മടിച്ചി എന്ന വിളി കേള്‍ക്കാന്‍ ഫൗസ്റ്റീന സന്നദ്ധയായത് എന്തിന് വേണ്ടി?

കർത്താവ് ഫൗസ്റ്റീനയ്ക്ക് ധ്യാനവിഷയങ്ങൾ നേരിട്ടു പറഞ്ഞു കൊടുക്കുന്നതിനെ കുറിച്ചാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. അനുസരണം എന്ന പുണ്യം അഭ്യസിക്കാന്‍ ഫൗസ്റ്റീന മടിച്ചി എന്ന വിളി കേള്‍ക്കാന്‍ സന്നദ്ധയാകുന്നതിനെയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നാം ഈ ലക്കത്തില്‍ വായിക്കുന്നത്.
ഖണ്ഡിക – 151
ഒരിക്കൽ സി. N. ഒരുമിച്ച് ഞാൻ അടുക്കളയിലായിരുന്നു. അവർ എന്നോട് അല്പം പരിഭവിക്കുകയും ശിക്ഷയായി മേശയിൽ ഇരിക്കാൻ പറയുകയും ചെയ്തു. അവർ തനിയെ ഉരയ്ക്കുകയും വൃത്തിയാക്കുകയും ചെയ്തുകൊണ്ട് കഠിനമായ ജോലിയിൽ ഏർപ്പെട്ടു. ഞാൻ അവിടെയിരിക്കുമ്പോൾ സിസ്റ്റേഴ്സ് ആ വഴി വന്നു. ഞാൻ മേശയിൽ ഇരിക്കുന്നതുകണ്ട് അതിശയപ്പെട്ടു. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായം ഉണ്ടായിരുന്നു. ഒരാൾ എന്നെ ഒരു മടിച്ചിയായി മുദ്രകുത്തി. മറ്റൊരാൾ എന്നെ “സ്ഥിരബുദ്ധിയില്ലാത്തവൾ!” ആയി പ്രഖ്യാപിച്ചു. ആ സമയത്ത് ഞാൻ ഒരു അർത്ഥിനി (Postulant) ആയിരുന്നു. മറ്റുള്ളവർ പറഞ്ഞു, “ഇവൾ എപ്രകാരമുള്ള ഒരു സിസ്റ്ററായിത്തീരും?” എന്നിട്ടും, എനിക്കു താഴെയിറങ്ങാൻ സാധിച്ചില്ല. കാരണം, അനുസരണമെന്ന പുണ്യത്തിന് കീഴിലാണ് സിസ്റ്റർ എന്നോട് അതാവശ്യപ്പെട്ടത്. അതിനാൽ അവർ പറയാതെ താഴെയിറങ്ങാൻ സാദ്ധ്യമല്ലായിരുന്നു.
യഥാർത്ഥത്തിൽ എത്രമാത്രം ശൂന്യവൽക്കരണം ഇതിനാവശ്യമായിരുന്നെന്ന് ദൈവംമാത്രം അറിയുന്നു. നാണക്കേടുകൊണ്ട് ഞാൻ മരിച്ചുപോകുമെന്ന് എനിക്കു തോന്നി. എന്റെ ആന്തരികരൂപീകരണത്തിനു ദൈവം പലപ്പോഴും ഇത് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് വലിയ സമാശ്വാസങ്ങൾ നൽകി ഈ എളിമപ്പെടുത്തലുകൾക്കു പ്രതിഫലം നൽകിയിരുന്നു. ആരാധനാസമയത്ത് പ്രഭാപൂർണ്ണനായി അവിടുത്തെ ഞാൻ കണ്ടു. ദയാവായ്പോടെ എന്നെ നോക്കി അരുൾചെയ്തു, എന്റെ മകളേ, സഹനത്തെ നീ ഭയപ്പെടരുത്; ഞാൻ നിന്നോടുകൂടെയുണ്ട്.
ഖണ്ഡിക – 152
ഒരിക്കൽ എനിക്കു നൈറ്റ് ഡ്യൂട്ടിയായിരുന്നു”. ഛായാപടം വരയ്ക്കുന്നതു സംബന്ധിച്ച് ഞാൻ ആത്മാവിൽ വളരെ ക്ലേശം അനുഭവിച്ചുകൊണ്ടിരുന്നു. എല്ലാക്കാര്യങ്ങളും മിഥ്യാദർശനങ്ങളാണെന്ന് അവർ നിരന്തരം എന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ എന്തു തീരുമാനമെടുക്കണമെന്നു ചിന്തിച്ച് ഞാൻ വലഞ്ഞു. മറ്റൊരു വശത്ത്, ഒരുപക്ഷേ ഈ ചിത്രംവഴി ദൈവം ആരാധിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകുമെന്നും, അതിനാൽ അതു വരപ്പിച്ചെടുക്കാൻ ശ്രമിക്കണമെന്നും ഒരു വൈദികൻ പറഞ്ഞു. അപ്പോഴേക്കും എന്റെ ആത്മാവ് തീർത്തും അവശതയിലായി. ഞാൻ ആ ചെറിയ ചാപ്പലിൽ പ്രവേശിച്ച്, എന്റെ ശിരസ്സ് സകാരിയോടു ചേർത്തുവച്ച് മുട്ടിവിളിച്ചുകൊണ്ട് പറഞ്ഞു, “ഈശോയേ, ഈ ചിത്രം വരയ്ക്കുന്നതിന് ഞാൻ എത്രമാത്രം പ്രയാസം സഹിക്കുന്നു എന്നു കാണുക.” സക്രാരിയിൽനിന്നു ഞാൻ ഒരു സ്വരം കേട്ടു, എന്റെ മകളേ, നിന്റെ സഹനങ്ങൾ അധികകാലം നീണ്ടുനിൽക്കുകയില്ല.
ഖണ്ഡിക – 153
ഒരുദിവസം, ഞാൻ രണ്ടു വഴികൾ ദർശിച്ചു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും, സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തംവച്ചും ജനങ്ങൾ അതിലൂടെ സഞ്ചരിച്ചു. അവർ അറിയാതെതന്നെ അതിന്റെ അവസാനത്തിലെത്തി. ആ വഴിയുടെ അവസാനത്തിൽ വലിയ ഒരു ഗർത്തം ഉണ്ടായിരുന്നു; അത് നരകത്തിന്റെ ഗർത്തമായിരുന്നു. അന്ധമായി നടന്ന് ആത്മാവ് അതിൽ പതിച്ചു. എണ്ണാൻ പറ്റാത്തവിധം അവരുടെ സംഖ്യ വലുതായിരുന്നു.
മറ്റൊരു വഴി ഞാൻ കണ്ടു. അത് ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ ഒരു പാതയായിരുന്നു. അതിലൂടെ സഞ്ചരിക്കുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എല്ലാത്തരത്തിലുള്ള സഹനങ്ങൾക്കും അവർ ഇരയായിത്തീർന്നിരുന്നു. ചിലർ കല്ലിൽ തട്ടി വീണുകൊണ്ടിരുന്നു. എന്നാൽ പെട്ടെന്ന് എഴുന്നേറ്റ് വീണ്ടും നടന്നുകൊണ്ടേയിരുന്നു. ആ പാതയുടെ അവസാനം അതിമഹത്തായതും എല്ലാത്തരത്തിലുള്ള ആനന്ദം നിറഞ്ഞതുമായ ഒരു ഉദ്യാനമായിരുന്നു. ഈ ആത്മാക്കൾ എല്ലാം അതിൽ പ്രവേശിച്ചു. ആ നിമിഷം തന്നെ അവർ തങ്ങളുടെ സഹനങ്ങളെല്ലാം മറന്നുപോയി.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.