എപ്പോഴാണ് ഫൗസ്റ്റീനയുടെ ആത്മാവ് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ആനന്ദത്താല്‍ നിറഞ്ഞത്?

ദൈവം നല്‍കിയ പരീക്ഷണങ്ങളില്‍ നിന്ന് ഫൗസ്റ്റീനയ്ക്ക് മനസ്സിലായ കാര്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ കണ്ടു. ഫൗസ്റ്റീനയുടെ ആത്മാവ് പറഞ്ഞറിയിക്കാൻ വയ്യാത്ത ആനന്ദത്താൽ നിറഞ്ഞതിനെ കുറിച്ച്് നാം ഈ ലക്കത്തിൽ വായിക്കുന്നു. നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 136
ബലിയർപ്പണത്തിനായുള്ള ബോധപൂർവ്വവും സ്വതന്ത്രവുമായ എന്റെ സമ്മതത്തെ ഈ മുഴുവൻ രഹസ്യവും ആശ്രയിച്ചിരിക്കുന്നുവെന്ന് കർത്താവു മനസ്സിലാക്കിത്തന്നു. ദൈവത്തിന്റെ മഹിമപ്രതാപത്തിന്റെ മുമ്പിൽ ഈ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രവൃത്തിയിലാണു മുഴുവൻ ശക്തിയും മൂല്യവും അടങ്ങിയിരിക്കുന്നത്. ഞാൻ സമർപ്പിച്ചിരിക്കുന്ന കാര്യങ്ങളൊന്നുംതന്നെ എന്നിൽ നിറവേറിയില്ലെങ്കിലും, കർത്താവിന്റെ സമക്ഷം എല്ലാം പൂർത്തീകരിക്കപ്പെട്ടപോലെയാണ്.

ആ നിമിഷം, അഗ്രാഹ്യമായ മഹത്വത്തിലേക്കു ഞാൻ ഉൾച്ചേരുന്നതായി അനുഭവപ്പെട്ടു. എന്റെ സമ്മതത്തിനായി ദൈവം കാത്തിരിക്കുന്നതായി തോന്നി. എന്റെ ആത്മാവ് കർത്താവിൽ നിമഗ്നയായി. ഞാൻ പറഞ്ഞു; “അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നിൽ സംഭവിക്കട്ടെ. അങ്ങേ തിരുമനസ്സിനു ഞാൻ കീഴങ്ങുന്നു. ഇന്നുമുതൽ അങ്ങേ തിരുമനസ്സാണ് എന്റെ പോഷണം, അങ്ങേ കൃപയുടെ സഹായത്താൽ അവിടുത്തെ കല്പനകളോടു ഞാൻ വിശ്വസ്തയായിരിക്കും. അവിടുത്തെ ഇഷ്ടംപോലെ എന്നോടു വർത്തിക്കുക. ഓ കർത്താവേ, എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്നു ഞാൻ യാചിക്കുന്നു.”

ഖണ്ഡിക – 137
പെട്ടെന്ന്, ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും ബലിയർപ്പണത്തിനു സമ്മതം നൽകിയപ്പോൾ, ദൈവസാന്നിധ്യത്താൽ ഞാൻ പൂരിതയായി. എന്റെ ആത്മാവ് ദൈവത്തിൽ നിമഗ്നയായി. പറഞ്ഞറിയിക്കാൻ വയ്യാത്തവിധം (ഒരംശം പോലും എഴുതി അറിയിക്കാൻ വയ്യാത്തവിധം) ആനന്ദത്താൽ ഞാൻ നിറഞ്ഞു കവിഞ്ഞൊഴുകി. അവിടുത്തെ മഹത്വം എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അസാധാരണമാംവിധം ദൈവവുമായി ഞാൻ സംയോജിക്കപ്പെട്ടു. ദൈവം എന്നിൽ സംപ്രീതനായിയെന്ന് ഞാനറിഞ്ഞു. പകരം, എന്റെ ആത്മാവ് ദൈവത്തിൽ നിമഗ്നമായി. ദൈവവുമായുള്ള ഈ ഐക്യത്തെ മനസ്സിലാക്കിയപ്പോൾ, ഞാൻ പ്രത്യേകമായി സ്നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ടു. ഞാൻ
പൂർണ്ണാത്മാവോടെ ദൈവത്തെ തിരിച്ചും സ്നേഹിച്ചു. ആ ആരാധനയിൽ ഒരു വലിയ രഹസ്യം സംഭവിച്ചു; കർത്താവും ഞാനുമായുള്ള ഒരു നിഗൂഢ രഹസ്യം. അവിടുത്തെ നോട്ടത്തിൽത്തന്നെ സ്നേഹം കൊണ്ട് ഞാൻ മരിച്ചുപോകുമെന്നുപോലും തോന്നി. ഒരു വാക്കുപോലും പറയാതെതന്നെ കർത്താവുമായി ഞാൻ വളരെ സംസാരിച്ചു. കർത്താവ് എന്നോടു പറഞ്ഞു, നീ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്. ഇന്നുമുതൽ നിന്റെ എല്ലാ പ്രവൃത്തികളും അവ എത്ര ചെറുതാണെങ്കിലും, നീ എന്തുചെയ്താലും അതെല്ലാം എന്റെ നയനങ്ങൾക്ക് ആനന്ദമാണ്. ആ സമയത്ത് ഞാൻ രൂപാന്തരപ്പെട്ടതായി തോന്നി. എന്റെ ഭൗതികശരീരം അതുപോലെയിരുന്നു; എന്നാൽ എന്റെ ആത്മാവിന് വ്യതിയാനം സംഭവിച്ചു. ഇപ്പോൾ ദൈവം തന്റെ പൂർണ്ണ ആനന്ദത്തോടെ അതിൽ വസിക്കുകയായിരുന്നു. ഇത് ഒരു തോന്നലല്ല, ഒന്നിനും മറയ്ക്കാൻ സാധിക്കാത്ത ബോധപൂർണ്ണമായ സത്യമാണ്.

ഖണ്ഡിക – 138
ദൈവവും ഞാനുമായി ഒരു വലിയ നിഗൂഢരഹസ്യം സഫലമായി. എന്റെ ആത്മാവിൽ ധൈര്യവും ശക്തിയും സംജാതമായി. ആരാധന കഴിഞ്ഞപ്പോൾ, മുമ്പു ഞാൻ ഭയപ്പെട്ടിരുന്നതെല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശക്തി ലഭിച്ചു. ഞാൻ ഇടനാഴിയിലേക്കു വന്നപ്പോൾ ഒരു പ്രത്യേക വ്യക്തിയിൽനിന്നു വലിയ സഹനവും എളിമപ്പെടുത്തലും എന്നെ കാത്തിരിക്കുകയായിരുന്നു. വളരെ
മനോദാർഢ്യത്തോടുകൂടി ഞാൻ അതു സ്വീകരിച്ചുകൊണ്ട് ഈശോയുടെ ഏറ്റം മാധുര്യമുള്ള തിരുഹൃദയത്തെ ഗാഢമായി ആലിംഗനം ചെയ്തു. ഞാൻ എന്തിനുവേണ്ടി സമർപ്പിച്ചുവോ അതിനു ഞാൻ തയ്യാറാണെന്ന് അവിടുത്തേക്ക് മനസ്സിലാക്കിക്കൊടുത്തു.

സഹനങ്ങൾ ഭൂമിയിൽനിന്നു പൊട്ടിവരുന്നതായി തോന്നി. മദർ മാർഗരറ്റുപോലും അത്ഭുതപ്പെട്ടു. മറ്റുള്ളവരെ സംബന്ധിച്ച് പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു; എന്നാൽ, എന്റെ കാര്യത്തിൽ ഒന്നും ശ്രദ്ധിക്കപ്പെടാതിരിക്കുന്നില്ല; ഓരോ വാക്കും വിശകലനം ചെയ്യപ്പെടുന്നു, ഓരോ പ്രവൃത്തിയും നിരീക്ഷിക്കപ്പെടുന്നു. ഒരു സിസ്റ്റർ എന്നോടു പറഞ്ഞു, “സിസ്റ്റർ”, മദർ സുപ്പീരിയറിന്റെ കൈയിൽനിന്ന് ഒരു ചെറിയ കുരിശു സ്വീകരിക്കാൻ ഒരുങ്ങിക്കൊള്ളുക. എനിക്കു നിന്നോടു സഹതാപം തോന്നുന്നു.” എന്നാൽ, എന്നെ സംബന്ധിച്ച് അന്തരാത്മാവിൽ ഞാൻ ആനന്ദിക്കുകയായിരുന്നു. വളരെ നാളായി ഞാൻ അതിനു തയ്യാറാകുകയായിരുന്നു. എന്റെ ധൈര്യം കണ്ടപ്പോൾ അവൾക്ക് അത്ഭുതമായി. ഒരാത്മാവിനു തനിയെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല, എന്നാൽ കർത്താവിനോടു കൂടി അതിന് എല്ലാം സാധ്യമാണെന്നു ഞാൻ ഇപ്പോൾ അറിയുന്നു. എന്തെല്ലാം ദൈവകൃപയ്ക്കു ചെയ്യാൻ സാധിക്കും എന്നുകാണുക. ദൈവകൃപയെ കാംക്ഷിക്കുന്നവർ വളരെ വിരളമാണ്. ആ ഉൾപ്രേരണകളെ വിശ്വസ്തതയോടെ അനുധാവനംചെയ്യുന്നവർ അതിലും കുറവാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles