തന്റെ ആത്മാവിലെ ദൈവവുമായുള്ള കൂടിക്കാഴ്ചകൾ ഫൗസ്റ്റീന ഒഴിവാക്കാന്‍ തുടങ്ങിയതെന്തു കൊണ്ട്?

എല്ലാ കഷ്ടതകളും മൗനമായി സഹിക്കുന്ന ഫൗസ്റ്റീനയെയാണ്  നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. സഹനങ്ങളലൂടെ കടന്നു പോകുന്ന ഫൗസ്റ്റീനയുടെ സഹായത്തിനായി യേശു അണയുന്നതാണ് നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 129
ഇപ്രകാരമുള്ള സന്ദർഭങ്ങൾ എപ്പോഴും സാത്താൻ മുതലെടുക്കുന്നു; നിരുത്സാഹപ്പെടുത്തുന്ന ചിന്തകൾ മനസ്സിൽ പൊങ്ങിവന്നു – ഇതാണ് നിന്റെ വിശ്വസ്തതയ്ക്കും ആത്മാർത്ഥതയ്ക്കുമുള്ള സമ്മാനം. ഒരാൾ ഇപ്രകാരം തെറ്റിദ്ധരിക്കപ്പെടുമ്പോൾ എങ്ങനെ അവർക്ക് ആത്മാർത്ഥതയുണ്ടാകും? ഈശോയേ, എനിക്കു മുന്നോട്ടുപോകാൻ സാധ്യമല്ല. ഈ ഭാരത്താൽ ഞാൻ വീണ്ടും നിലത്തുവീണുപോയി. ഞാൻ വിയർപ്പിൽ കുളിച്ചു. ഭയം എന്നെ വിഴുങ്ങാൻ തുടങ്ങി. ആന്തരികമായ സഹായത്തിന് എനിക്ക് ആരുമില്ലായിരുന്നു. പെട്ടെന്ന് എന്റെ അന്തരംഗത്തിൽ ഞാനൊരു സ്വരം കേട്ടു,
ഭയപ്പെടേണ്ട; ഞാൻ നിന്റെ കൂടെയുണ്ട്. അസാധാരണമായ ഒരു വെളിച്ചം എന്റെ മനസ്സിനെ പ്രകാശിപ്പിച്ചു. ഇപ്രകാരമുള്ള പരിദേവനങ്ങൾക്കു ഞാൻ അടിമപ്പെടരുത് എന്നു ഞാൻ മനസ്സിലാക്കി. പ്രത്യേകമായ ഒരു ശക്തി എനിക്കു ലഭിച്ചു. സഹിക്കാനുള്ള ഒരു നവശക്തി സ്വീകരിച്ച് എന്റെ മുറിയിൽനിന്നു ഞാൻ പുറത്തുവന്നു.

ഖണ്ഡിക – 130
എന്നിരുന്നാലും ഞാൻ അല്പം ശ്രദ്ധക്കുറവുള്ളവളായി. ആന്തരികമായ ഉൾപ്രേരണകളെ ഞാൻ അവഗണിച്ചു, മറ്റുകാര്യങ്ങളിലേക്കു ശ്രദ്ധതിരിച്ചു. എന്നാൽ ഈ സ്വരങ്ങൾക്കും ശ്രദ്ധതിരിക്കലിനും ഉപരിയായി എന്റെ ആത്മാവിൽ സംഭവിക്കുന്നത് എന്തെന്ന് ഞാൻ അറിഞ്ഞിരുന്നു. ദൈവത്തിന്റെ വചനങ്ങൾ വളരെ
വ്യക്തമായിരുന്നു, ഒന്നിനും അതിനെ അടിച്ചമർത്താൻ സാധിക്കുകയില്ല. എന്റെ ആത്മാവിലെ ദൈവവുമായുള്ള കൂടിക്കാഴ്ചകൾ ഞാൻ ഒഴിവാക്കാൻ തുടങ്ങി. എന്തെന്നാൽ മായാദർശനങ്ങൾക്ക് ഇരയാവാൻ ഞാൻ ആഗ്രഹിച്ചില്ല. ഒരുവിധത്തിൽ പറഞ്ഞാൽ, ദൈവം തന്റെ കൃപകളുമായി എന്നെ അനുധാവനം ചെയ്തുകൊണ്ടിരുന്നു. സത്യം പറഞ്ഞാൽ പീഡനവും ആനന്ദവും ഞാൻ മാറിമാറി അനുഭവിച്ചു. ഈ സമയങ്ങളിൽ ദൈവം തന്ന പലതരം ദർശനങ്ങളെയും കൃപകളെയുംപറ്റി ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല. മറ്റൊരിടത്ത് അത് എഴുതിയിട്ടുണ്ട് .

ഖണ്ഡിക – 131
എന്നാൽ ഈ സഹനങ്ങളെല്ലാം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു എന്നു മാത്രം ഞാൻ സൂചിപ്പിക്കുന്നു. എന്റെ നിത്യവതത്തിനുമുമ്പ് ഈ സംശയങ്ങൾക്ക് അറുതിവരുത്തണമെന്നു ഞാൻ തീരുമാനിച്ചു. എന്റെ പരിശീലനകാലം മുഴുവൻ
എന്റെ ആത്മാവിന്റെ കാര്യങ്ങളെല്ലാം ആഴത്തിൽ തുറന്നു സംസാരിക്കേണ്ടിയിരുന്ന വൈദികനു വെളിച്ചം കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ദൈവംതന്നെ എന്നെ സഹായിക്കണമെന്നും, ദൈവവുമായുള്ള എന്റെ ഏറ്റവും രഹസ്യ സംസർഗ്ഗങ്ങളെപ്പോലും വെളിപ്പെടുത്താനും, വൈദികൻ നിർദ്ദേശിക്കുന്നവ ഈശോയിൽനിന്നുതന്നെ വരുന്നതായി കരുതി അനുസരിക്കാനുമുള്ള കൃപയ്ക്കായി ഞാൻ പ്രാർത്ഥിച്ചു.

അദ്ദേഹം എന്നെപ്പറ്റി എന്തു വിചാരിച്ചാലും സാരമില്ല, പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയും സത്യവും അറിയണമെന്നു ഞാൻ നിശ്ചയിച്ചു. ദൈവകരങ്ങളിൽ പൂർണ്ണമായും എന്നെ സമർപ്പിച്ചു. എന്റെ ആത്മാവ് സത്യം അറിയാനായി വാഞ്ഛിക്കുന്നു. സന്നിഗ്ദ്ധാവസ്ഥയിൽ തുടരാൻ എനിക്കു സാധ്യമല്ല. ഇതെല്ലാം ദൈവത്തിൽനിന്നാണെന്നും, ഇതിനായി എന്റെ ജീവൻ പോലും അർപ്പിക്കാൻ തയ്യാറായിരുന്നെന്നും എന്റെ അന്തരാത്മാവിൽ എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നെങ്കിലും ഈ സന്നിഗ്ദ്ധാവസ്ഥയിൽ തുടരാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നിരുന്നാലും, കുമ്പസാരക്കാരന്റെ അഭിപ്രായത്തിനു ഞാൻ മുൻതൂക്കം നൽകി, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുകയും, എനിക്കു നൽകുന്ന ഉപദേശങ്ങൾ അനുവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.

എന്റെ ഭാവിജീവിതത്തെ നിർണ്ണയിക്കുന്ന ആ നിമിഷത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. എല്ലാം ഇതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഞാൻ അറിഞ്ഞു. അദ്ദേഹം എന്റെ ഉൾപ്രേരണകൾക്ക് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചാലും അതെനിക്ക് ഒരു പ്രശ്നമായിരുന്നില്ല. അതൊന്നും എന്നെ അലട്ടിയിരുന്നില്ല. സത്യം അറിയണമെന്നും അത് അനുവർത്തിക്കണമെന്നും മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു. 

ഈശോയേ, അങ്ങേക്കെന്നെ സഹായിക്കാൻ സാധിക്കും! ഈ നിമിഷം മുതൽ ഞാൻ നവമായി ആരംഭിക്കുകയാണ്. എന്റെ ആത്മാവിൽ എല്ലാ കൃപകളും സംഗ്രഹിച്ച്, അങ്ങ് അയയ്ക്കുന്നവനുവേണ്ടി കാത്തിരിക്കുന്നു. സംശയലേശമെന്യേ, ഈ നിമിഷങ്ങളിൽ കർത്താവുതന്നെ എന്നെ സഹായിക്കാൻ കനിയണമെന്ന് ഞാൻ പ്രാർത്ഥിച്ചു. എനിക്ക് ആത്മധൈര്യം ലഭിച്ചു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles