ദൈവം ആത്മീയ സഹനങ്ങള്‍ തരുന്നതോ അനുവദിക്കുന്നതോ?

ഖണ്ഡിക – 106
ഇതെല്ലാം ഭയപ്പെടുത്തുന്ന സംഭവങ്ങളാണെങ്കിലും, ഒരാത്മാവ് അത്ര ഭയപ്പെടേണ്ട കാര്യമില്ല. കാരണം, നമ്മുടെ ശക്തിക്കതീതമായി ദൈവം ആരെയും പരീക്ഷിക്കുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവിടുന്ന് ഒരിക്കലും ഇപ്രകാരമുള്ള സഹനങ്ങൾ തരുകയില്ല. എന്നാൽ, ഞാൻ ഇത് എഴുതുന്നത്, ഒരാത്മാവ് ഇപ്രകാരമുള്ള സഹനത്തിലൂടെ കടന്നുപോകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നെങ്കിൽ, അത് ഭയപ്പെടേണ്ടതില്ല എന്നു മനസ്സിലാക്കാനാണ്. ആത്മാവിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യത്തിലും ദൈവത്തോടുള്ള വിശ്വസ്തതയിൽ അതു നിലനിന്നാൽ മതി. ദൈവം സ്നേഹം തന്നെ ആയതിനാലും, ഈ അനന്തമായ സ്നേഹത്താൽ അതിനെ അസ്തിത്വത്തിലേക്ക് വിളിച്ചതിനാലും, ദൈവം ഒരു ഉപ്രദവും ആത്മാവിനു ചെയ്യുകയില്ല. എന്നാൽ, ഇപ്രകാരം പീഡിപ്പിക്കപ്പെട്ടപ്പോൾ, ഞാൻതന്നെ ഇതു മനസ്സിലാക്കിയില്ല.

ഖണ്ഡിക – 107
ഓ എന്റെ ദൈവമേ, ഞാൻ ഈ ലോകത്തിന്റേതല്ല എന്നു ഞാൻ അറിയുന്നു: ഓ നാഥാ, ഈ അഗാധമായ അറിവ് അങ്ങ് എന്റെ ആത്മാവിൽ ചൊരിഞ്ഞിരിക്കുന്നു. എന്റെ കടമകളിൽ ഒരു തരത്തിലും വീഴ്ച വരുത്തുന്നില്ലെങ്കിലും, ഭൂമിയെക്കാൾ സ്വർഗ്ഗവുമായിട്ടാണ് എന്റെ സംസർഗ്ഗം.

ഖണ്ഡിക – 108
ഈ സമയങ്ങളിൽ, എനിക്ക് ഒരാത്മീയ പിതാവില്ലായിരുന്നു; യാതൊരുവിധത്തിലുള്ള മാർഗ്ഗനിർദ്ദേശവും എനിക്കു ലഭിച്ചിരുന്നില്ല. ഞാൻ കർത്താവിനോടു യാചിച്ചു, എന്നാൽ അവിടുന്ന് ഒരു ആത്മീയ പിതാവിനെ എനിക്കു നൽകിയില്ല. എന്റെ ബാല്യം മുതൽ ഈ നിമിഷം വരെ എന്റെ ഗുരു ഈശോ ആയിരുന്നു.
എല്ലാ മരുഭൂമി അനുഭവങ്ങളിലും, എല്ലാ അപകടങ്ങളിലും അവിടുന്ന് എന്നെ നയിച്ചു. ഇപ്രകാരമുള്ള വലിയ ആപത്തുകളിലൂടെ അപകടം കൂടാതെ നയിക്കാനും അത്യധികമായ പ്രയാസങ്ങൾ എന്റെ ആത്മാവിനെ കളങ്കപ്പെടുത്താതെ വിജയകരമായി അതിജീവിപ്പിക്കാനും ദൈവത്തിനുമാത്രമേ സാധ്യമാകുകയുള്ളു എന്ന് ഞാൻ വ്യക്തമായി മനസ്സിലാക്കുന്നു. പിന്നീട്, ഒരു ആത്മീയ പിതാവിനെ കർത്താവ് എനിക്കു തന്നു.

ഖണ്ഡിക – 109
ഇപ്രകാരമുള്ള സഹനങ്ങൾക്കുശേഷം, ആത്മാവ് കൂടുതൽ ആത്മീയ വിശുദ്ധിയിലും ദൈവസാമീപ്യത്തിലും ആകുന്നു. എന്നാൽ ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു: ഈ ആത്മീയപീഡനകാലത്തും അത് ദൈവത്തോട് അടുത്തുതന്നെയാണെങ്കിലും അതിനെക്കുറിച്ച് ആത്മാവ് അന്ധമാണ്. സഹിക്കുന്ന ആത്മാവിന് ദൈവസാമീപ്യം ഏറ്റം കൂടുതലാണെങ്കിലും, അതിന്റെ ദർശനം അന്ധകാരത്തിൽ
മുഴുകിയിരിക്കുന്നതിനാൽ, ആത്മാവിന് ഇത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതിലാണ് എല്ലാ രഹസ്യവും അടങ്ങിയിരിക്കുന്നത്. യഥാർത്ഥത്തിൽ, ദൈവം ഉപേക്ഷിച്ചെന്നുമാത്രമല്ല, ദൈവകോപത്തിന് ഇരയായിത്തീർന്നു എന്നുകൂടി ആത്മാവ് പ്രഖ്യാപിക്കുന്നു.

എത്രവലിയ രോഗത്താലാണ് ആത്മാവിന്റെ നയനങ്ങൾ ദുരിതപ്പെടുന്നത്! ദൈവിക പ്രകാശത്താൽ ആവരണം ചെയ്യപ്പെടുമ്പോഴും, ഈ പ്രകാശം ഉള്ളതായി ആത്മാവിനു അനുഭവപ്പെടുന്നില്ല. കാരണം ഈ ദിവ്യപ്രകാശത്തിന്റെ ശോഭ ആത്മാവിന്റെ നയനങ്ങൾ അന്ധമാക്കിയിരിക്കുന്നു. എങ്കിലും, മറ്റു സന്ദർഭങ്ങളിൽ എന്നതിനെക്കാൾ ദൈവം ഈ നിമിഷങ്ങളിൽ ആത്മാവിനോട് ഏറ്റം അടുത്തായിരിക്കും, കാരണം ഇപ്രകാരമുള്ള പരീക്ഷണങ്ങളെ അതിജീവിക്കാൻ സാധാരണ കൃപകൊണ്ടുമാത്രം സാധ്യമല്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ദൈവത്തിന്റെ സർവ്വശക്തിയും അസാധാരണമായ കൃപയും ഇവിടെ പ്രവർത്തിച്ചില്ലെങ്കിൽ, ആത്മാവ് ആദ്യപരീക്ഷണത്തിൽത്തന്നെ അടിപ്പെട്ടുപോകും.

ഖണ്ഡിക – 110  
ഓ ദിവ്യഗുരുനാഥാ!, എന്റെ ആത്മാവിൽ സംഭവിക്കുന്നതെല്ലാം അങ്ങയുടെ മാത്രം പ്രവർത്തനങ്ങളാണ്. ഓ നാഥാ, ആത്മാവിനെ ഭയാനകമായ കിഴുക്കാതൂക്കായ പാറയുടെ മുനമ്പത്ത് നിർത്താനും അങ്ങേക്ക് ഭയമില്ല. അവിടെ അത് ആശങ്കപ്പെട്ടും ഭയന്നും നിൽക്കുന്നു; വീണ്ടും അങ്ങ് അതിനെ തന്നിലേക്കുതന്നെ അടുപ്പിക്കുന്നു. ഇതെല്ലാം അങ്ങയുടെ അചിന്ത്യമായ രഹസ്യങ്ങളാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles