ഫൗസ്റ്റീന ഒരു കള്ളിയാണെന്ന് മറ്റുള്ളവർ ധരിക്കാൻ ഇടവന്നത് എന്തു കൊണ്ട് ?

തനിക്ക് പ്രത്യക്ഷപ്പെടുന്ന യേശു ഭൂതമാണോ എന്ന് സംശയിക്കുന്ന വിധത്തില്‍ സഹനത്തിലൂടെ കടന്നു പോകുന്ന ഫൗസ്റ്റീനയെയാണ് നാം കാണുന്നത്. എല്ലാ കഷ്ടതകളും മൗനമായി സഹിക്കുന്ന ഫൗസ്റ്റീനയെയാണ് നാം ഈ ലക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 126
എങ്കിലും, എല്ലാം നിശ്ശബ്ദമായി സഹിക്കാൻ ഞാൻ തീരുമാനിച്ചു, ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം ഒരു വിശദീകരണവും ഞാൻ നൽകിയില്ല. എന്റെ നിശ്ശബ്ദത
പലരേയും, പ്രത്യേകിച്ച് കൂടുതൽ ജിജ്ഞാസയുള്ളവരെ പ്രകോപിപ്പിച്ചു. ആഴമായി ചിന്തിച്ചവർ പറഞ്ഞു, “സി. ഫൗസ്റ്റീന ദൈവവുമായി വളരെ അടുപ്പത്തിലാണ്. അല്ലെങ്കിൽ ഇത്രയേറെ സഹിക്കാനുള്ള ശക്തി അവൾക്ക് ഉണ്ടാകുമായിരുന്നില്ല”. അങ്ങനെ ഞാൻ രണ്ടു തരത്തിലുള്ള ന്യായാധിപന്മാരെ അഭിമുഖീകരിക്കുന്ന പ്രതീതിയായിരുന്നു. ആന്തരികവും ബാഹ്യവുമായ നിശ്ശബ്ദത പാലിക്കാൻ ഞാൻ ശ്രമിച്ചു. പല സിസ്റ്റേഴ്സും എന്നെ നേരിട്ടു ചോദ്യംചെയ്തെങ്കിലും, ഞാൻ എന്നെപ്പറ്റി ഒന്നും വെളിപ്പെടുത്തിയില്ല. ഞാൻ നിശ്ശബ്ദയായിരുന്നു. ഒരു ആവലാതിയും കൂടാതെ മാടപ്രാവിനെപ്പോലെ എല്ലാം സഹിച്ചു. പല സിസ്റ്റേഴ്സും അവർക്കു പറ്റുന്നവിധം എന്നെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തി. എന്റെ ക്ഷമ അവരെ പ്രകോപിപ്പിച്ചു. കർത്താവ് വളരെ ആത്മശക്തി തന്നതിനാൽ ഞാൻ എല്ലാം ക്ഷമയോടെ സഹിച്ചു.

ഖണ്ഡിക – 127
ഇത്തരം സന്ദർഭങ്ങളിൽ ആരും എന്റെ സഹായത്തിനുണ്ടാവുകയില്ലെന്നു മനസ്സിലാക്കി ഒരു കുമ്പസാരക്കാരനുവേണ്ടി കർത്താവിനോടു കേണപേക്ഷിച്ചു.
ഏതെങ്കിലും ഒരു വൈദികൻ എന്നോട് ഇപ്രകാരം പറയണമെന്നതായിരുന്നു എന്റെ ഒരേയൊരാഗ്രഹം, “സമാധാനമായിരിക്കുക, നീ ശരിയായ മാർഗ്ഗത്തിലാണു സഞ്ചരിക്കുന്നത്.” അല്ലെങ്കിൽ “ഇതെല്ലാം ഉപേക്ഷിക്കുക, ഇതൊന്നും ദൈവത്തിൽനിന്നല്ല”. ദൈവനാമത്തിൽ ഖണ്ഡിതമായ അഭിപ്രായം പറയാൻ മാത്രം ഉറപ്പുള്ള ഒരു വൈദികനെയും ഞാൻ കണ്ടുമുട്ടിയില്ല. അതിനാൽ അനിശ്ചിതത്വം തുടർന്നും അനുഭവിച്ചുകൊണ്ടിരുന്നു. ഓ ഈശോയേ, ഞാൻ ഇപ്രകാരമുള്ള അനിശ്ചിതത്വത്തിൽ ജീവിക്കണമെന്നതാണ് അങ്ങേ ഹിതമെങ്കിൽ അവിടുത്തെ നാമം മഹത്വപ്പെടട്ടെ! കർത്താവേ, അങ്ങുതന്നെ എന്റെ ആത്മാവിനെ നയിക്കുക; എന്റെ കൂടെ ആയിരിക്കുക; എന്തെന്നാൽ ഞാൻ നിസ്സാരയാണ്.

ഖണ്ഡിക – 128
ഇപ്രകാരം എല്ലാ വശത്തു നിന്നും ഞാൻ വിധിക്കപ്പെട്ടു. സിസ്റ്റേഴ്സിന്റെ വിധിത്തീർപ്പിന് ഇരയാകാത്ത ഒന്നും എന്നിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാം കെട്ടടങ്ങിയെന്നു തോന്നുന്നു, അവരെന്നെ ശല്യപ്പെടുത്തുന്നില്ല. എന്റെ പീഡിപ്പിക്കപ്പെട്ട ആത്മാവിന് ആശ്വാസം ലഭിച്ചു. ഇപ്രകാരമുള്ള പീഡനസമയങ്ങളിലാണു കർത്താവ് ഏറ്റം സമീപസ്ഥനായിരിക്കുന്നത് എന്നു ഞാൻ മനസ്സിലാക്കി. എന്നാൽ ഇത് ഒരു തൽക്കാല വിരാമമായിരുന്നു. തീവ്രമായ പ്രശ്നങ്ങൾ വീണ്ടും സംജാതമായി. പഴയ സംശയങ്ങൾ സത്യമായ കാര്യങ്ങളായി ഇപ്പോൾ അവർക്കു തോന്നി. വീണ്ടും എനിക്കു പഴയ പല്ലവിതന്നെ കേൾക്കേണ്ടിവന്നു. കർത്താവ് അങ്ങനെയാണ് ആഗ്രഹിച്ചത്. വിചിത്രമെന്നു പറയട്ടെ, ബാഹ്യമായും വളരെ വീഴ്ചകൾ ഞാൻ അനുഭവിക്കാൻ തുടങ്ങി. ദൈവംമാത്രം അറിയുന്ന എല്ലാത്തരത്തിലുമുള്ള വളരെ സഹനങ്ങൾ ഞാൻ അനുഭവിക്കേണ്ടിവന്നു. 

ഹൃദയശുദ്ധിയോടെ എല്ലാം ചെയ്യാൻ കഴിയുംവിധം ഞാൻ പരിശ്രമിച്ചു. എല്ലായിടത്തും; ചാപ്പലിൽ, എന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, എന്തിന് എന്റെ മുറിയിൽ പോലും ഞാൻ ഒരു കള്ളിയായി വീക്ഷിക്കപ്പെട്ടു. ദൈവസാന്നിധ്യത്തോടൊപ്പം ഒരു മാനുഷികസാന്നിധ്യവും എപ്പോഴും എന്റെ സമീപത്തുണ്ടെന്ന് എനിക്കു ബോധ്യപ്പെട്ടു. ഈ മാനുഷികസാന്നിധ്യം ഒന്നിലധികം തവണ എന്നെ വളരെ ശല്യപ്പെടുത്തി. കുളിക്കാനായി വസ്ത്രം മാറണമോ വേണ്ടയോ എന്നുപോലും ഞാൻ പലപ്പോഴും സംശയിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കിടക്കപോലും പരിശോധനയ്ക്കു വിധേയമായി”. എന്റെ കിടക്കപോലും അവർ വെറുതെവിട്ടില്ലെന്നറിഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. ഞാൻ എപ്രകാരമാണു മുറിയിൽ പെരുമാറുന്നതെന്നു നിരീക്ഷിക്കാൻ എല്ലാ രാത്രിയും താൻ വരാറുണ്ടായിരുന്നെന്ന് സിസ്റ്റേഴ്സിൽ ഒരാൾ എന്നോടു പറഞ്ഞു.

എങ്കിലും, അധികാരികൾ എപ്പോഴും അധികാരികൾ തന്നെ. വ്യക്തിപരമായി എന്നെ എളിമപ്പെടുത്തുകയും, ചിലയവസരങ്ങളിൽ എന്നിൽ പലതരത്തിലുള്ള സംശയങ്ങൾ ജനിപ്പിക്കുകയും ചെയ്തെങ്കിലും, കർത്താവ് ആവശ്യപ്പെടുന്നതു ചെയ്യാൻ എപ്പോഴും അവർ അനുവദിച്ചിരുന്നു. ഞാൻ ആവശ്യപ്പെട്ടിരുന്ന രീതിയിലല്ല, മറ്റെന്തെങ്കിലും വിധത്തിൽ കർത്താവിന്റെ ആവശ്യങ്ങൾ അവർ നിറവേറ്റിയിരുന്നു. മാത്രമല്ല, (കർത്താവ് എന്നോട് ആവശ്യപ്പെട്ടിരുന്ന) എല്ലാ പ്രായശ്ചിത്തങ്ങളും പരിത്യാഗങ്ങളും ചെയ്യാൻ എന്നെ അനുവദിച്ചിരുന്നു.

ഒരു ദിവസം ഒരു മദർ (മദർ ജെയിൻ ആയിരിക്കാം) എന്നോടു വളരെ അരിശപ്പെട്ടു, എന്നെ വളരെ എളിമപ്പെടുത്തി, പിടിച്ചുനിൽക്കാൻ പറ്റുമോ എന്നുപോലും ഞാൻ സംശയിച്ചു. അവർ എന്നോടു പറഞ്ഞു, “ഉന്മാദിയായ കപടദർശനക്കാരീ! ഈ മുറിയിൽനിന്നു പുറത്തുപോകുക; എന്നിട്ട് നിന്റെയിഷ്ടംപോലെ ചെയ്യുക.” അവർക്കു ചിന്തിക്കാൻ പറ്റുന്നതെല്ലാം എന്റെ മേൽ ചൊരിഞ്ഞു. ഞാൻ എന്റെ മുറിയിൽ ചെന്ന് കുരിശിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് ഈശോയെ നോക്കി, എന്നാൽ ഒരക്ഷരം പോലും ഉരിയാടാൻ എനിക്കായില്ല. എന്നിട്ടും ഞാൻ മറ്റുള്ളവരിൽനിന്ന് എല്ലാം മറച്ചുവച്ചു, ഒന്നും സംഭവിക്കാത്തതുപോലെ അഭിനയിച്ചു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles