കുമ്പസാരക്കാരിലൂടെ ചിലപ്പോള്‍ അവര്‍ പോലുമറിയാതെ ദൈവം സംസാരിക്കുമോ?

സഹനങ്ങളലൂടെ കടന്നു പോകുന്ന ഫൗസ്റ്റീനയുടെ സഹായത്തിനായി യേശു അണയുന്നതാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ദൈവം ചിലപ്പോള്‍ കര്‍ക്കശക്കാരായ കുമ്പസാരക്കാരിലൂടെ സംസാരിക്കും എന്ന് സ്വന്തം അനുഭവത്തിലൂടെ ഫൗസ്റ്റീന പറയുന്നതാണ്‌ നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 132
ഞാൻ വീണ്ടും സൂചിപ്പിക്കുകയാണ്: പലകുമ്പസാരക്കാരും കാര്യങ്ങൾ സുഗമമായി മുമ്പോട്ടുപോകുമ്പോൾ നല്ല ആത്മീയപിതാക്കന്മാരായി വർത്തിക്കും. എന്നാൽ ആത്മാവിന് കൂടുതൽ സഹായം ആവശ്യമായിവരുമ്പോൾ അവർ ആത്മാവിനെ മനസ്സിലാക്കാതെയോ, മനസ്സിലാക്കാൻ സാധിക്കാതെയോ പരിഭ്രമിച്ചുപോകും. എത്രയും വേഗം ആ വ്യക്തിയെ ഒഴിവാക്കിക്കിട്ടാൻ അവർ ശ്രമിക്കും. എന്നാൽ, ആത്മാവ് എളിമയുള്ളതാണെങ്കിൽ അതിന് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഇതു ഗുണംചെയ്യും. അതിന്റെ എളിമയും വിശ്വാസവും മൂലം ദൈവംതന്നെ ആത്മാവിന് ആവശ്യമായ പ്രകാശം നൽകും. കുമ്പസാരക്കാരൻ തന്നെ താൻ ഒരിക്കലും പറയാൻ ഉദ്ദേശിക്കാതിരുന്ന കാര്യങ്ങൾ അറിയാതെ പറഞ്ഞുപോകും. ഓ, ഈ വചനങ്ങൾ കർത്താവിന്റെതന്നെ വചനങ്ങളാണെന്ന് ആത്മാവു വിശ്വസിക്കട്ടെ! കുമ്പസാരക്കൂട്ടിൽ പറയുന്ന ഓരോ വാക്കും

കർത്താവിന്റെ വചനങ്ങളായിത്തന്നെ നാം കരുതണം. എന്നാൽ, ഞാൻ മുമ്പു സൂചിപ്പിച്ചവ കർത്താവിൽ നിന്നു വരുന്നതായി കരുതണം. വൈദികന് തന്നെത്തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ താൻ പറയാൻ ആഗ്രഹിക്കാത്തവ സംസാരിക്കുകയാണെന്ന് ആത്മാവു മനസ്സിലാക്കണം. ഇപ്രകാരമാണ് കർത്താവു വിശ്വാസത്തിനു പ്രതിസമ്മാനം നൽകുന്നത്. ഞാൻ തന്നെ പലപ്പോഴും ഇത് അനുഭവിച്ചിട്ടുണ്ട്. വളരെ പണ്ഡിതനായ ഒരു വന്ദ്യവൈദികന്റെ (ഫാ. വിൽകോവ്സ്കി -Fr. Wilkowski – ആയിരിക്കാം, പോട്സ്കിലെ സിസ്റ്റേഴ്സിന്റെ കുമ്പസാരക്കാരൻ) അടുത്തു ചിലപ്പോഴെല്ലാം ഞാൻ കുമ്പസാരിക്കാൻ പോകുമായിരുന്നു. ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം എതിർക്കുകയും, എപ്പോഴും വളരെ കാർക്കശ്യത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, “സിസ്റ്റർ, ഇതു മനസ്സിലാക്കുക. ദൈവം നിന്നിൽനിന്ന് ഇത് ആവശ്യപ്പെടുന്നെങ്കിൽ നീ എതിർത്തു നിൽക്കരുത്. ഇപ്രകാരം പുകഴ്ത്തപ്പെടാൻ ചില സന്ദർഭങ്ങളിൽ ദൈവം ആഗ്രഹിക്കുന്നു. സമാധാനമായിരിക്കുക; ദൈവം ആരംഭിച്ചത് അവിടുന്നുതന്നെ പൂർത്തിയാക്കും. എന്നാൽ, ഞാൻ നിന്നോടു പറയുന്നു: ദൈവത്തോടു വിശ്വസ്തതയും എളിമയുമുള്ളവൾ ആയിരിക്കുക. വീണ്ടും ഞാൻ പറയുന്നു: എളിമയുണ്ടായിരിക്കുക. ഞാൻ ഇന്നു നിന്നോടു പറഞ്ഞവ എപ്പോഴും നിന്റെ മനസ്സിലുണ്ടായിരിക്കട്ടെ.” എനിക്കു വളരെ സന്തോഷമായി. ഒരുപക്ഷേ ഈ വൈദികൻ എന്നെ മനസ്സിലാക്കിക്കാണും എന്നു ഞാൻ വിചാരിച്ചു. എന്നാൽ, വീണ്ടും അദ്ദേഹത്തിന്റെ അടുക്കൽ കുമ്പസാരിക്കാൻ എനിക്കവസരം ലഭിച്ചില്ല.

ഖണ്ഡിക – 133
ഒരിക്കൽ പ്രായമായ മഠാധിപകളിൽ ഒരാൾ (മദർ ജയിൻ ആയിരിക്കാം) എന്നെ വിളിച്ചു കഠിനമായി ശകാരിച്ചു. എന്തു സംബന്ധിച്ചാണെന്നുപോലും എനിക്കു മനസ്സിലായില്ല. എന്നാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു കാര്യത്തെപ്പറ്റിയായിരുന്നെന്ന് പിന്നീട് എനിക്കു മനസ്സിലായി. അവർ എന്നോടു പറഞ്ഞു, “സിസ്റ്റർ, ഇത്രമാത്രം പോരായ്മകളുള്ള നിന്നെപ്പോലുള്ള നികൃഷ്ടവ്യക്തികളോട് കർത്താവീശോ ഇത്ര ഉറ്റബന്ധം പുലർത്തുമെന്ന വിചാരം നിന്റെ തലയിൽനിന്ന് എടുത്തുമാറ്റുക! വിശുദ്ധരായ ആത്മാക്കളുമായി മാത്രമേ കർത്താവീശോ ഇപ്രകാരം ബന്ധപ്പെടുകയുള്ളു.” അവർ പറഞ്ഞതു ശരിയാണെന്നു

ഞാൻ അംഗീകരിച്ചു. കാരണം, ഞാൻ തീർത്തും ഒരു നികൃഷ്ടവ്യക്തിതന്നെയാണ്; എങ്കിലും ദൈവത്തിന്റെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു. കർത്താവിനെ കണ്ടപ്പോൾ ഞാൻ എളിമയോടെ പറഞ്ഞു: “ഈശോയേ, നികൃഷ്ടയായ എന്നെപ്പോലുള്ളവരോട് അങ്ങ് ഉറ്റ സമ്പർക്കം പുലർത്തുകയില്ലെന്നു കേൾക്കുന്നല്ലോ”. എന്റെ മകളേ, സമാധാനമായിരിക്കുക, ഇപ്രകാരമുള്ള നികൃഷ്ടതയിലാണ് എന്റെ കരുണയുടെ ശക്തി വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നത്. ഈ മഠാധിപ എന്നെ ഗുണകരമായ എളിമപ്പെടുത്തലിനു വിധേയയാക്കുകയായിരുന്നുവെന്നു ഞാൻ മനസ്സിലാക്കി.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles