വി. ആഞ്ജലാ മെരീച്ചി

January 27 – വി. ആഞ്ജലാ മെരീച്ചി

1474-ൽ ലൊംബാർഡിയിൽ ദെസൻ സാനോ എന്ന പട്ടണത്തിൽ ഉർസുലാ സേവികാസംഘത്തിൻ്റെ സ്ഥാപകയായ ആഞ്ജലാ മെരീച്ചി ജനിച്ചു. ഈശ്വരഭക്തരായിരുന്ന മാതാപിതാക്കളുടെ ശിക്ഷണം ലഭിച്ചതുകൊണ്ട് കറയറ്റ ജീവിതം നയിക്കാനും മഹത്തായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രയത്നിക്കാനും ബാല്യത്തിൽത്തന്നെ അവൾ ദൃഢനിശ്ചയമെടുത്തു. അവൾക്ക് പത്തുവയസ്സ് പ്രായമായപ്പോൾ മാതാപിതാക്കൾ മരിച്ചു. പിന്നീട് അവൾ മൂത്ത സഹോദരിയോടും കൊച്ചനിയനോടുമൊത്തു സാലോവിലുള്ള അമ്മാവൻ്റെ ഭവനത്തിലേക്കു മാറിത്താമസിച്ചു. പതിമൂന്നു വയസ്സായപ്പോൾ സഹോദരിയും മരിച്ചു.

കുടുംബാംഗങ്ങളുടെ അപ്രതീക്ഷിതമായ ദേഹവിയോഗം ആഞ്ജലായെ തീവ്രദുഃഖത്തിലാഴ്ത്തി. എങ്കിലും, ക്രമേണ സമസൃഷ്ടികളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനുള്ള അഭിനിവേശം അവളിൽ രൂപപ്പെട്ടതോടെ വിഷാദത്തിൻ്റെ കരിനിഴൽ വീശിയ മനസ്സിൽ പ്രത്യാശയുടെ പ്രകാശം പ്രസരിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അവൾ അമ്മാവന്റെ മരണത്തെത്തുടർന്ന് ദെസൻസാനോവിലേക്കുതന്നെ മടങ്ങി

അക്കാലത്ത് അവളുടെ ജന്മസ്ഥലത്തെ ദരിദ്രരായ കുട്ടികൾ ശരിയായ വിദ്യാഭ്യാസമോ, മതബോധനമോ ലഭിക്കാതെ അസന്മാർഗ്ഗികജീവിതമാണ് നയിച്ചിരുന്നത്. ഇതുകണ്ടപ്പോൾ ആഞ്ജ‌ലാ അസ്വസ്ഥയായി. തിളക്കമാർന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ആ കുട്ടികളെ വിദ്യകൊണ്ട് ഉദ്ബുദ്ധരാക്കി ഉത്തമ ജീവിതപന്ഥാവിലേക്കു നയിക്കാൻ തനിക്ക് എന്തുകൊണ്ടു ശ്രമിച്ചുകൂടാ എന്നായി അവളുടെ ചിന്ത.

തന്നോടൊത്തു ചിന്തിക്കാനും പ്രവർത്തിക്കാനും സന്നദ്ധരായ ഏതാനും സുഹൃത്തുക്കളെ അവൾ കണ്ടെത്തി. അവർ ദെസൻസാനോവിലെ ദരിദ്രരായ കുട്ടികളെ വിളിച്ചുകൂട്ടി. അവർക്ക് വ്യവസ്ഥാപിതമായ രീതിയിൽ വിദ്യാഭ്യാസം നൽകിത്തുടങ്ങി. പ്രാരംഭദശയിൽ സ്വാഭാവികമായിത്തന്നെ ആഞ്ജലായ്ക്കും സഹപ്രവർത്തകർക്കും വളരെയധികം ക്ലേശങ്ങൾ നേരിട്ടെങ്കിലും ക്രമേണ തങ്ങളുടെ പ്രവർത്തനരംഗങ്ങളിലെല്ലാം ആശാവഹമായ വിജയം കൈവരിക്കാൻ അവർക്കു സാധിച്ചു.

ഏറെനാൾ കഴിയുന്നതിനുമുമ്പ് അവൾ തൻ്റെ പ്രവർത്തനരംഗമായി ബ്രേഷ്യാ തിരഞ്ഞെടുത്തു. അവിടെ അവൾ തൻ്റെ പ്രവർത്തനങ്ങൾ തുടർന്നു. ജനങ്ങൾ ആഞ്ജലായെ ഒരു വിശുദ്ധയായും പ്രവാചികയായും ആദരിച്ചുപോന്നു. ഒരിക്കൽ പരിശുദ്ധ കുർബാനയിൽ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോൾ ആഞ‌ജെലാ ആനന്ദമൂർച്ഛയിൽ ലയിക്കുകയും ദീർഘസമയം ഭൂസ്പർശമില്ലാതെ വർത്തിക്കുകയും ചെയ്തു. ഈ സംഭവത്തിന് അനേകം ആളുകൾ സാക്ഷ്യംവഹിക്കുകയുണ്ടായി.

1533-ൽ ആഞ്ജലാ വിശ്വസ്തരായ ഏതാനും സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് ഒരു സേവികാസമിതി രൂപവൽക്കരിച്ച് അവർക്ക് യുക്തമായ പരിശീലനവും നൽകി. അവരിൽ പന്ത്രണ്ടുപേർ ആഞജെലായോടൊത്ത് ആശ്രമതുല്യമായ ഒരു ഭവനത്തിൽ പാർത്തു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ തന്നെ പാർത്തുകൊണ്ട് സ്വർഗീയസാഹചര്യങ്ങൾക്കിണങ്ങിയ പ്രേഷിതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. രണ്ടുവർഷം കഴിഞ്ഞപ്പോൾ 28 വനിതകൾ സമിതിയിൽ അംഗങ്ങളായി ചേർന്നു. അങ്ങനെ 1535 നവംബർ 25-ാം തീയതി വി. ഉർസുലായുടെ സേവികാസമിതി ഔപചാരികമായി രൂപവത്ക്കരിക്കപ്പെട്ടു.

ഭൗതികജീവിതം എന്ന യാഥാർഥ്യത്തെ അവഗണിക്കുകയോ, വിട്ടകലുകയോ അല്ല ലോകവ്യവഹാര വ്യഗ്രതകളുടെ മധ്യത്തിൽ നിന്നുകൊണ്ട് സകലർക്കും സേവനം നൽകുക എന്നതാണ് സമിതി സ്വീകരിച്ച ലക്ഷ്യം. ദരിദ്രകുടുംങ്ങളിലെ കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പരമപ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു അവരുടെ കർമ്മപദ്ധതികളെല്ലാം. 1540-ൽ വി. ആഞ്ജലാ മെരീച്ചി നിര്യാതയായി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles