ഫൗസ്റ്റീന സമര്‍പ്പണം നടത്തിയപ്പോള്‍ ഭയാനക പീഡകള്‍ അവളെ വിട്ടുപോകുന്നു

78

ഒരിക്കൽ ഇപ്പ്രകാരമുള്ള ഭയാനകമായ പീഡകളാൽ   ഞെരുങ്ങിയപ്പോൾ, ചാപ്പലിൽ പോയി ഞാൻ ഹൃദയമുരുകി പ്രാർത്ഥിച്ചു, “ഓ ഈശോയെ, അങ്ങേക്കിഷ്ടമുള്ളത് എന്നോട് ചെയ്തുകൊള്ളുക; എല്ലാറ്റിനും ഞാൻ അങ്ങയെ പുകഴ്ത്തും. അവിടുത്തെ തിരുമനസ്സ് എന്നിൽ നിറവേറട്ടെ. ഓ എന്റെ കർത്താവേ, എന്റെ ദൈവമേ, അങ്ങയുടെ അനന്തമായ കരുണയെ ഞാൻ പുകഴ്ത്തും.” ഈ സമർപ്പണം മൂലം ഭയാനകമായ പീഡകൾ എന്നെ വിട്ടുപോയി പോയി. പെട്ടെന്ന് ഞാൻ ഈശോയെ കണ്ടു. അവിടുന്ന് എന്നോട് പറഞ്ഞു: ഞാൻ എപ്പോഴും നിന്റെ ഹൃദയത്തിലുണ്ട്. അഗ്രാഹ്യമായ ഒരു ആനന്ദം എന്റെ ആത്മാവിൽ നിറഞ്ഞു, ദൈവസ്നേഹത്തിന്റെ ആധിക്യത്താൽ എന്റെ ഹൃദയം ജ്വലിച്ചു. നമ്മുടെ ശക്തിക്കതീതമായി ദൈവം ഒരിക്കലും നമ്മെ പരീക്ഷിക്കുകയില്ലെന്നു ഞാൻ മനസ്സിലാക്കി.

ഓ, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ദൈവം ഒരാത്മാവിന് ഇപ്പ്രകാരമുള്ള വലിയ സഹനങ്ങൾ അയയ്ക്കുമ്പോൾ, അതിനെ അതിജീവിക്കാനുള്ള വലിയ കൃപകളും അവിടുന്നു നൽകുന്നു. നാം അതു മനസ്സിലാക്കുന്നില്ലെന്നെയുള്ളു. ആ സമയങ്ങളിൽ ചെയ്യുന്ന ഒരു ശരണത്തിന്റെ പ്രവർത്തിവഴി ദൈവത്തിനു വലിയ മഹത്വം ലഭിക്കുന്നു. സമാശ്വാസത്തോടെ പ്രാർത്ഥനകളിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിനേക്കാൾ ഫലദായകമാണിത്. ദൈവം ഒരു ആത്മാവിനെ അന്ധകാരത്തിൽ സൂക്ഷിക്കുന്നതിനു ആഗ്രഹിക്കുന്നെങ്കിൽ  ഒരു പുസ്തകത്തിനോ ഏതെങ്കിലും കുമ്പസാരക്കാരനോ ആ ആത്മാവിനെ പ്രകാശത്തിലേക്ക് ആനയിക്കുവാൻ സാധിക്കുകയില്ല.

79

(34)    ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എന്റെ ആത്മാവിനെയും ശരീരത്തെയും ജീവിതത്തെയും എന്റെ മരണത്തെയും മരണാനന്തര അവസ്ഥകളെയും നിനക്ക് ഞാൻ സമർപ്പിക്കുന്നു. എല്ലാം നിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ഓ എന്റെ അമ്മേ, അങ്ങേ പരിശുദ്ധമായ മേലങ്കിയാൽ എന്റെ ആത്മാവിനെ പൊതിയണമേ. എന്റെ ഹൃദയവും ആത്മാവും ശരീരവും വിശുദ്ധിയാൽ നിറയ്ക്കണമേ. ശത്രുക്കളിൽനിന്ന് പ്രത്യേകിച്ച് വിശുദ്ധിയുടെ മുഖംമൂടി ധരിച്ച അസ്സൂയാലുക്കളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. ഓ മനോജ്ഞമായ ലില്ലിപ്പുഷ്പമേ! അങ്ങ് എനിക്ക് ഒരു ദർപ്പണമാണ്. ഓ എന്റെ അമ്മേ!

80

ഓ ഈശോയെ, സ്നേഹത്തിന്റെ ദിവ്യതടവുകാരാ, അങ്ങേ സ്നേഹത്തെപ്പറ്റി ഓർക്കുമ്പോൾ, അങ്ങ് എനിക്കുവേണ്ടി എത്രമാത്രം ശൂന്യവൽക്കരിക്കുന്നു എന്നറിയുമ്പോൾ, എനിക്കു മനസ്സിലാക്കാൻ പറ്റുന്നതിനും അപ്പുറമാണത്. അങ്ങേ അഗ്രാഗ്യമായ പ്രഭാവം മറച്ചുകൊണ്ട്, നികൃഷ്ടയായ എന്നിലേക്ക് അങ്ങ് അങ്ങയെതന്നെ താഴ്ത്തി. ഓ മഹത്വത്തിന്റെ രാജാവേ! അങ്ങയുടെ പ്രാതാപം അങ്ങു മറയ്ക്കുന്നെങ്കിലും, എന്റെ ആത്മാവ് ആ വിരിമാറ്റി കാണുന്നു. മാലാഖാവൃന്ദങ്ങൾ അങ്ങേ മഹത്വം നിരന്തരം ഉദ്ഘോഷിക്കുന്നതും, സ്വർഗീയശക്തികൾ അനവരതം അങ്ങയെ പുകഴ്ത്തുന്നതും ഞാൻ കാണുന്നു. അവർ “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് ഇടവിടാതെ ഉദ്ഘോഷിക്കുന്നു.

ഓ ആര് അങ്ങയുടെ സ്നേഹവും ഞങ്ങളോടുള്ള അങ്ങയുടെ അപരിമേയമായ കരുണയും മനസ്സിലാക്കും! ഓ സ്നേഹത്തിന്റെ തടവുകാരാ! എന്റെ എളിയ ഹൃദയത്തെ ഇൗ സക്രാരിയിൽ ഞാൻ ബന്ധിക്കുന്നു. രാവും പകലും, നിരന്തരം അത് അങ്ങയെ പുകഴ്ത്തട്ടെ. ഇൗ ആരാധനയ്ക്ക് ഞാൻ ഒരു തടസ്സവും കാണുന്നില്ല. ശാരീരികമായി ഞാൻ അങ്ങിൽ നിന്നകലെയാണെങ്കിലും എന്റെ ഹൃദയം അങ്ങയോടൊത്തായിരിക്കും. ഒന്നിനും അങ്ങയോടുള്ള എന്റെ സ്നേഹത്തെ നിഷ്പ്രഭമാക്കാൻ സാധിക്കുകയില്ല. ഒരു തടസ്സവും എന്നെ ബാധിക്കുകയില്ല. ഓ എന്റെ ഈശോയെ, അങ്ങ് അനുഭവിക്കുന്ന എല്ലാ നന്ദിഹീനതകൾക്കും

ദൈവദൂഷണങ്ങൾക്കും അവഗണനകൾക്കും ദുഷ്ടരുടെ വിദ്വേഷത്തിനും നിന്ദാപമാനങ്ങൾക്കും ഞാൻ അങ്ങയെ ആശ്വസിപ്പിക്കാം. ഓ ഈശോയെ, ഒരു വിശുദ്ധബലിയായ് എരിഞ്ഞുതീരണമെന്നും, അങ്ങയുടെ രഹസ്യസിംഹാസനത്തിനു മുമ്പിൽ എരിഞ്ഞടങ്ങണമെന്നും, ഞാൻ ആഗ്രഹിക്കുന്നു. മരണാസന്നരായ നിരാലംഭരായ പാപികൾക്കുവേണ്ടി ഞാൻ നിരന്തരം അങ്ങയോടു യാചിക്കുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles