കോവിഡിനെ പ്രതിരോധിക്കാന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന 7-ാം ദിവസം

പ്രാരംഭ പ്രാര്‍ത്ഥന

സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകള്‍ക്കും ഞങ്ങള്‍ നന്ദി പറയുകയും ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് മനസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരൂപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്‌നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട് ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്‌തോത്രം ചെയ്യുന്നു.

അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മ വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏഴാം ദിവസം: പരസ്നേഹം

“നിങ്ങള്‍ എന്‍റെ ശിഷ്യരെന്ന് ലോകം അറിയേണ്ടതിന് നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ ” എന്നരുളിചെയ്ത് സ്വശിഷ്യരുടെ പാദങ്ങള്‍ കഴുകി സേവനത്തിന്‍റെ മാതൃക കാട്ടിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ ആരാധിക്കുന്നു. അങ്ങയുടെ ഈ മാതൃക സ്വജീവിതത്തില്‍ അനുകരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അനുഗ്രഹിച്ചതിനെ ഓര്‍ത്ത്‌ അങ്ങയേ ഞങ്ങള്‍ സ്തുതിക്കുന്നു. നിസ്വാര്‍ഥ സേവനത്തിലൂടെ ഞങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (…….) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

പ്രാര്‍ത്ഥിക്കാം

അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങയുടെ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങയെ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങയുടെ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

സമാപന പ്രാര്‍ത്ഥന

‘ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും’ (യോഹ. 16:23 -24) എന്നരുളിച്ചെയ്ത സ്‌നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിന് സമര്‍പ്പിക്കുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.

ഈശോ മറിയം യൗസേപ്പേ, നിങ്ങളുടെ സവിശേഷ ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (……..) അങ്ങേ വിശ്വസ്ത ദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നിത്യ പ്രാര്‍ത്ഥന 

ഓ, ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ, കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമെ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ കര്‍ത്താവേ, ലൗകികാശ്വാസങ്ങള്‍ എല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്റെ ഈശോയെ! നിന്റെ ദിവ്യകതിരിനാല്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് അങ്ങയോടുള്ള സ്‌നേഹത്താല്‍ എന്നെ എരിയിച്ച് എന്നെ നിന്നോട് ഒന്നിപ്പിക്കണമേ. ആമ്മേന്‍.

വിശുദ്ധ അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles