സി. ഫൗസ്റ്റീനയുടെ സംശയം അകറ്റാന്‍ കര്‍ത്താവ് നല്കിയ അടയാളം

(31) ഞങ്ങളുടെ ഒരു വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം

74 ഒരു ദിവസം കരുണയുടെ തിരുനാള്‍ സ്ഥാപിതമാകാനും, കരുണയുടെ ഈശോയുടെ ഛായാചിത്രം വരയ്ക്കാനും വേണ്ട നടപടികളെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. എന്തോ ഒരു ശക്തി എന്നില്‍ ആവസിച്ചു. എങ്കിലും തെറ്റിദ്ധരിക്കപ്പെടുമെന്നു ഞാന്‍ ഭയന്നു. എന്നാല്‍, ഈ സംശയങ്ങളെല്ലാം പുറമെനിന്നാണു വന്നുകൊണ്ടിരുന്നത്. എന്തെന്നാല്‍, എന്റെ ആത്മാവിന്റെയുള്ളില്‍ ഈ ശക്തിയെല്ലാം എന്റെ കര്‍ത്താവില്‍നിന്നാണെന്നു ഞാനറിഞ്ഞിരുന്നു. അന്നു ഞാന്‍ കുമ്പസാരത്തിനായി സമീപിച്ചിരുന്ന വൈദികന്‍ ഇത്തരത്തിലുള്ള ചിന്തകള്‍ മയാദര്‍ശനങ്ങള്‍ ആകാമെന്നു പറഞ്ഞു. എന്റെ കുമ്പസാരം ശ്രവിക്കാന്‍ അദ്ദേഹത്തിനു ഭയമാണെന്നുപോലും എനിക്കു തോന്നി. അതെനിക്കു വലിയ സഹനമായിരുന്നു.

മനുഷ്യരില്‍നിന്നു കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍, എല്ലാ അധ്യാപകരെക്കാളും വലിയവനായ ഈശോയിലേക്കു ഞാന്‍ കൂടുതല്‍ അടുത്തു. ഒരിക്കല്‍, ഞാന്‍ കേള്‍ക്കുന്ന ശബ്ദം കര്‍ത്താവിന്റെയാണോ അല്ലയോ എന്ന സംശയം എന്നിലുദിച്ചപ്പോള്‍, ഞാന്‍ വാക്കുകളില്ലാതെ ഈശോയോട് ഉള്ളില്‍ സംസാരിച്ചു. പെട്ടെന്ന് ഒരു ശക്തിയാല്‍ നിറഞ്ഞ് ഞാന്‍ പറഞ്ഞു: ‘എന്നോടു ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നത് സത്യമായും എന്റെ ദൈവമാണെങ്കില്‍, ഓ കര്‍ത്താവേ, ഈ വിദ്യാര്‍ത്ഥിനി ഇന്നുതന്നെ കുമ്പസാരിക്കണമെന്നു ഞാന്‍ യാചിക്കുന്നു. അത് ഞാന്‍ സ്ഥിരീകരണത്തിന്റെ അടയാളമായി കരുതും.’ ആ നിമിഷം തന്നെ കുമ്പസാരിക്കാനായി പോകാന്‍ ആ കുട്ടി ആവശ്യപ്പെട്ടു.

ക്ലാസിന്റെ ചുമതല വഹിച്ചിരുന്ന മദര്‍ പെട്ടെന്ന് ആ കുട്ടിയിലുണ്ടായ വ്യത്യാസം കണ്ട് അത്ഭുതപ്പെട്ടു. എന്നാല്‍, അവര്‍ ഉടനെതന്നെ ഒരു വൈദികനെ വിളിച്ചുകൊണ്ടുവരികയും, വളരെ അനുതാപത്തോടെ ആ കുട്ടി കുമ്പസാരിക്കുകയും ചെയ്തു. ആ സമയംതന്നെ, എന്റെയുള്ളില്‍ ഒരുസ്വരം ഞാന്‍ കേട്ടു. ഇപ്പോള്‍ നീ എന്നെ വിശ്വസിക്കുന്നുവോ? ഒരിക്കല്‍ക്കൂടി ഒരു പ്രത്യേക ശക്തി എന്റെ ആത്മാവില്‍ വ്യാപരിച്ചു. അത് എന്നെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്തു. ഒരു നിമിഷത്തേക്കാണെങ്കില്‍പ്പോലും സംശയിച്ചതില്‍ ഞാന്‍ വിസ്മയം പൂണ്ടു.

75
എന്നാല്‍ ഈ സംശയങ്ങള്‍ എപ്പോഴും പുറമെനിന്നാണ് വന്നിരുന്നത്. അതിനാല്‍, ഞാന്‍ കൂടുതലായി എന്നിലേക്ക് ഉള്‍വലിഞ്ഞു. കുമ്പസാരസമയത്ത് വൈദികന് എന്തെങ്കിലും സംശയം തോന്നിയാല്‍ ഞാന്‍ ഉള്ളുതുറന്ന് സംസാരിച്ചിരുന്നില്ല, പാപംമാത്രം ഏറ്റുപറഞ്ഞിരുന്നു. തന്നില്‍ത്തന്നെ സമാധാനമില്ലാത്ത വൈദികന് മറ്റൊരാള്‍ക്കു സമാധാനം നല്‍കാന്‍ സാധിക്കുകയില്ല.

ഓ വൈദികരേ, നിങ്ങള്‍ മനുഷ്യാത്മാക്കളെ പ്രകാശിപ്പിക്കുന്ന, പ്രശോഭിക്കുന്ന തിരികളാണ്. നിങ്ങളുടെ ശോഭ ഒരിക്കലും മങ്ങിപ്പോകാതിരിക്കട്ടെ. എന്റെ ആത്മാവിനെ പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ ദൈവം അപ്പോള്‍ തിരുമനസ്സായില്ല. പിന്നീട്, ദൈവം ആ കൃപ എനിക്കു തന്നു.

76
(32) ഓ എന്റെ ഈശോയെ, എന്റെ മനസ്സിനെ നിയന്ത്രിക്കണമേ. എന്നെ മുഴുവനും അങ്ങ് ഏറ്റെടുത്ത് അങ്ങയുടെ ഹൃദയത്തിന്റെ ആഴത്തില്‍ അടക്കംചെയ്യണമെ. ശത്രുവിന്റെ ആക്രമണത്തില്‍നിന്ന് എന്നെ സംരക്ഷിക്കണമെ. അങ്ങാണ് എന്റെ ഏക ആശ്രയം. പ്രതിഭകളോടും ജ്ഞാനികളോടുംകൂടെയായിരിക്കുമ്പോള്‍ നികൃഷ്ടയായ എന്റെ നാവിലൂടെ അങ്ങു സംസാരിക്കണമെ. അങ്ങനെ ഈ പ്രവര്‍ത്തനങ്ങള്‍ അങ്ങയുടേതും അങ്ങില്‍നിന്നുമാണെന്ന് അവര്‍ മനസ്സിലാക്കട്ടെ.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles