ആത്മീയ ദര്‍ശനങ്ങള്‍ വിവേകവും പാണ്ഡിത്യവുമുള്ള വൈദികന്റെ ഉപദേശത്തിന് സമര്‍പ്പിക്കണം എന്നു പറയുന്നതിന്റെ കാരണമെന്ത്?

ഫൗസ്റ്റീനയുടെ ആത്മാവ് പറഞ്ഞറിയിക്കാൻ വയ്യാത്ത ആനന്ദത്താൽ നിറഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ കണ്ടു. ആത്മീയ ദര്‍ശനങ്ങള്‍ വിവേകവും പാണ്ഡിത്യവുമുള്ള വൈദികന്റെ ഉപദേശത്തിന് സമര്‍പ്പിക്കണം എന്നു പറയുന്നതിന്റെ കാരണമെന്താണെന്ന് നമുക്ക് ഈ ലക്കത്തില്‍ അറിയാം. തുടര്‍ന്ന് വായിക്കുക.
ഖണ്ഡിക – 139
എങ്കിലും ദൈവത്തോടു വിശ്വസ്തതയുള്ള ഒരാത്മാവിന് അതിന്റെതന്നെ ഉൾപ്രേരണകളെ വിവേചിക്കാൻ സാദ്ധ്യമല്ല. അവയെ വളരെ വിവേകവും പാണ്ഡിത്യവുമുള്ള ഒരു വൈദികന്റെ ഉപദേശത്തിനു സമർപ്പിക്കണം. നല്ല ഉറപ്പു വരുന്നതുവരെ അവയെ വിശ്വസിക്കരുത്. സ്വന്തം പ്രചോദനങ്ങളിൽ മാത്രം ആശ്രയിച്ച്, തന്റെ വിശ്വാസം ഈ പ്രചോദനങ്ങളിലും മറ്റു വലിയ കൃപകളിലും അർപ്പിക്കരുത്. കാരണം, അതു വലിയ നാശത്തിനു വഴിതെളിച്ചേക്കും.
തെറ്റായ പ്രചോദനങ്ങളും ദൈവത്തിൽനിന്നുള്ള കൃപകളും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാൻ ഒരാത്മാവിനു സാധിച്ചാലും, വളരെ ശ്രദ്ധയുള്ളവളായിരിക്കണം. എന്തെന്നാൽ, പലകാര്യങ്ങളും അനിശ്ചിതമാണ്. ഒരാത്മാവ് ദൈവത്തെപ്രതി ദൈവത്തെ സംശയിക്കുമ്പോൾ അവിടുന്ന് സംതൃപ്തനാകുകയും ആനന്ദിക്കുകയും ചെയ്യും; എന്തെന്നാൽ, ആ ആത്മാവ് ദൈവത്തെ സ്നേഹിക്കുകയും, ദൈവം തന്നെയാണോ തന്നിൽ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധയോടെ സഹായം ആരായുകയും അന്വേഷിക്കുകയും ചെയ്യുന്നു. വളരെ പണ്ഡിതനായ ഒരു കുമ്പസാരക്കാരൻ ഇതു സ്ഥിരീകരിച്ചാൽ, ആത്മാവിനു സമാധാനം ലഭിക്കുകയും ദൈവത്തിന്റെ നിർദ്ദേശങ്ങൾക്കു തന്നെത്തന്നെ വിട്ടു കൊടുക്കുകയും ചെയ്യാം. എന്നാൽ, അത് കുമ്പസാരക്കാരന്റെ അനുമതിയോടെ ആയിരിക്കണം.
ഖണ്ഡിക – 140
നിഷ്കളങ്കനേഹത്തിനു വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും, പ്രയാസങ്ങളോ എതിർപ്പുകളോ അതിനെ തടസ്സപ്പെടുത്തുകയില്ല. വലിയ ക്ലേശങ്ങളുടെ മദ്ധ്യത്തിലും അത് ഉറച്ചുനിൽക്കും. ദുഷ്ക്കരവും വിരസവുമായ അനുദിനജീവിതത്തിൽ അതു സ്ഥിരതയോടെ പ്രവർത്തിക്കും. ദൈവത്തെ സംപ്രീതിപ്പെടുത്താൻ ഒരുകാര്യം മാത്രം മതിയെന്ന് അതറിയുന്നു. ഏറ്റം ചെറിയ കാര്യംപോലും വലിയ സ്നേഹത്തോടെ ചെയ്യുക സ്നേഹം, എല്ലായ്പ്പോഴും സ്നേഹം.
പരിശുദ്ധമായ സ്നേഹം ഒരിക്കലും വഴിതെറ്റിക്കില്ല. അതിന്റെ പ്രകാശം അതിശയകരമാംവിധം സമൃദ്ധമാണ്. ദൈവത്തിന് അപ്രീതി ജനിപ്പിക്കുന്ന ഒന്നും അതു ചെയ്യുകയില്ല. ദൈവത്തെ കൂടുതൽ പ്രീതിപ്പെടുത്തുന്നവ ചെയ്യുന്നതിൽ അതിനു നൈപുണ്യം ഉണ്ടായിരിക്കും. ആർക്കും അതിനെ വെല്ലുവാൻ സാധിക്കുകയില്ല. പരിശുദ്ധമായ യാഗംപോലെ അർപ്പിക്കപ്പെടാനും തന്നെത്തന്നെ ശൂന്യവൽക്കരിക്കാനും അതിനു സന്തോഷമായിരിക്കും. എത്രമാത്രം നൽകുന്നുവോ അത്രമാത്രം സന്തോഷം അത് അനുഭവിക്കും. സ്നേഹത്തിനു കഴിയുന്നതുപോലെ അകലെനിന്ന് അപകടം മണത്തറിയാൻ മറ്റൊന്നിനും സാധിക്കുകയില്ല. എപ്രകാരം അനാവരണം ചെയ്യണമെന്നും ആരുമായി ഇടപെടണമെന്നും മറ്റും അതിനു നന്നായറിയാം.
ഖണ്ഡിക – 141
എന്റെ പീഡകൾക്ക് അറുതിവരുകയാണ്. കർത്താവു വാഗ്ദാനം ചെയ്ത സഹായം എനിക്കു ലഭിക്കുന്നു. ഫാ. ആൻഡാഷ്, ഫാ. സൊപോയ്ക്കോ എന്നീ വൈദികരിലൂടെ എനിക്കതു ലഭിക്കുന്നതായി ഞാൻ കാണുന്നു. എന്റെ നിത്യവ്രതവാഗ്ദാനത്തിനുമുമ്പുള്ള* ധ്യാനസമയത്ത് (ഫാ. ആൻഡാഷിലൂടെ”) ആദ്യമായി പൂർണ്ണസമാധാനം എനിക്കു ലഭിച്ചു. പിന്നീട് ഫാ. സൊപോച്ച്ക്കോയും ആ വഴിതന്നെ എന്നെ നയിച്ചു. കർത്താവിന്റെ വാഗ്ദാനം അങ്ങനെ നിറവേറി.
ഖണ്ഡിക – 142
എനിക്കു സമാധാനം ലഭിക്കുകയും, ദൈവവഴികളെ പിന്തുടരാൻ പഠിക്കുകയും ചെയ്തപ്പോൾ എന്റെ ആത്മാവ് കർത്താവിൽ ആനന്ദിച്ചു. ഞാൻ നടക്കുകയല്ല ഓടുകയാണെന്നു തോന്നി. പറക്കാനായി എന്റെ ചിറകുകൾ വിടർത്തി; സൂര്യന്റെ അഗ്നിയിലേക്കുതന്നെ ഞാൻ പറന്നുയർന്നു, അവനിൽ വിലയം പ്രാപിക്കുന്നതുവരെ ഞാൻ താഴോട്ടുവരുകയില്ല. എന്റെ ആത്മാവ് അവനിൽ നിത്യമായി ഉൾച്ചേർന്നുപോയി. കൃപയുടെ പ്രവർത്തനത്തിനായി എന്നെ പൂർണ്ണമായി സമർപ്പിച്ചു. ദൈവം എന്റെ ആത്മാവിലേക്കു താണിറങ്ങി. ഞാൻ പിൻമാറുകയോ അവിടുത്തെ പ്രതിരോധിക്കുകയോ ചെയ്തില്ല. പ്രത്യുത, എന്റെ ഏകനിക്ഷേപം എന്നപോലെ എന്നെ അവിടുത്തേക്ക് വിട്ടുകൊടുത്തു. കർത്താവുമായി ഞാൻ ഒന്നായി. സൃഷ്ടിയും സഷ്ടാവുമായുള്ള ഗർത്തം അപ്രത്യക്ഷമായി. കുറച്ചുദിവസത്തേക്ക് എന്റെ ആത്മാവ് നിരന്തരമായ പാരവശ്യത്തിലായിരുന്നു. ഒരു നിമിഷത്തേക്കുപോലും ദൈവസാന്നിധ്യം എന്നിൽനിന്നു വിട്ടുപോയില്ല. കർത്താവുമായി നിരന്തരം സ്നേഹൈക്യത്തിൽ എന്റെ ആത്മാവ് നിലകൊണ്ടു. എന്നാൽ എന്റെ അനുദിന ചുമതലകൾ നിറവേറ്റുന്നതിന് ഇതൊന്നും തടസ്സമായിരുന്നില്ല.
സ്നേഹത്തിലേക്കു രൂപാന്തരപ്പെട്ടപോലെ എനിക്കു തോന്നി. കത്തിച്ചാമ്പലാകാതെ ഞാൻ ജ്വലിക്കുകയായിരുന്നു. ദൈവത്തിൽ ഞാൻ അവിരാമം ലയിച്ചു പോയി. ഭൂമിയിലാണെന്നുപോലും ഓർക്കാത്തവിധം കർത്താവ് വളരെ ശക്തിയോടും ബലത്തോടുംകൂടി എന്നെ അവിടുത്തോടു ചേർത്തുനിർത്തി. വളരെ നാളുകളായി ദൈവകൃപകളെ ഞാൻ ഭയപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ദൈവംതന്നെ ഫാ. ആൻഡാഷിലൂടെ എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി. എന്റെ ആത്മാവ് സൂര്യന് അഭിമുഖമായി, അവിടുത്തെ പ്രകാശത്തിൽ അവിടുത്തേക്കു മാത്രമായി അതു വിടർന്നു പുഷ്പിച്ചു. മറ്റൊന്നും എനിക്കു മനസ്സിലാകുന്നില്ല… (വാചകം ഇവിടെ മുറിയുകയാണ്. പൂർണ്ണമായും വ്യത്യസ്തമായ ഒരു ചിന്ത അടുത്ത വരികളിൽ ആരംഭിക്കുന്നു.)
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.