അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 11/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 11/30 – തുടരുന്നു)

വലന്റീനിയൻ എന്ന സന്യാസിയുടെ സഹോദരൻ വളരെ ഭക്തനായ ഒരു അല്മായനായിരുന്നു, വിശുദ്ധ ബനഡിക്ടിനെ കണ്ട് അനുഗ്രഹാശിസ്സുകൾ ചോദിക്കാനും സ്വസഹോദരനെ കാണാനുമായി എല്ലാ വർഷവും ദീർഘദൂരം യാത്ര ചെയ്ത് ഇയാൾ ആശ്രമത്തിൽ വന്നിരുന്നു. യാത്രയിലുടനീളം ഉപവസിക്കുകയെന്നത് അയാളുടെ മുടങ്ങാത്ത നിഷ്ഠയായിരുന്നു. ഒരിക്കൽ ഇങ്ങനെ ഉപവാസത്തോടുകൂടി ആശ്രമത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരപരിചിതനും കൂട്ടത്തിൽ കൂടി. പാഥേയമായി ഭക്ഷ്യവിഭവങ്ങൾ ഇയാൾ കരുതിയിരുന്നു. യാത്ര കുറേ ദൂരം പിന്നിട്ടപ്പോൾ അപരിചിതൻ തീർത്ഥാടകനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആശ്രമ ശ്രേഷ്ഠന്‍
ബനഡിക്ടിനെ കാണാൻ പോകുമ്പോൾ നിരാഹാരമാണ് പതിവ് എന്നുത്തരം പറഞ്ഞ് അദ്ദേഹം ക്ഷണം നിരസിച്ചു.

യാത്ര തുടർന്നപ്പോൾ വീണ്ടും അപരിചിതന്റെ ക്ഷണം. തന്റെ ദൃഢനിശ്ചയത്തിലുറച്ചു നിന്നുകൊണ്ട് ഭക്തൻ രണ്ടാമത്തെ ക്ഷണവും നിരസിച്ചു. അപരിചിതനും ഭക്ഷണം കഴിക്കാതെ തന്നെ യാത്ര തുടർന്നു. അനേകം മൈലുകൾ പിന്നിട്ടു. യാത്രാക്ലേശം അസഹ്യമായി ഇരുവർക്കും തോന്നി. മനോഹരമായ പച്ചപ്പട്ടു വിരിച്ചപോലെ ഒരു പുൽത്തകിടിയിൽ അവർ എത്തിച്ചേർന്നു. പച്ചപ്പട്ടിന് വെള്ളക്കസവുപോലുള്ള നീരൊഴുക്കും. വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലം. അപരിചിതന്റെ നിർബന്ധം വീണ്ടും. ഭക്ഷിച്ച്, വിശ്രമിച്ച് യാത്ര ചെയ്താൽ സുഖകരമായി യാത്ര പൂർത്തിയാക്കാം എന്ന വശ്യമായ ക്ഷണം ഇത്തവണ ഭക്തനെ ആകർഷിച്ചു. മനോഹരമായ പ്രകൃതിയും വശ്യമനാേഹരമായ വാക്കുകളും. സഞ്ചാരിയുടെ മനസ്സ് ദുർബലമായി. ദൃഢനിശ്ചയത്തിന് ഇളക്കം തട്ടി. അപരിചിതനാടൊപ്പം പുൽത്തകിടിയിലിരുന്ന് വിശ്രമിച്ചു, വിളമ്പിക്കൊടുത്ത വിഭവസമൃദ്ധമായ സദ്യ ആസ്വദിച്ചു.

വൈകുന്നേരമായപ്പോൾ ആശ്രമത്തിലെത്തി ആശീർവാദം ചോദിച്ച് മുന്നിൽ നിന്ന ആഗതനിൽ വന്ന വ്യതിയാനങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ വിശുദ്ധന്റെ സുഷ്മദൃഷ്ടികൾ വായിച്ചെടുത്തു. അനുഗ്രഹത്തിനു പകരം ശകാരമാണ് ആ അധരങ്ങളിൽ നിന്നു പുറപ്പെട്ടത്. “ദുഷ്ടാരുപിയായിരുന്നു നിങ്ങളുടെ സഹചാരി. രണ്ടു തവണ നിരസിച്ചെങ്കിലും മൂന്നാം പ്രാവശ്യം അവന്റെ ഇച്ഛയ്ക്ക് വഴങ്ങിയില്ലേ?” കോപത്തോടു കൂടിയുള്ള വാക്കുകൾ ഭക്തനെ അതിശയിപ്പിച്ചു. ഭയപ്പെടുത്തുകയും ചെയ്തു. തന്റെ തെറ്റു മനസ്സിലാക്കി അയാൾ വിശുദ്ധന്റെ കാൽക്കൽ വീണ് മാപ്പു ചോദിച്ചു. അകലെ ആയിരുന്നിട്ടും തന്റെ പ്രവൃത്തികൾ വിശുദ്ധൻ മനസ്സിലാക്കിയല്ലോ എന്നോർത്തു ലജ്ജിച്ചു.

ഇത്തരത്തിൽ നമ്മൾ ദൈവിക ശുശ്രൂഷ ചെയ്യുമ്പോൾ പിശാച് എങ്ങനെയെങ്കിലും നമ്മെ കീഴ്‌പ്പെടുത്താനായി പുറകെ നടക്കുന്നു. നമ്മുടെ നന്മയല്ല മറിച്ച് നമ്മുടെ നാശമാണ് അത് ആഗ്രഹിക്കുന്നത്. നന്മയാണ് എന്ന വ്യാജേനെ അവൻ തിന്മയെ നമ്മുടെ ഉള്ളിലേക്ക് കടത്തിവിടും. ഇത്തരത്തിലുള്ള പ്രലോഭനങ്ങളെ തിരിച്ചറിയുവാനും, അതിനെതിരെ ശക്തമായി ചെറുത്തുനിൽക്കുവാനും നമ്മുക്ക് പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

(കടപ്പാട്: വിശുദ്ധ ബനഡിക്ട്: ജീവിതവും അത്ഭുതങ്ങളും; മഹാനായ വിശുദ്ധ ഗ്രിഗറി,അദ്ധ്യായം 13)

പ്രാർത്ഥന

ദൈവമായ കർത്താവേ, ഞങ്ങളെ പൂർണ്ണമായി അങ്ങനെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. “ഞാനവനെ കീഴ്‌പെടുത്തി എന്ന്‌ എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട്‌ എന്റെ ശത്രു ആനന്‌ദിക്കാന്‍ ഇടവരുത്തരുതേ!” (സങ്കീര്‍ത്തനങ്ങള്‍ 13 : 4) ഈശോയെ പിശാച് അവന്റെ പ്രലോഭനങ്ങളാൽ ഞങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ, അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119:133) ബലഹീനരായ ഞങ്ങൾക്ക് അവിടുന്ന് മാത്രമാണല്ലോ ശക്തി. ആ ശക്തിയിൽ ഞങ്ങൾ ആശ്രയിക്കുന്നു. ഇത്തരത്തിലുള്ള പ്രലോഭനങ്ങളെ പ്രത്യേകമായി തിരിച്ചറിയാൻ സാധിച്ചിരുന്ന വിശുദ്ധ ബനഡിക്ടിനെപോലെ അവയെ തിരിച്ചറിയാനും അവഗണിക്കാനും അങ്ങനെ കൂടുതൽ അങ്ങയോട് അടുക്കുവാനും അങ്ങയുടെ കരുണയാൽ ഞങ്ങളെ പ്രാപ്തരാക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles