ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് എന്താണ് സംസാരിച്ചത്?

നാം മൂന്ന് വിധത്തിലുള്ള കരുണ അഭ്യസിക്കണമെന്ന്  ഈശോ ആഗ്രഹിക്കുന്നുവെന്ന് ഫൗസ്റ്റീന പറയുന്നു. അവ ഏതെല്ലാമാണെന്ന് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് സംസാരിക്കുന്നതിനെ കുറിച്ച് വിശുദ്ധ തന്നെ പറയുന്നത് നാം ഈ ലക്കത്തില്‍ വായിക്കുന്നു.

 

ഖണ്ഡിക – 164
വാർസോ, 1933

നിത്യവ്രതവാഗ്ദാനത്തിനു മുമ്പുള്ള പരിശീലനകാലം

നിത്യവ്രതവാഗ്ദാനത്തിന് ഒരുക്കമായുള്ള പരിശീലനത്തിനു പോകണമെന്നറിഞ്ഞപ്പോൾ, അതുവഴി ലഭിക്കുന്ന വലിയ കൃപകളോർത്ത് ഞാൻ വളരെ സന്തോഷിച്ചു. ദിവ്യകാരുണ്യത്തിനു മുമ്പിൽ പോയി, ഞാൻ ഹൃദയപൂർവ്വം നന്ദി പറഞ്ഞു. അപ്പോൾ എന്റെ അന്തരാത്മാവിൽ ഞാനീ ശബ്ദം കേട്ടു, എന്റെ കുഞ്ഞ, നീ എന്റെ ആനന്ദമാകുന്നു. നീ എന്റെ ഹൃദയത്തിന്റെ സാന്ത്വനമാണ്. നിനക്കു സ്വീകരിക്കാൻ സാധിക്കുന്നത് കൃപകൾ ഞാൻ നിനക്കു തരുന്നു. എന്നെ സന്തോഷിപ്പിക്കണമെന്നു നീ ആഗ്രഹിക്കുമ്പോഴെല്ലാം, എന്റെ അതിശക്തവും അത്യഗാധവുമായ കരുണയെപ്പറ്റി ലോകത്തോടു പറയുക.

ഖണ്ഡിക – 165
പരിശീലനത്തെപ്പറ്റി അറിയുന്നതിനു കുറച്ച് ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു നിമിഷത്തേക്ക് ചാപ്പലിൽ കയറിയപ്പോൾ, ഈശോ എന്നോടു പറഞ്ഞു,
ഇപ്പോൾ മഠാധികാരികൾ ഏതെല്ലാം സിസ്റ്റേഴ്സ് നിത്യവ്രതവാഗ്ദാനം സ്വീകരിക്കണമെന്നു തീരുമാനിക്കുകയാണ്. എല്ലാവർക്കും ആ കൃപ ലഭിക്കുകയില്ല, അവരുടെതന്നെ കുറ്റം കൊണ്ടാണത്. ചെറിയ കൃപകളെ ശരിയായി പ്രയോജനപ്പെടുത്താത്തവർക്ക് വലിയ കൃപകൾ സ്വീകരിക്കാൻ സാധിക്കുകയില്ല. എന്നാൽ എന്റെ കുഞ്ഞേ, നിനക്ക് ഈ കൃപ നൽകപ്പെട്ടിരിക്കുന്നു. എന്റെ ആത്മാവ് സന്തോഷംകൊണ്ട് അത്ഭുതപരതന്ത്രയായി. കാരണം, കുറച്ചുദിവസങ്ങൾക്കു മുമ്പ് സിസ്റ്റേഴ്സിൽ ഒരാൾ എന്നോടു പറഞ്ഞു, “സിസ്റ്റർ, നീ പരിശീലനത്തിനു പോകാൻ സാധ്യതയില്ല. നിനക്കു വ്രതവാഗ്ദാന സ്വീകരണത്തിനുള്ള അനുവാദം ലഭിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും.” ആ സഹോദരിയോട് ഞാനൊന്നും പറഞ്ഞില്ല. എനിക്കനുഭവപ്പെട്ട വലിയ വേദന എനിക്കു പറ്റുന്നവിധത്തിൽ ഞാൻ മറയ്ക്കാൻ ശ്രമിച്ചു. ഓ ഈശോയേ, അവിടുത്തെ മാർഗ്ഗങ്ങൾ എത്ര വിചിത്രം!. സ്വയമേ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. എന്തെന്നാൽ, ഈശോ എന്നോടു പറഞ്ഞതുപോലെ, ഞാൻ പരിശീലനത്തിനു പോകുകതന്നെ ചെയ്തു.

ഖണ്ഡിക – 166
പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും, വെളിച്ചവും ആത്മീയശക്തിയും ഞാൻ പ്രാർത്ഥനയിലൂടെ ആർജ്ജിച്ചു. ഇപ്രകാരമുള്ള സംഭവങ്ങൾ ഒരു മഠത്തിൽ സംഭവിക്കുക എന്നതു ചിന്തിക്കാൻപോലും
പറ്റുമായിരുന്നില്ല. വിചിത്രമെന്നു പറയട്ടെ, ദൈവം ചിലപ്പോൾ ഇതെല്ലാം അനുവദിക്കുന്നു. ആത്മാവിൽ പുണ്യം വെളിപ്പെടാനും പരിപുഷ്ടി പ്രാപിക്കാനും വേണ്ടിയാണിത്. പരീക്ഷണങ്ങളുടെ കാരണമതാണ്.

ഖണ്ഡിക – 167
ഇന്ന് (നവംബർ, 1932) എന്റെ മൂന്നാമത്തെ പരിശീലനഘട്ടത്തിനായി വാർസോയിൽ എത്തി. മദർമാരുമായുള്ള സ്നേഹസംഭാഷണത്തിനുശേഷം ഒരു
നിമിഷത്തേക്കു ഞാൻ ചാപ്പലിൽ പ്രവേശിച്ചു. പെട്ടെന്ന് ദൈവസാന്നിദ്ധ്യം എന്നിൽ വന്നു നിറഞ്ഞു, ഞാൻ ഈ വാക്കുകൾ ശ്രവിച്ചു, എന്റെ മകളേ, നിന്റെ ഹൃദയം എന്റെ കരുണാർദ്രമായ ഹൃദയത്തിന് അനുരൂപപ്പെടണമെന്നു ഞാനാഗ്രഹിക്കുന്നു. നീ എന്റെ കരുണയിൽ പൂർണ്ണമായും നിമഗ്നയാകണം.

പ്രിയ മദർ ഡിറക്ടസ് (മാർഗരറ്റ്)

ഞാൻ ആ വർഷം ധ്യാനത്തിൽ സംബന്ധിച്ചിരുന്നോ എന്ന് എന്നോടു ചോദിച്ചു. ഇല്ല എന്നു ഞാൻ മറുപടി നൽകി. “എന്നാൽ നീ ആദ്യമായി മൂന്നുദിവസത്തിൽ കുറയാതുള്ള ഒരു ധ്യാനത്തിൽ സംബന്ധിക്കണം.” ദൈവകൃപയാൽ എട്ടു ദിവസത്തെ ഒരു ധ്യാനം വലൻസൂഫിൽ (Walendow) അപ്പോൾ നടക്കുന്നുണ്ടായിരുന്നു. അതിൽ സംബന്ധിക്കുന്നതിനു ഞാൻ ആഗ്രഹിച്ചു. എന്നാൽ, അതിൽ സംബന്ധിക്കുന്നതിന് പല തടസ്സങ്ങളും ഉണ്ടായി. പ്രത്യേകിച്ച് ഒരാൾ ഇതിനെ ശക്തമായി എതിർത്തു. ഞാൻ പോകണ്ട എന്ന തീരുമാനംവരെ എത്തി. അത്താഴത്തിനുശേഷം, ഞാൻ അഞ്ചുമിനിട്ട് ആരാധനയ്ക്കായി കപ്പേളയിൽ പ്രവേശിച്ചു. പെട്ടെന്ന് ഈശോനാഥനെ കണ്ടു, അവിടുന്ന് എന്നോടു പറഞ്ഞു, എന്റെ മകളേ, നാളെ ആരംഭിക്കുന്ന ധ്യാനത്തിൽ നിനക്കു നൽകാൻ ഞാൻ വളരെ കൃപകൾ ഒരുക്കിവച്ചിട്ടുണ്ട്. ഞാൻ മറുപടി പറഞ്ഞു; “ഈശോയേ, ധ്യാനം തുടങ്ങിക്കഴിഞ്ഞു. ഞാൻ പോകണ്ടാ എന്നതാണു തീരുമാനം”. അവിടുന്നു പറഞ്ഞു, അതിനു പോകാൻ തയ്യാറായിക്കൊള്ളുക. നാളെ നീ ധ്യാനം ആരംഭിക്കും. നിന്റെ സുപ്പീരിയേഴ്സമായി ഞാൻ നിന്റെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്യും. പെട്ടെന്ന് ഈശോ അപ്രത്യക്ഷനായി.

ഇതെങ്ങനെ സംഭവിക്കുമെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഉടനെതന്നെ അപ്രകാരമുള്ള ചിന്തകൾ തള്ളിക്കളഞ്ഞ് പ്രാർത്ഥനയിൽ മുഴുകി. ദുരിതാവസ്ഥയിൽ കഴിയുന്ന എന്നെ മനസ്സിലാക്കാനുള്ള പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി യാചിച്ചു. കുറച്ചു സമയത്തിനുശേഷം, എന്റെ ചുമതലകൾ നിറവേറ്റാനായി ഞാൻ ആ ചാപ്പലിൽ നിന്നു പുറത്തുവന്നു. ഉടനെ മദർ ജനറൽ (മൈക്കിൾ) എന്നെ വിളിച്ചു പറഞ്ഞു: “സിസ്റ്റർ, ഇന്നുതന്നെ മദർ വലേറിയയുടെ

കൂടെ വലൻസുഫിൽ പോയി, നാളെ ധ്യാനം ആരംഭിക്കണം. ഭാഗ്യം കൊണ്ട്, മദർ വലേറിയ ഇവിടെയുണ്ടാകാനിടയായി. നിങ്ങൾക്ക് ഒരുമിച്ച് പോകാം”. രണ്ടു മണിക്കൂറിനകം ഞാൻ വലൻസൂഫിൽ എത്തി. ഈശോയ്ക്കുമാത്രമേ ഇപ്രകാരം കാര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കുകയുള്ളു എന്നു ഞാൻ മനസ്സിലാക്കി.

ഖണ്ഡിക – 168
ഈ ധ്യാനത്തിൽ ഞാൻ പങ്കെടുക്കുന്നതിനെ ശക്തമായി എതിർത്ത ആൾ എന്നെ കണ്ടപ്പോൾ അതൃപ്തിയും വിസ്മയവും പ്രദർശിപ്പിച്ചു. എന്നാൽ, അതു
കണക്കാക്കാതെ ഞാൻ അവളെ സ്നേഹപൂർവ്വം അഭിവാദനം ചെയ്തുകൊണ്ട് കർത്താവിനെ സന്ദർശിക്കാൻ പോയി. ഈ ധ്യാനത്തിൽ എപ്രകാരം സംബന്ധിക്കണമെന്ന് ഞാൻ കർത്താവിനോട് ആലോചന ചോദിച്ചു.

ഖണ്ഡിക – 169
ധ്യാനത്തിനുമുമ്പ് ഈശോനാഥനുമായുള്ള എന്റെ സംഭാഷണം. ഈ ധ്യാനത്തിന് മുമ്പുണ്ടായിട്ടുള്ള ധ്യാനങ്ങളിൽനിന്ന് അല്പം വ്യത്യാസം ഉണ്ടാകുമെന്ന് ഈശോ
എന്നോടു പറഞ്ഞു. ഞാനും നീയുമായുള്ള സമ്പർക്കത്തിൽ ആഴമായ സമാധാനം സ്ഥാപിക്കാൻ നീ പരിശ്രമിക്കണം. ഇതിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ഞാൻ മാറ്റിത്തരും. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ നീ സമാധാനം അനുഭവിക്കുന്നുണ്ടെന്നു ഞാനറിയുന്നു. എന്നാൽ ഞാൻ സംസാരം നിർത്തുമ്പോൾത്തന്നെ, നിനക്കു സംശയങ്ങൾ ജനിക്കാൻ തുടങ്ങും. നിന്റെ ആത്മാവിനെ ഞാൻ ദൃഢതയുള്ളതാക്കിത്തരുമെന്ന് നീ അറിയുക. നീ അസ്വസ്ഥപ്പെടാൻ ആഗ്രഹിച്ചാൽ പോലും നിനക്കത് സാദ്ധ്യമായിരിക്കില്ല. നിന്നോടു സംസാരിക്കുന്നത് ഞാനാണെന്നുള്ള ഉറപ്പിന് ഒരടയാളം തരുന്നു. ധ്യാനത്തിന്റെ രണ്ടാംദിവസം ധ്യാനം പ്രസംഗിക്കുന്ന വൈദികന്റെ സമീപം നീ കുമ്പസാരത്തിനായി പോകും. ചർച്ചാസമ്മേളനം കഴിഞ്ഞയുടനെ നീ അദ്ദേഹത്തിന്റെ അടുത്തുചെന്ന് എന്നെ സംബന്ധിച്ച് നിനക്കുള്ള എല്ലാ സംശയങ്ങളും പറയും. അദ്ദേഹത്തിന്റെ അധരങ്ങളിലൂടെ ഞാൻ നിന്നോടു സംസാരിക്കും, അപ്പോൾ നിന്റെ ഭയം മാറും. ധ്യാനസമയത്ത് നിന്റെ ചുറ്റും ഒന്നും സ്ഥിതിചെയ്യുന്നില്ല എന്ന തരത്തിൽ വളരെ കർശനമായ നിശ്ശബ്ദത പാലിക്കുക. എന്നോടും നിന്റെ കുമ്പസാരക്കാരനോടും മാത്രം സംസാരിക്കുക; പ്രായശ്ചിത്തപ്രവൃത്തികൾക്കായി മാത്രം അധികാരികളോടും നിനക്കു സംസാരിക്കാം. കർത്താവ് എന്നോടു കാണിക്കുന്ന ദയമൂലവും, എനിക്കുവേണ്ടി ഇത്ര എളിമപ്പെടുന്നതുമൂലവും ഞാൻ വളരെ സന്തോഷവതിയായി.

ഖണ്ഡിക – 170
ധ്യാനത്തിന്റെ ആദ്യദിവസം. എല്ലാവർക്കുംമുമ്പേ ചാപ്പലിലെത്താൻ ഞാൻ പരിശ്രമിച്ചു. ധ്യാനത്തിനുമുമ്പ് പരിശുദ്ധാത്മാവിനോടും മാതാവിനോടും പ്രാർത്ഥിക്കാൻ അല്പം സമയം ലഭിച്ചു. ഈ ഉൾപ്രേരണകളോട് വിശ്വസ്തത പാലിക്കാനും, എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ദൈവതിരുമനസ്സ് വിശ്വസ്തതയോടെ അനുവർത്തിക്കാനുമുള്ള കൃപ ലഭിക്കാൻ പരിശുദ്ധ അമ്മയോട് ഞാൻ കേണപേക്ഷിച്ചു. പ്രത്യേകമായ ധൈര്യത്തോടെയാണ് ഞാൻ ഈ ധ്യാനം ആരംഭിച്ചത്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles