വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 9
ദൈവകരുണയുടെ ജപമാല
1935 സെപ്റ്റംബര്‍ 13-14 തീയതികളില്‍ വില്‍നൂസില്‍വച്ച് ദൈവനീതിയുടെ ക്രോധത്തെ ശമിപ്പിക്കുന്നതിനുള്ള ഒരു പ്രായശ്ചിത്താനുഷ്ഠാനമായി വി. ഫൗസ്റ്റീനയ്ക്ക് നമ്മുടെ കര്‍ത്താവീശോ മിശിഹാതന്നെ ഈ ജപമാല പറഞ്ഞുകൊടുത്തു (ഡയറി 474, 476).
ഈ ജപമാല ചൊല്ലുന്നവര്‍ സ്വന്തം പാപത്തിനും, തന്റെ സ്‌നേഹിതരുടെ പാപത്തിനും, ലോകം മുഴുവന്റെയും പാപത്തിനു പരിഹാരമായി, ‘ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും’ പിതാവായ ദൈവത്തിനു കാഴ്ചയണയ്ക്കുന്നു. ഈശോമിശിഹായുടെ കുരിശിലെ ബലിയോടു തങ്ങളെത്തന്നെ ഐക്യപ്പെടുത്തിക്കൊണ്ട്, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന് തന്റെ പുത്രനോടുള്ള മഹോന്നത സ്‌നേഹത്തോട് – പുത്രനിലൂടെ സര്‍വ്വജനപദങ്ങള്‍ക്കും വേണ്ടി നാം കരുണ യാചിക്കുകയാണ്.
ഈ പ്രാര്‍ത്ഥനയിലൂടെ ‘തങ്ങളുടെ മേലും, ലോകം മുഴുന്റെ മേലും’ കരുണയായിരിക്കണമെയെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ വലിയൊരു കാരുണ്യപ്രവൃത്തിയാണ് ചെയ്യുന്നത്. പരിപൂര്‍ണ്ണമായ ശരണത്തോടൈ, ഏതൊരു പ്രാര്‍ത്ഥനയും ഫലദായകമാകുവാന്‍ ആവശ്യമായ ഘടകങ്ങളോടെ (എളിമ, സ്ഥിരത, ദൈവതിരുമനസ്സിനോടുള്ള യോജിപ്പ്) ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് നമ്മുടെ കര്‍ത്താവീശോമിശിഹാ വാഗ്ദനാം ചെയ്തിട്ടുള്ള എല്ലാ കൃപകളും ലഭിക്കുന്നതാണ്. പ്രത്യേകമായി മരണത്തിന്റെ വിനാഴികയുമായി ബന്ധപ്പെട്ട കൃപകള്‍ – പരിപൂര്‍ണ്ണമായ മാനസാന്തരവും സമാധാനപൂര്‍ണ്ണവുമായ മരണവും – പ്രാപ്തമാകുന്നതാണ്.
ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്കു മാത്രമല്ല ഈ കൃപ ലഭിക്കുന്നത്. മരണാസന്നരുടെ അരികിലിരുന്ന് മറ്റുള്ളവര്‍ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍, മരിക്കുന്ന വ്യക്തിക്കും ഈ കൃപ ലഭിക്കും. കര്‍ത്താവ് അരുളിച്ചെയ്തു: ‘മരണാസന്നനായ ഒരു വ്യക്തിയുടെ കട്ടിലിന്നരികെ നിന്ന് ഈ ജപമാല ചൊല്ലുമ്പോള്‍, ദൈവത്തിന്റെ ക്രോധം മയപ്പെടുകയും അളക്കാനാവാത്ത ദൈവകരുണ ഈ ആത്മാവിനെ പുല്കുകയും ചെയ്യുന്നു (ഡയറി 811). പൊതുവായ വാഗ്ദാനങ്ങളില്‍ പറയുന്നു: ‘ഈ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ചോദിക്കുന്നതെല്ലാം നല്‍കുവാന്‍ ഞാന്‍ മനസ്സാകുന്നു’ (ഡയറി 1731). കാരണം, ദൈവഹിതത്തിനു യോജിക്കാത്തതൊന്നും മനുഷ്യന്റെ നന്മയ്ക്ക് ഉപകരിക്കുകയില്ല. പ്രത്യേകിച്ചും അവന്റെ നിത്യസൗഭാഗ്യത്തിന്.
മറ്റൊരവസരത്തില്‍ ഈശോ പറഞ്ഞു: ‘ ജപമാല ചൊല്ലുന്നതിലൂടെ മനുജകുലത്തെ മുഴുവന്‍ നീ എന്റെ അടുക്കല്‍ കൊണ്ടുവരുന്നു’ (ഡയറി 929). തുടര്‍ന്ന് ‘ഈ ജപമാല ചൊല്ലുന്ന ആത്മാക്കളെ ഈലോക ജീവിതകാലത്തുതന്നെ, എന്റെ അളവറ്റ കരുണ ആശ്ലേഷിക്കും, വളരെ പ്രത്യേകമായിട്ട് അവരുടെ മരണസമയത്തും’ (ഡയറി 754).
(തുടരും)