അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 13/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 13/30 – തുടരുന്നു)

ടോട്ടിലാ രാജാവ് നേരിട്ടുതന്നെ ആശ്രമത്തിലേക്ക് വന്നു. അങ്ങകലെ ഉപവിഷ്ടനായിരിക്കുന്ന വിശുദ്ധനെ കണ്ടപ്പോൾത്തന്നെ രാജാവ് നഷ്ടധൈര്യനായി. അടുത്തു ചെല്ലാനാകാതെ നിന്നിടത്തു തന്നെ സാഷ്ടാംഗപ്രണാമം ചെയ്തു. എഴുന്നേൽക്കാൻ പലയാവർത്തി പറഞ്ഞിട്ടും വിശുദ്ധനെ അഭിമുഖീകരിക്കാൻ രാജാവിനു ധൈര്യമുണ്ടായില്ല. വിശുദ്ധൻ മുന്നോട്ടുചെന്ന് രാജാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് ശകാരിക്കുകയും സംഭവിക്കാൻ പോകുന്നതെന്തെന്ന് പ്രവചിക്കുകയും ചെയ്തു.

“താങ്കൾ ഇതുവരേയും ചെയ്ത അപരാധങ്ങൾക്കു കണക്കില്ല. അനേകം അനർത്ഥങ്ങൾ അതുമൂലമുണ്ടായി. ഇപ്പോഴെങ്കിലും അതിന് അറുതി വരുത്തുക. ഇനി ഒൻപതു വർഷം കൂടിയെ താങ്കൾ രാജ്യം ഭരിക്കുകയുള്ളു. പത്താംവർഷം മരണം സംഭവിക്കും.”

ഭയപരിഭ്രാന്തിയോടെ വിശുദ്ധന്റെ കാൽക്കൽ വീണ് ആശിസ്സ് യാചിച്ച് തൽക്ഷണം തന്നെ മടങ്ങിപ്പോയി, രാജവാഴ്ചയുടെ പത്താം വർഷത്തിൽ തന്നെ ടോട്ടിലായുടെ രാജ്യവും ജീവനും നഷ്ടപ്പെട്ടു.

കാനാസായിലെ മെത്രാൻ, ആശ്രമത്തിലെ സ്ഥിരം സന്ദർശകനായിരുന്നു. മാതൃകാപരമായി ജീവിച്ചിരുന്ന ഇദ്ദേഹം ബനഡിക്ടിന്റെ സ്നേഹിതഗണത്തിൽപ്പെട്ട വ്യക്തിയായിരുന്നു, ഒരു ദിവസം ഇരുവരും ടോട്ടിലായുടെ ആക്രമണത്തെപ്പറ്റിയും റാേമിന്റെ നാശത്തിപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം. റോമാ നഗരം പൂർണ്ണമായും ടോട്ടിലാ നശിപ്പിക്കും എന്നായിരുന്നു മെത്രാന്റെ അഭിപ്രായം. ബനഡിക്ട് ഇതിനോടു യോജിച്ചില്ല. റോമാ നശിപ്പിക്കപ്പെടുന്നത് കിരാതരാജാക്കന്മാരാലല്ല, പ്രത്യുത കൊടുങ്കാറ്റും ചുഴലിക്കാറ്റും അശനിപാതവുമാണ് അതിനു കാരണമാവുക എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറിയതായി ചരിത്രം സാക്ഷിക്കുന്നു. റോമിന്റെ കോട്ടമതിലുകൾ ഇടിഞ്ഞു വീണു, ഭവനങ്ങൾ തകർന്നടിഞ്ഞു. ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ടു. ദേവാലയങ്ങൾ പോലും നാമാവശേഷമായി.

“ദൈവമായ കര്‍ത്താവ്‌ തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.” (ആമോസ്‌ 3 : 7) ദൈവം പല കാര്യങ്ങളും തന്റെ ദാസനായ വിശുദ്ധ ബനഡിക്ടിന് വെളിപ്പെടുത്തി കൊടുത്തിരുന്നു. നമുക്കും അത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നു. ആയതിനാൽ നമുക്കും അവിടുത്തെ ഹിതം അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും വേണ്ട അഭിഷേകം ലഭിക്കുന്നതിനായി ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

“എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങളും ഞാന്‍ നിനക്കു വെളിപ്പെടുത്തും.”(ജറെമിയാ 33 : 3) എന്നരുൾചെയ്ത കർത്താവേ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. ലോകം ഞങ്ങളെ പരീക്ഷിക്കുമ്പോൾ ഓരോന്നിന്റെയും യാഥാർത്ഥ്യം മനസ്സിലാക്കി, അങ്ങയോട് കാര്യങ്ങൾ ചോദിച്ച്, വചനം ധ്യാനിച്ച് തീരുമാനമെടുക്കുവാൻ ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കണമേ. അങ്ങയിൽ ആശ്രയിച്ചുകൊണ്ട് പാപപ്രലോഭനങ്ങളെ മനസ്സിലാക്കുവാനും ലോകത്തിന്റെ എതിർപ്പുകൾക്കെതിരേ ധീരതയോടെ പടപൊരുതുവാനും വേണ്ട ശക്തി ഈശോയെ, കരുണയാൽ ഞങ്ങളിലേക്ക് ചൊരിയേണമേ. ലോകത്തിന്റെ അവസ്ഥകൾക്കെതിരെ സംസാരിക്കുവാനും പ്രവർത്തിക്കുവാനും വിശുദ്ധ ബനഡിക്ടിനെ പോലെ ഞങ്ങളെയും പ്രാപ്തരാക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles