ദൈവം നല്‍കിയ പരീക്ഷണങ്ങളില്‍ നിന്ന് ഫൗസ്റ്റീനയ്ക്ക് എന്തെല്ലാം സത്യങ്ങളാണ് മനസ്സിലായത്?

ദൈവം ചിലപ്പോള്‍ കര്‍ക്കശക്കാരായ കുമ്പസാരക്കാരിലൂടെ സംസാരിക്കും എന്ന് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. ദൈവം നല്‍കിയ പരീക്ഷണങ്ങളില്‍ നിന്ന് ഫൗസ്റ്റീനയ്ക്ക് മനസ്സിലായ കാര്യങ്ങളെക്കുറിച്ചാണ് നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 134
ഓ എന്റെ ഈശോയേ, എന്റെ ഈ ഹ്രസ്വജീവിതത്തിൽ എത്രയോ പ്രാവശ്യം അങ്ങ് എന്നെ പരീക്ഷിച്ചു. പലകാര്യങ്ങളും എനിക്കു മനസ്സിലായി; അവയെപ്പറ്റി ഞാൻ ഇപ്പോൾ വിസ്മയിക്കുന്നു. ഓ, ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കുന്നതും, തന്റെ ആത്മാവിൽ പ്രവർത്തിക്കാൻ ദൈവത്തിനു പൂർണ്ണസ്വാതന്ത്ര്യം നൽകുന്നതും എത്ര ആനന്ദപ്രദമാണ്.

ഖണ്ഡിക – 135
എന്റെ അനിത്യവ്രതത്തിന്റെ മൂന്നാംവർഷം ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാൻ എന്നെത്തന്നെ അവിടുത്തേക്ക് സമർപ്പിക്കണമെന്നു കർത്താവ്
എനിക്കു മനസ്സിലാക്കിത്തന്നു. ഒരു ബലിവസ്തുവായി അവിടുത്തെ മുമ്പിൽ എപ്പോഴും ഞാൻ നിൽക്കണം. ആദ്യമെല്ലാം വളരെ ഭയപ്പെട്ടു. ഞാൻ തീർത്തും നികൃഷ്ടയാണെന്ന് എനിക്കുതന്നെ തോന്നി. അങ്ങനെതന്നെയാണെന്നു ഞാനറിഞ്ഞു. ഞാൻ കർത്താവിനോടു വീണ്ടും പറഞ്ഞു: “ഞാൻ ഒരു നികൃഷ്ടജീവിയാണ്; എങ്ങനെ എനിക്ക് (മറ്റുള്ളവർക്കുവേണ്ടി) ബലിയാകാൻ സാധിക്കും?”

ഇത് നിനക്ക് ഇന്നു മനസ്സിലാവുകയില്ല. നാളെ, നിന്റെ ആരാധനയുടെ സമയത്ത് ഞാനതു മനസ്സിലാക്കിത്തരും. ഈ വാക്കുകൾ എന്റെ ആത്മാവിൽ ആഴമായി പതിഞ്ഞു, എന്റെ ഹൃദയവും ആത്മാവും വിറകൊണ്ടു. ദൈവവചനം ജീവിക്കുന്നു. ആരാധനയ്ക്കായി വന്നപ്പോൾ, അഗ്രാഹ്യവും അനന്തമഹത്വമുള്ളതുമായ ജീവിക്കുന്ന ദൈവത്തിന്റെ ആലയത്തിൽ പ്രവേശിച്ച പ്രതീതിയാണ് എന്റെ ആത്മാവിന് അനുഭവപ്പെട്ടത്. അവിടുത്തെ സന്നിധിയിൽ ഏറ്റവും വിശുദ്ധമായ ആത്മാവിന്റെ പോലും അവസ്ഥ എപ്രകാരമാണെന്ന് എനിക്കു മനസ്സിലാക്കിത്തന്നു.

പുറമെ ഞാൻ ഒന്നും കണ്ടില്ലെങ്കിലും, ദൈവസാന്നിധ്യത്താൽ ഞാൻ പൂരിതയായി. ആ നിമിഷത്തിൽ എന്റെ ബുദ്ധി അതിശയകരമാംവിധം പ്രകാശിതമായി. എനിക്ക് ഒരു ആത്മീയദർശനം ലഭിച്ചു; അത് ഒലിവുമലയിൽ ഈശോയ്ക്കുണ്ടായ ദർശനംപോലെയായിരുന്നു. ആദ്യം ശാരീരികമായ സഹനം, എല്ലാ സാഹചര്യങ്ങളും അതിന്റെ തീവ്രത കൂട്ടി; (പിന്നീട്) ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ആത്മീയസഹനങ്ങൾ അതിന്റെ പൂർണ്ണ വ്യാപ്തിയിൽ! എല്ലാം ഈ ദർശനത്തിൽ കടന്നുവന്നു. തെറ്റിദ്ധാരണകൾ, സൽപ്പേരിനു കളങ്കം. ഞാനിവിടെ ചുരുക്കിപ്പറയുകയാണ്, ഈ സമയത്ത് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളിൽനിന്ന്ഒട്ടും വ്യത്യസ്തമല്ലായിരുന്നു പിന്നീട് ഞാൻ കടന്നുപോയ അനുഭവങ്ങൾ. അവ അത്രയ്ക്കു സുവ്യക്തമായിരുന്നു. എന്റെ പേര്  “ബലി” എന്നായി.

ദർശനം അവസാനിച്ചപ്പോൾ ഞാൻ വിയർത്തു കുളിച്ചു. ഇതിന് സമ്മതം നൽകിയില്ലെങ്കിലും, ഞാൻ രക്ഷിക്കപ്പെടുമെന്നും അവിടുത്തെ കൃപാവർഷം കുറയുകയില്ലെന്നും അവിടുന്നുമായി ഈ ഉറ്റസമ്പർക്കം തുടർന്നുകൊണ്ടുപോകുമെന്നും ഈശോ എനിക്കു വെളിപ്പെടുത്തിത്തന്നു. ഞാൻ ഈ ബലിസമർപ്പണത്തിനു തയ്യാറായില്ലെങ്കിലും, അതുമൂലം ദൈവത്തിന്റെ ഔദാര്യം കുറയുന്നില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles