കുമ്പസാരംവഴി ആത്മാവിനു പ്രയോജനം ലഭിക്കാതിരിക്കുന്നതിന്റെ മൂന്നു കാരണങ്ങള്‍ ഏതെല്ലാമാണ്?

ഖണ്ഡിക – 111
(51)
  ഈ ആന്തരിക പീഡനങ്ങളുടെയിടയിലും, ചെറിയ തെറ്റുകൾ കുമ്പസാരത്തിൽ ഏറ്റുപറയുമ്പോൾ, ഞാൻ കൂടുതൽ മാരകമായ തെറ്റുകൾ ചെയ്യാത്തതിൽ ആശ്ചര്യപ്പെട്ടുകൊണ്ട് വൈദികൻ എന്നോടു പറഞ്ഞു, “സഹോദരീ! ഈ സഹനങ്ങളിൽ നീ ഇപ്രകാരം ദൈവത്തോട് വിശ്വസ്തത പാലിക്കുന്നതുതന്നെ, ദൈവമാണു നിന്നെ പ്രത്യേക കൃപയാൽ പരിപാലിക്കുന്നത് എന്നതിന്റെ തെളിവാണ്. നിനക്ക് ഇതു മനസ്സിലാക്കാൻ സാധിക്കാത്തതും വളരെ നല്ല കാര്യമാണ്.” ഫാദർ ആൻഡാഷിനേയും പിന്നീട് ഫാദർ സൊപോച്ച്ക്കോയെയും കണ്ടുമുട്ടുന്നതുവരെ ഒരു കുമ്പസാരക്കാരനും ഈവകകാര്യങ്ങളിൽ എന്നെ മനസ്സിലാക്കാനോ എന്റെ മനസ്സിന് ആശ്വാസം പകരാനോ സാധിച്ചിരുന്നില്ല എന്നത് വിസ്മയകരമാണ്.

ഖണ്ഡിക – 112
+ കുമ്പസാരത്തെയും കുമ്പസാരക്കാരെയും കുറിച്ച് ചില ചിന്തകൾ. ഞാൻ അനുഭവിച്ചതും, എന്റെ ആത്മാവിൽ അനുഭവിച്ചറിഞ്ഞതും മാത്രം ഞാൻ സംസാരിക്കാം. ഈ പ്രത്യേക സന്ദർഭങ്ങളിൽ കുമ്പസാരംവഴി ആത്മാവിനു പ്രയോജനം ലഭിക്കാതിരിക്കുന്നതിന്റെ മൂന്നു കാരണങ്ങളിൽ ഒന്ന്: അസാധാരണമായ പ്രവർത്തനങ്ങളെക്കുറിച്ച് കുമ്പസാരക്കാരന് അറിവു കുറവായിരുന്നാൽ ദൈവം ആത്മാവിൽ പ്രവർത്തിക്കുന്ന വലിയ രഹസ്യങ്ങൾ അദ്ദേഹത്തോടു വെളിപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുന്നു. ഇപ്രകാരം വിസ്മയപ്പെടുമ്പോൾ സൂക്ഷ്മ സംവേദനക്ഷമതയുള്ള ആത്മാവിനെ അത് ഭയപ്പെടുത്തുന്നു. കുമ്പസാരക്കാരൻ തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ മടിക്കുന്നതായി അതിനു മനസ്സിലാകുന്നു.

ഇത് ആത്മാവ് മനസ്സിലാക്കുകയാണെങ്കിൽ, അതിന് സമാധാനം ലഭിക്കുകയില്ല, മാത്രമല്ല, കുമ്പസാരത്തിനു മുമ്പുള്ളതിനെക്കാളും കൂടുതൽ സംശയങ്ങൾ കുമ്പസാരം കഴിഞ്ഞുണ്ടാകുന്നു. കാരണം, കുമ്പസാരക്കാരനുതന്നെ ഇതെല്ലാം സംശയമാണെന്നും തന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അത് അനുമാനിക്കുന്നു. അല്ലെങ്കിൽ എനിക്കു സംഭവിച്ച രീതിയിൽ, ആത്മാവിന്റെ ചില രഹസ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാൻ സാധിക്കാതെ, കുമ്പസാരക്കാരൻ ഭയന്ന് കുമ്പസാരം ശ്രവിക്കാൻ തയ്യാറാകാതെ വരുന്നു.

വൈദികന്റെ ഓരോ വാക്കിനും വേണ്ടി കാതോർത്തിരിക്കുന്ന ഒരാത്മാവിന് ഈ അവസ്ഥയിൽ കുമ്പസാരം വഴി എങ്ങനെ സമാധാനം ലഭിക്കും? എന്റെ അഭിപ്രായത്തിൽ, ഒരാത്മാവ് ദൈവത്താൽ പ്രത്യേക വിധത്തിൽ പരീക്ഷിക്കപ്പെടുമ്പോൾ, വൈദികന് ആത്മാവിനെ മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ, അതിനെ കൂടുതൽ അനുഭവജ്ഞാനവും അറിവുമുള്ള വൈദികന്റെ സമീപത്തേക്കു നയിക്കണം. അല്ലാത്തപക്ഷം, ആ ആത്മാവിന് ആവശ്യമായ പ്രകാശം നൽകാൻ അദ്ദേഹം സ്വയം പരിശീലനം നേടണം. അല്ലാതെ കുമ്പസാരം നിഷേധിക്കുകയല്ല ചെയ്യേണ്ടത്.

ഇപ്രകാരം ആത്മാവിനെ അദ്ദേഹം കൂടുതൽ അപകടത്തിലേക്കാണ് നയിക്കുന്നത്; ദൈവം ആഗ്രഹിക്കുന്ന പന്ഥാവിൽനിന്ന് ചില ആത്മാക്കൾ വഴിതെറ്റാൻ ഇടയാകും. ഇതു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, ഞാൻ തന്നെ ഇതനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രത്യേക കൃപ ഉണ്ടായിരുന്നിട്ടുകൂടിയും എനിക്ക് ഇടർച്ചയുണ്ടായിട്ടുണ്ട്. ദൈവം തന്നെ എന്നെ ധൈര്യപ്പെടുത്തിയിരുന്നിട്ടും സഭയുടെ ഒരു സ്ഥിരീകരണം ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നു.

(52)  രണ്ടാമത്തെ കാര്യം: ആത്മാവിനെ തുറന്നു സംസാരിക്കാൻ അനുവദിക്കാതെ, കുമ്പസാരക്കാരൻ അക്ഷമനാകുന്നു. അപ്പോൾ ആത്മാവ് നിശ്ശബ്ദത പാലിക്കുകയും (അതിനു പറയേണ്ടതെല്ലാം) തുറന്നുപറയാതിരിക്കുകയും ചെയ്യുന്നു. ഇതുവഴി ഒരു ഗുണവും ലഭിക്കാതെ പോകുന്നു. ആത്മാവിനെ മനസ്സിലാക്കാതെ, അതിനെ പരീക്ഷിക്കാൻ കുമ്പസാരക്കാരൻ ശ്രമിക്കുമ്പോൾ ഗുണത്തിനുപകരം ദോഷം ചെയ്യുന്നു. ആത്മാവിന് സഹായത്തിനുപകരം അദ്ദേഹം ഉപ്രദവം ചെയ്യുന്നു. ആത്മാവിന്റെ കൃപകളെക്കുറിച്ചോ അതിന്റെ പീഡകളെക്കുറിച്ചോ തുറന്നു സംസാരിക്കാൻ കുമ്പസാരക്കാരൻ അനുവദിക്കാത്തതുകൊണ്ട്, കുമ്പസാരക്കാരന്റെ അറിവില്ലായ്മ ആത്മാവ് മനസ്സിലാക്കുന്നു. അതിനാൽ, ഈ പരീക്ഷണം പൊരുത്തപ്പെടാത്തതാകുന്നു. ചിരിക്കാൻ വകതരുന്ന പല പരീക്ഷണങ്ങൾക്കും ഞാൻ അധീനപ്പെട്ടിട്ടുണ്ട്.

ഞാൻ കുറച്ചുകൂടി ഇപ്രകാരം വ്യക്തമാക്കാം: കുമ്പസാരക്കാരൻ ആത്മാവിന്റെ വൈദ്യനാണ്. രോഗത്തിന്റെ പ്രകൃതി വൈദ്യന് അറിഞ്ഞുകൂടെങ്കിൽ അദ്ദേഹം എങ്ങനെ അതിന് അനുയോജ്യമായ മരുന്നു കുറിക്കും? അദ്ദേഹത്തിന് ഒരിക്കലും അതു സാധ്യമല്ല. ഒന്നുകിൽ മരുന്ന് ഉദ്ദേശിക്കുന്ന ഫലം നൽകുന്നില്ല; അല്ലെങ്കിൽ മരുന്നിന്റെ കടുപ്പം കൂടി രോഗം മൂർച്ഛിക്കുന്നു. ചില സമയങ്ങളിൽ ദൈവംരക്ഷിക്കട്ടെ-മരണംതന്നെ സംഭവിക്കുന്നു. എന്റെ അനുഭവത്തിൽനിന്നാണു ഞാൻ പറയുന്നത്. എന്തെന്നാൽ, പല അവസരങ്ങളിലും കർത്താവുതന്നെയാണ് നേരിട്ട് എന്നെ താങ്ങിനിർത്തിയത്.

മൂന്നാമത്തെ കാര്യം: ചില അവസരങ്ങളിൽ കുമ്പസാരക്കാരൻ ചില കാര്യങ്ങൾ ലാഘവത്തോടെ എടുക്കുന്നു. ആത്മീയജീവിതത്തിൽ ചെറിയ കാര്യങ്ങൾ എന്നൊന്നില്ല. ചിലപ്പോൾ പ്രാധാന്യമില്ലെന്നു തോന്നുന്ന കാര്യങ്ങൾ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലേക്കു വഴിതെളിക്കും. അത് ആത്മാവിനെ മനസ്സിലാക്കാൻ വൈദികനെ വളരെ സഹായിക്കും. ചെറിയ കാര്യങ്ങളിൽ പരോക്ഷമായ ധാരാളം ആത്മീയ വെളിപ്പെടുത്തലുകൾ ഒളിഞ്ഞുകിടക്കും.

വളരെ ചെറിയ ഇഷ്ടികകളെ ഉപേക്ഷിച്ചുകളഞ്ഞാൽ ഒരിക്കലും അതിഗംഭീരമായ ഒരു കെട്ടിടം പണിയാൻ സാധിക്കുകയില്ല. ചില ആത്മാക്കളിൽനിന്ന് ദൈവം വലിയ വിശുദ്ധി ആവശ്യപ്പെടുന്നു, അതിനാൽ തങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി കൂടുതൽ അറിവ് നൽകുന്നു. സ്വർഗ്ഗീയ പ്രകാശത്താൽ പ്രകാശിതരായി ദൈവത്തിനു പ്രീതികരമായതും അല്ലാത്തതും ഏവയെന്ന് ആത്മാവിനു നല്ലവണ്ണം മനസ്സിലാക്കാൻ സാധിക്കുന്നു. അറിവിന്റെയും, ആത്മാവിലുള്ള വെളിച്ചത്തിന്റെയും അടിസ്ഥാനത്തിലാണ് പാപത്തിന്റെ ഗൗരവം കണക്കാക്കപ്പെടുന്നത്. ചെറിയ കുറ്റങ്ങളുടെ കാര്യത്തിലും അപ്രകാരംതന്നെ. കുമ്പസാരത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചെറിയ പാപമായി മാത്രം കണക്കാക്കപ്പെടുന്നു എന്ന് ആത്മാവ് അറിയുന്നു. എന്നിരുന്നാലും, വിശുദ്ധിക്കായി പരിശ്രമിക്കുന്ന ആത്മാവിന് ഈ ചെറിയ കാര്യങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്, കുമ്പസാരക്കാരൻ അതു നിസ്സാരമായി കരുതി തള്ളിക്കളയരുത്. കുമ്പസാരക്കാരന്റെ ക്ഷമയും ദയയും ആത്മാവിന്റെ ആന്തരികമായ രഹസ്യങ്ങളെ പുറത്തുകൊണ്ടുവരാൻ സഹായിക്കും. അറിയാതെതന്നെ, ആത്മാവ് അത്യഗാധമായ ആഴത്തെ വെളിപ്പെടുത്തുകയും, കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. കൂടുതൽ പ്രതിരോധിക്കാനും കഴിവു ലഭിക്കും. കൂടുതൽ ധൈര്യത്തോടെ പൊരുതാനും, കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാനും ശ്രമിക്കും. കാരണം, ഇതിനെല്ലാം താൻ ഉത്തരം പറയേണ്ടിവരുമെന്ന് അതിനറിയാം.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles