു. തന്നെക്കാൾ പ്രായമുള്ളവർ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യജീവിതം നയിച്ച് മരണമടയുന്നതും തന്നേക്കാൾ പ്രായം കുറഞ്ഞവർ പുരോഹിതരായി ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നതും വേദനയോടെയാണ് ശുശ്രൂഷി നോക്കിക്കണ്ടത്. ഒടുവിൽ വിശുദ്ധ ബനഡിക്ടിന്റെ കല്പനകൾ കാറ്റിൽ പറത്തിക്കൊണ്ട് വൈദികപട്ടത്തിന് അപേക്ഷ അയച്ചു. തൽക്ഷണം പിശാച് അയാളെ പിടികൂടി. തുടർന്ന് മരിക്കുവോളം പീഡിപ്പിച്ചുകൊണ്ടിരുന്നു.

“കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട്‌ ഏകാത്‌മാവായിത്തീരുന്നു.” (1 കോറിന്തോസ്‌ 6:17)

വിശുദ്ധ ബനഡിക്ടിനെപോലെ ആത്മാവ് എത്രത്തോളം ദൈവൈക്യം പ്രാപിക്കുന്നുവോ അത്രത്തോളം ദൈവികതിരുമനസ്സ് ഗ്രഹിക്കാനാകും. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, “നാം സ്വീകരിച്ചിരിക്കുന്നത്‌ ലോകത്തിന്‍െറ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്‍െറ ആത്‌മാവിനെയാണ്‌.” (1 കോറിന്തോസ്‌ 2:12) അതിനാൽ പരിശുദ്ധാത്മാവിന്റ നിറവ് നമ്മുടെ മേലും ഉണ്ടാക്കുന്നതിനായി നമുക്ക് ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

അനന്തനന്മസ്വരൂപനും പരമസ്നേഹയോഗ്യനുമായ ഈശോനാഥാ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഞങ്ങൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്, കണ്ണുകൾ കാണുകയോ കാതുകൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലല്ലോ.(1 കൊറിന്തോസ് 2 : 9) ഈശോയെ, വിശുദ്ധ ബെനഡിക്ടിനെപോലെ, ഞങ്ങളെയും പൂർണമായി അങ്ങയെ അനുഗമിക്കുന്നവരും ദൈവഹിതപ്രകാരം ജീവിക്കുന്നവരുമാക്കി മാറ്റണമേ. അങ്ങേ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയച്ച് ഞങ്ങളെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും അങ്ങേ തിരുഹിതം മനസ്സിലാക്കി നിലകൊള്ളാൻ പ്രാപ്തരാക്കുകയും ചെയ്യണമേ. അങ്ങനെ ലോകത്തിന്റ പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ .
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles