സഹിക്കുന്ന ആത്മാവിന്റെ സ്തുതിഗീതങ്ങള്‍ ആനന്ദപ്രദമാകുന്നത് എന്തു കൊണ്ടാണെന്നറിയാമോ?

ഖണ്ഡിക – 114
(54) 
+ ഓ സഹിക്കുന്ന ഒരു ആത്മാവിൽനിന്ന് ഒഴുകുന്ന സ്തുതിഗീതങ്ങൾ എത്ര ആനന്ദപ്രദമാണ്. ഇപ്രകാരമുള്ള ഒരാത്മാവിൽ സ്വർഗ്ഗം മുഴുവൻ ആനന്ദിക്കുന്നു. പ്രത്യേകിച്ച് ദൈവം അതിനെ പരീക്ഷിക്കുമ്പോൾ, ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹത്താൽ വിലപിക്കുമ്പോൾ, ദൈവത്തിൽനിന്നു വരുന്നതുകൊണ്ട് അതു വളരെ മനോഹരമാണ്. ദൈവസ്നേഹത്താൽ വ്രണിതയായി ജീവിതമാകുന്ന വനാന്തരത്തിലൂടെ ഒരുകാലുമാത്രം നിലത്തുറപ്പിച്ച്, ആത്മാവ് നടക്കുന്നു. ഈ പരീക്ഷണങ്ങളെ ഒരാത്മാവ് അതിജീവിക്കുമ്പോൾ അതു വളരെ വിനീതയാകുന്നു. അതിന്റെ നൈർമ്മല്യം വലുതാണ്. പ്രത്യേക സന്ദർഭങ്ങളിൽ എന്തു സ്വീകരിക്കണമെന്നും, എന്ത് ഉപേക്ഷിക്കണമെന്നും ചിന്തിക്കാതെതന്നെ വേഗത്തിൽ അതിനു മനസ്സിലാക്കാൻ സാധിക്കുന്നു. കൃപയുടെ മൃദുലസ്പർശംപോലും അതിനു മനസ്സിലാകുകയും, ദൈവത്തോട് വളരെ വിശ്വസ്തത പുലർത്തുകയും ചെയ്യുന്നു.

അകലെനിന്നുതന്നെ ദൈവത്തെ തിരിച്ചറിയുകയും, നിരന്തരം അവിടുന്നിൽ ആനന്ദിക്കുകയും ചെയ്യുന്നു. മറ്റുള്ള ആത്മാക്കളിലും, പൊതുവെ തന്റെ ചുറ്റുപാടിലും ദൈവത്തെ പെട്ടെന്നു കണ്ടെത്തുകയും ചെയ്യുന്നു. ദൈവത്താൽത്തന്നെ ആത്മാവ് പവിത്രീകരിക്കപ്പെടുന്നു. തികച്ചും ആത്മീയമായ ജീവിതത്തിലേക്ക് പൂർണ്ണ ആത്മാവായ ദൈവം ആത്മാവിനെ പ്രവേശിപ്പിക്കുന്നു. ദൈവംതന്നെ ആദ്യം ആത്മാവിനെ ഒരുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു; അതായത് അവിടുത്തേക്ക് അടുത്ത സമ്പർക്കം പുലർത്താൻ അതിനെ പ്രാപ്തയാക്കുന്നു. ഒരു സ്നേഹസമാധിയുടെ അവസ്ഥയിൽ ആത്മാവ് കർത്താവുമായി ആത്മീയ സമ്പർക്കത്തിലാകുന്നു. ഇന്ദ്രിയങ്ങളിൽക്കൂടിയല്ലാതെ ദൈവത്തോടു സംസാരിക്കുന്നു. ദൈവം തന്റെ പ്രകാശത്താൽ അതിനെ നിറയ്ക്കുന്നു.

പ്രകാശിതമായ മനസ്സ് വ്യക്തമായി എല്ലാം കാണുകയും, ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെയെല്ലാം വിവേചിച്ചറിയുകയും ചെയ്യുന്നു. എപ്പോഴെല്ലാമാണ് ദൈവവുമായുള്ള ഐക്യത്തിന് ഉലച്ചിൽ വന്നിട്ടുള്ളതെന്ന് അതു മനസ്സിലാക്കുന്നു. എവിടെയാണ് ഇന്ദ്രിയങ്ങൾ ഇടപെട്ടതെന്നും, അരൂപിയും ഇന്ദ്രിയങ്ങളുമായി ഉന്നതവും സവിശേഷവുമായ വിധത്തിൽ, എന്നാൽ പൂർണ്ണത പ്രാപിക്കാതെ, ബന്ധപ്പെട്ടതെന്നും അതു മനസ്സിലാക്കുന്നു. കൂടുതൽ ഉന്നതമായതും പൂർണ്ണതയുള്ളതുമായ ദൈവൈക്യമുണ്ട്. അതായത്, ബുദ്ധിപരമായ ഐക്യം, ഇവിടെ ആത്മാവ് മിഥ്യാബോധത്തിൽനിന്നു വിമുക്തയാണ്. അതിന്റെ ആത്മീയത കൂടുതൽ നിഷ്കളങ്കവും ആഴമുള്ളതുമാണ്. ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ജീവിതത്തിൽ മിഥ്യാദർശനത്തിന്റെ അപകടം കൂടുതലുണ്ട്. ആത്മാവിനും കുമ്പസാരക്കാരനും വളരെ വിവേകം ആവശ്യമാണ്. ചിലയവസരങ്ങളിൽ പൂർണ്ണമായും ആത്മീയമായ ഒരവസ്ഥയിലേക്ക് ആത്മാവിനെ ദൈവം പ്രവേശിപ്പിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് മന്ദത സംഭവിക്കുന്നു; തീർത്തും നിർജീവാവസ്ഥയിലേക്കു പോകുന്നു.

ആത്മാവ് ദൈവവുമായി ഏറ്റവും ഗാഢബന്ധത്തിലാകുന്നു. ദിവ്യത്വത്തിൽ അതു നിമഗ്നയാകുന്നു. അതിന്റെ അറിവ് പൂർണ്ണവും സമ്പൂർണ്ണവുമാണ്; ഉൽകൃഷ്ടവുമാണ്. മുമ്പ് സംഭവിച്ചിരുന്നതുപോലെ അപൂർവ്വമായ ഒന്നല്ല, എന്നാൽ തികച്ചും പൂർണ്ണവും യഥാർത്ഥവുമാണ്. ഇതിൽ അത് ആനന്ദിക്കുന്നു. പരീക്ഷണഘട്ടത്തെപ്പറ്റി കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സന്ദർഭങ്ങളിൽ കുമ്പസാരക്കാരന് ഇത്തരം ആത്മാക്കളോടു സഹിഷ്ണുത ഉണ്ടായിരിക്കണം. എന്നാൽ, ആത്മാവ് തന്നോടുതന്നെ കൂടുതൽ ക്ഷമ കാട്ടേണ്ടിയിരിക്കുന്നു.

ഖണ്ഡിക – 116
(55)
  എന്റെ ഈശോയേ, ഈ സഹനങ്ങളെപ്പറ്റി ഓർക്കുമ്പോൾത്തന്നെ എന്റെ ആത്മാവിൽ ഉളവാകുന്ന വികാരങ്ങൾ അങ്ങറിയുന്നുവല്ലോ. ഇപകാരം സഹിക്കുന്ന ആത്മാവിനെ കാണുമ്പോൾ മാലാഖമാരും വിശുദ്ധരും സമാധാനപ്പെടുന്നതു കണ്ട് ഞാൻ അത്ഭുതപ്പെടാറുണ്ട്. എങ്കിലും, ആ സമയങ്ങളിൽ അവർക്ക് നമ്മളോടു പ്രത്യേക സ്നേഹമുണ്ട്. ഒരമ്മ തന്റെ മുഖം മറയ്ക്കുമ്പോൾ അവളെ തിരിച്ചറിയാൻ സാധിക്കാതെ ഒരു കുഞ്ഞ് ഉറക്കെ കരയുന്നതുപോലെ, ഞാൻ പലപ്പോഴും ദൈവത്തിനുവേണ്ടി വിലപിച്ചിട്ടുണ്ട്. ഓ എന്റെ ഈശോയേ, ഈ സ്നേഹപരീക്ഷണങ്ങൾക്കായി അങ്ങേക്കു മഹത്വവും പുകഴ്ചയും ഉണ്ടാകട്ടെ! അങ്ങയുടെ കരുണ അളവറ്റതും അഗ്രാഹ്യവുമാണ്. നാഥാ! എന്റെ ആത്മാവിനുവേണ്ടി അങ്ങ് കരുതിയിരുന്നതെല്ലാം അങ്ങേ കരുണയിൽ പൂരിതമായവയായിരുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles