ഭയത്തിന് സ്ഥാനമില്ലാത്ത വിധത്തിലുള്ള സമാധാനം ഫൗസ്റ്റീനയുടെ ഹൃദയത്തില്‍ നിറഞ്ഞതെങ്ങനെ?

ആത്മീയ ദര്‍ശനങ്ങള്‍ വിവേകവും പാണ്ഡിത്യവുമുള്ള വൈദികന്റെ ഉപദേശത്തിന് സമര്‍പ്പിക്കണം എന്നു പറയുന്നതിന്റെ കാരണമെന്താണെന്ന്  നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. യാതൊരു വിധത്തിലും അസ്വസ്ഥയാകാനോ ഭയപ്പെടാനോ സാധിക്കാത്ത വിധത്തിലുള്ള സമാധാനം ഫൗസ്റ്റീനയുടെ ഹൃദയത്തില്‍ നിറയുന്നതാണ് നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 143
വഴിതെറ്റിപ്പോകുമെന്ന ഭയത്താൽ ധാരാളം ദൈവികകൃപകളെ ഞാൻ നഷ്ടമാക്കിയിരുന്നു. ദൈവം എന്നെ വളരെ ശക്തിയായി അവിടുത്തോട് അടുപ്പിച്ചതിനാൽ, പെട്ടെന്ന് അവിടുന്നിൽ ലയിക്കുമ്പോൾ അവിടുത്തെ കൃപകളെ തടസ്സപ്പെടുത്താൻ ഞാൻ അശക്തയായിരുന്നു. ഈ സമയത്തെല്ലാം ഞാൻ വലിയ സമാധാനം അനുഭവിച്ചു. പിന്നീട് ഞാൻ അസ്വസ്ഥയാകാൻ ശ്രമിച്ചപ്പോഴും, എനിക്കതിനു കഴിഞ്ഞില്ല. അപ്പോൾ, എന്റെ അന്തരാത്മാവിൽ ഈ വാക്കുകൾ ശ്രവിച്ചു:
ഞാനാണ് ഇതെല്ലാം നിന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് നിനക്കു ബോധ്യമാകാൻ നിനക്ക് അഗാധമായ സമാധാനം നൽകും. നീ ഭയപ്പെടാനും വിഷമിക്കാനും ആഗ്രഹിച്ചാലും ഇന്നു നിനക്കതു സാധിക്കുകയില്ല. സ്വയം വിസ്മൃതാവസ്ഥയിൽ, സ്നേഹത്താൽ നിന്റെ ആത്മാവ് കവിഞ്ഞാഴുകും.

ഖണ്ഡിക – 144
പിന്നീട് ഈശോ എനിക്കു മറ്റൊരു വൈദികനെ (ഫാ. സൊപോയ്ക്കോ) തന്നു. അദ്ദേഹത്തോട് എന്റെ ആത്മാവിന്റെ അവസ്ഥ തുറന്നുപറയാൻ അവിടുന്നെന്നോട് ആവശ്യപ്പെട്ടു. ആദ്യമെല്ലാം ഞാൻ അല്പം സങ്കോചത്തോടെയാണ് സംസാരിച്ചത്. എന്നാൽ, ഈശോയിൽനിന്നുള്ള കർശനമായ ശാസനം എന്നെ
കൂടുതൽ എളിമയുള്ളവളാക്കി. അദ്ദേഹത്തിന്റെ പരിശീലനത്തിൽ ഞാൻ ദൈവസ്നേഹത്തിൽ പെട്ടെന്ന് അഭിവൃദ്ധിപ്രാപിച്ചു. കർത്താവിന്റെ ധാരാളം ആഗ്രഹങ്ങൾ പ്രാബല്യത്തിൽ വരുത്താൻ സാധിച്ചു”. അദ്ദേഹത്തിന്റെ ധൈര്യവും അഗാധമായ എളിമയും കണ്ട് ഞാൻ അമ്പരന്നിട്ടുണ്ട്.

ഖണ്ഡിക – 145
ഓ, ഇത്രമാത്രം കൃപകൾ നഷ്ടമാക്കിയ എന്റെ ആത്മാവ് എത നികൃഷ്ടമാണ്! ദൈവത്തിൽനിന്നു ഞാൻ ഓടിയകലുകയായിരുന്നു, അവിടുന്ന് തന്റെ കൃപകളാൽ എന്നെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. അപ്രതീക്ഷിതമായ സമയങ്ങളിലാണു ദൈവത്തിന്റെ കൃപകളെ പലപ്പോഴും ഞാൻ അനുഭവിച്ചിരുന്നത്.
എനിക്ക് ഒരു ആത്മീയ ഉപദേഷ്ടാവിനെ അവിടുന്ന് നൽകിയതു മുതൽ ഞാൻ കൃപകളോടു കൂടുതൽ വിശ്വസ്തത പുലർത്താൻ തുടങ്ങി. ആത്മീയ പിതാവിന്റെ സൂക്ഷ്മമായ പരിപാലനയാൽ ആത്മീയ മാർഗ്ഗനിർദ്ദേശം എന്താണെന്നും, ഈശോ അതിനെ എപ്രകാരം നോക്കിക്കാണുന്നുവെന്നും ഞാൻ മനസ്സിലാക്കി. ഏറ്റംചെറിയ തെറ്റുകൾക്കുപോലും ഈശോ താക്കീതു നൽകി. ഞാൻ കുമ്പസാരക്കാരനോടു പറയുന്ന കാര്യങ്ങളിലെല്ലാം ഈശോതന്നെ വിധിത്തീർപ്പുണ്ടാക്കി. അവിടുന്ന് എന്നോടു പറഞ്ഞു…. കുമ്പസാരക്കാരനോടു ചെയ്യുന്ന എല്ലാ തെറ്റുകളും എന്നോടുതന്നെയാണു ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചപ്പോൾ ആഴമായ ചിന്തകളും സമാധാനവും എനിക്ക് അനുഭവപ്പെട്ടു. എന്റെ അന്തരാത്മാവിൽ പലപ്പോഴും ഇപ്രകാരം കേട്ടു: യുദ്ധത്തിനായി നിന്നെ ശക്തിപ്പെടുത്തുക. പല സമയങ്ങളിലും ഇത് ആവർത്തിക്കുകയുണ്ടായി.

+  എന്റെ ആത്മാവിലുള്ള ഈശോയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെപ്പറ്റി എപ്പോഴും എന്നെ മനസ്സിലാക്കിത്തന്നിരുന്നു. നിസ്സാരമെന്നു കരുതിയിരുന്ന പലതിനെപ്പറ്റിയും പലപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ അവ വലിയ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു. ഒരു ഗുരുവിനെപ്പോലെ അവിടുന്ന് എനിക്ക് മുന്നറിയിപ്പു നൽകുകയും, എന്നെ പരീക്ഷിക്കുകയും ചെയ്തിരുന്നു. എനിക്കൊരു ആത്മീയ ഉപദേഷ്ടാവിനെ നൽകുന്നതുവരെ, വളരെ വർഷങ്ങൾ അവിടുന്നുതന്നെ എന്നെ പഠിപ്പിച്ചു. മുമ്പെല്ലാം എനിക്കു മനസ്സിലാകാതിരുന്നതെല്ലാം അവിടുന്നുതന്നെ മനസ്സിലാക്കിത്തന്നിരുന്നു. എന്നാൽ ഇപ്പോൾ, അതെല്ലാം കുമ്പസാരക്കാരനോടു ചോദിച്ചു മനസ്സിലാക്കാൻ അവിടുന്നു പറയും. അവിടുന്നു പറഞ്ഞു, അവന്റെ അധരങ്ങളിലൂടെ ഞാൻ സംസാരിക്കും. സമാധാനമായിരിക്കുക. ആത്മീയപിതാവിനോട് (ഫാ. സൊപോച്ച്ക്കോ) വിവരിക്കുമ്പോൾ കർത്താവ് എന്നോട് ആവശ്യപ്പെട്ടതിനു വിപരീതമായി ഒരു നിർദ്ദേശവും അദ്ദേഹത്തിൽനിന്ന് എനിക്കു ലഭിച്ചിട്ടില്ല. ഇപ്രകാരമാണ് പലപ്പോഴും സംഭവിക്കുക. ആദ്യം ഈശോ എന്നോടു ചിലകാര്യങ്ങൾ ആവശ്യപ്പെടും. ആരും അത് അറിയുന്നില്ല. പിന്നീട് ഞാൻ കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തുമ്പോൾ എന്റെ കുമ്പസാരക്കാരനും അതേ നിർദ്ദേശം തന്നെ നൽകും. ചില സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

+  ഒരാത്മാവിന് വളരെ നാളത്തേക്ക് നല്ല പ്രകാശവും ധാരാളം ഉൾപ്രേരണകളും ലഭിക്കുകയും, കുമ്പസാരക്കാരൻ അതിന്റെ ഉറവിടത്തെക്കുറിച്ച് ഉറപ്പുനൽകുകയും, ആത്മാവ് ശാന്തമാകുകയും ചെയ്യുമ്പോൾ, അതിന്റെ സ്നേഹം സീമാതീതമാണെങ്കിൽ, അതു സ്വീകരിച്ചവ പ്രാവർത്തികമാക്കാൻ ഈശോ ആവശ്യപ്പെടും. ദൈവം അത് ആഗ്രഹിക്കുന്നെന്ന് അതു മനസ്സിലാക്കുകയും, ഈ അറിവ് അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും. വിശ്വസ്തത പാലിക്കാൻ പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കണമെന്ന് അത് അറിയുന്നു. എന്നാൽ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ദൈവം വിളിക്കുന്ന പദവിയിലേക്ക് അതുയരുന്നു. ബുദ്ധിമുട്ടുകൾ അതിനെ ഭയപ്പെടുത്തുന്നില്ല; അവ അതിന്റെ അന്നന്നയപ്പം പോലെയാണ്. നിരന്തരം യുദ്ധംചെയ്യുന്ന ഒരു യോദ്ധാവിനെ പീരങ്കിയുടെ ഗർജനം ഭയപ്പെടുത്താത്തതുപോലെ അവ ആത്മാവിനെ പേടിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. ഭയപ്പെടുന്നില്ലെന്നു മാത്രമല്ല, ശത്രുവിനെ തോൽപിക്കാൻ അവന്റെ ആക്രമണം എവിടെനിന്നു വരുന്നു എന്നറിയാൻ ജാഗ്രതയോടെ നിരീക്ഷിക്കുന്നു. അത് അന്ധമായി ഒന്നും ചെയ്യുന്നില്ല. എല്ലാം സൂക്ഷിച്ചു നിരീക്ഷിക്കുന്നു. തന്നിൽ ആശ്രയിക്കാതെ തീക്ഷണമായി പ്രാർത്ഥിക്കുകയും, അനുഭവജ്ഞാനമുള്ളവരും ബുദ്ധിശാലികളുമായ മറ്റു യോദ്ധാക്കളുടെ അഭിപ്രായം ആരായുകയും ചെയ്യുന്നു. ഇപ്രകാരം ഒരു ആത്മാവു വർത്തിക്കുമ്പോൾ, അത് എല്ലായ്പ്പോഴും തന്നെ വിജയംവരിക്കുന്നു.

ഉപദേശം സ്വീകരിക്കാനോ ചിന്തിക്കാനോ സമയം ലഭിക്കാത്ത അവസരങ്ങളിൽ വരുന്ന ആക്രമണങ്ങളിൽ അതു ജീവന്മരണ പോരാട്ടത്തിൽപ്പെടുന്നു. ചില സമയങ്ങളിൽ ഈശോയുടെ തിരുഹൃദയത്തിലെ മുറിവിൽ നിശ്ശബ്ദമായി അത് അഭയം പ്രാപിക്കുന്നു. ഈ പ്രവൃത്തിമൂലം ശതു പരാജയപ്പെടുന്നു. യുദ്ധസമയത്തെന്നതുപോലെതന്നെ സമാധാനകാലങ്ങളിലും ആത്മാവ് തന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. അതു ജാഗ്രതയോടെ തന്നെ പരിശീലിപ്പിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ വിജയം വരിക്കാൻ സാധിക്കുകയില്ല. വിജയത്തിനുള്ള ഒരുക്കസമയമായാണു ഞാൻ സമാധാനകാലങ്ങളെ കണക്കാക്കുന്നത്. ആത്മാവ് എപ്പോഴും ശ്രദ്ധയോടെയിരിക്കണം; ശ്രദ്ധ, വീണ്ടും ഞാൻ പറയുന്നു, ശ്രദ്ധയുണ്ടായിരിക്കണം. ധ്യാനിക്കുന്ന ആത്മാവിനു ധാരാളം വെളിച്ചം ലഭിക്കുന്നു. അശ്രദ്ധയോടെയിരിക്കുന്ന ആത്മാവിനു വീഴ്ചപറ്റാം. അതിനു വീഴ്ചപറ്റിയാൽ അത്ഭുതപ്പെടേണ്ടാ. ഓ ദൈവാരൂപിയേ, ആത്മാവിന്റെ നിയന്താവേ, അങ്ങു പരിശീലിപ്പിക്കുന്നവൻ വിവേകമുള്ളവൻ! ശാന്തതയും ധ്യാനവുമുള്ളിടത്തുമാത്രമേ ദൈവാരൂപി പ്രവർത്തിക്കുകയുള്ളു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles